ad
Deshabhimani

വിറ്റുവരവ്‌ 191.79 കോടി: കെടിഡിസി പ്രവർത്തനലാഭത്തിൽ

ktdc
avatar
സ്വന്തം ലേഖകൻ

Published on Mar 02, 2025, 04:30 AM | 1 min read

തിരുവനന്തപുരം: കേരള ടൂറിസം വികസന കോർപ്പറേഷൻ (കെടിഡിസി) പ്രവർത്തനലാഭം നേടിയതായി ചെയർമാൻ പി കെ ശശി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിസന്ധിക്കാലത്തും ജീവനക്കാരെ ചേർത്തുപിടിക്കുകയാണ്‌ ചെയ്തതെന്നും പുതിയ പദ്ധതികൾ ഏറ്റെടുത്തതും നവീകരണവും വലിയ സ്വീകാര്യതയും വരുമാന ലഭ്യതയുമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.


2023–24ൽ 191.79 കോടി വിറ്റുവരവും 13.76 കോടി രൂപ പ്രവർത്തനലാഭവും നേടി. 2022–23ൽ 186.94 കോടി വിറ്റുവരവും 12.96 കോടി പ്രവർത്തനലാഭവും നേടി. 2018–19മുതൽ 2021–22വരെ പ്രളയം, കോവിഡ്‌, ഓഖി തുടങ്ങിയ പ്രതിസന്ധികൾമൂലം 150 കോടിയുടെ നഷ്ടമുണ്ടായി. നിലവിൽ നിരവധി വികസന പദ്ധതികൾ നടപ്പാക്കിവരികയാണ്‌. 39.42 കോടി ചെലവിട്ടുള്ള മുഴുപ്പിലങ്ങാട്‌ ത്രീ സ്‌റ്റാർ റിസോർട്ടിന്റെ നിർമാണം അവസാനഘട്ടത്തിലാണ്‌.


ചെന്നൈയിലെ കെടിഡിസി റെയിൻ ഡ്രോപ്‌സിൽ 4.55 കോടിയുടെ വികസനപദ്ധതി നടക്കുന്നു. 13 മുറികൾ നവീകരിച്ച്‌ തുറന്നുകൊടുത്തു. കന്യാകുമാരിയിൽ പുതിയ റിസോർട്ട്‌ നിർമാണവും മൂന്നാറിലെ ടീ കൗണ്ടിയുടെ നവീകരണവും അവസാന ഘട്ടത്തിലാണ്‌. കൊച്ചി ബോൾഗാട്ടി പാലസിൽ കാരവൻ പാർക്കും സജ്ജമാകുന്നു. കെടിഡിസിയിൽ അനധികൃത നിയമനമെന്ന വാർത്ത വസ്തുതാവിരുദ്ധമാണ്‌. പുതുതായി തസ്‌തിക സൃഷ്ടിച്ചിട്ടില്ല. നിലവിലുള്ള തസ്‌തികയുടെ ചുമതല കൈമാറിയതുവഴി ശമ്പളം പകുതിയായി കുറയ്‌ക്കുകയാണുണ്ടായത്‌. മാസം അമ്പതിനായിരം രൂപയ്‌ക്കുമുകളിൽ ലാഭിക്കാനായെന്നും അദ്ദേഹം പറഞ്ഞു. കെടിഡിസി എംഡി ശിഖ സുരേന്ദ്രനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home