ad
Deshabhimani

print edition അറുമുഖം പോയി, കാഞ്ചനയ്ക്ക് 
‘തണലൊരുക്കി' അധികൃതർ

കാഞ്ചന

കാഞ്ചന

വെബ് ഡെസ്ക്

Published on Jun 15, 2026, 12:01 AM | 1 min read

തിരുവനന്തപുരം: തന്നെ തനിച്ചാക്കി അറുമുഖം യാത്രയായെന്ന വിവരമറിഞ്ഞപ്പോൾ ആശുപത്രി ഐസിയുവിനുമുന്നിലെ കസേരയിൽ കാഞ്ചന തളർന്നിരുന്നു. നാലുവർഷംമുമ്പ് മകൻ യാത്രയാകുമ്പോൾ ദുഃഖം പങ്കുവയ്ക്കാൻ ഭർത്താവ് ഒപ്പമുണ്ടായിരുന്നെങ്കിൽ, ഇപ്പോൾ പൂർണമായും തനിച്ചായ കാഞ്ചനയെ ആശുപത്രി അധികൃതർ ചേർത്തുനിർത്തി. അപകടത്തെ തുടർന്ന് കാലിൽ കമ്പിയിട്ട കാഞ്ചനയ്‌ക്ക്‌ വാക്കറിന്റ സഹായമില്ലാതെ നടക്കാനാകില്ല. എങ്ങനെ മൃതദേഹം സംസ്‌കരിക്കുമെന്ന ആശങ്കയിലിരുന്നപ്പോൾ ആശുപത്രി അധികൃതർ കൈപിടിച്ചു. തൈക്കാട് ശാന്തികവാടത്തിൽ സൗജന്യമായി സംസ്കരിക്കാൻ മെഡിക്കൽ കോളേജ് പൊലീസിന്റെ സഹായത്തോടെ ക്രമീകരണമൊരുക്കി.


തമിഴ്‌നാട്ടിൽനിന്ന്‌ കുടിയേറി, പത്തുവർഷമായി തിരുവനന്തപുരം വലിയതുറയിലായിരുന്നു അറുമുഖവും കുടുംബവും താമസം. അറുപതുകാരനായ അറുമുഖത്തെ ആമാശയ അർബുദവും ഹൃദ്‌രോഗവുമാണ്‌ തളർത്തിയത്. അർബുദത്തിന്‌ വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തി. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന്‌ വെള്ളിയാഴ്ച മരിക്കുകയായിരുന്നു.


ഭർത്താവിന്റെ വിയോഗത്തോടെ ഉറ്റവരില്ലാതെ നഗരത്തിൽ തനിച്ചായ കാഞ്ചനയ്ക്ക് ആശുപത്രി അധികൃതർ തണലൊരുക്കി. കല്ലയം നെടുമ്പാറയിലുള്ള ‘തണൽ കന്യ വീട്' ഇനി കാഞ്ചനയ്ക്ക്‌ പുതിയ വീടാകും. ആശുപത്രി സൂപ്രണ്ട് ഡോ. ജയചന്ദ്രൻ, സർജറി വിഭാഗം അസോ. പ്രൊഫസർ ഡോ. ജോബി ജോൺ, ആർഎംഒ ഡോ. അനൂപ്, സീനിയർ നഴ്സിങ്‌ ഓഫീസർ എച്ച് ഷാനിഫാ ബീവി, സെക്യൂരിറ്റി ഓഫീസർ അശോകൻ, മോർച്ചറി സുരക്ഷാ ജീവനക്കാരൻ കണ്ണൻ എന്നിവരുടെ ഇടപെടലിലാണ്‌ കാഞ്ചനയ്ക്ക്‌ പുതുജീവിതത്തിന്‌ തണലൊരുക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home