ad
Deshabhimani

മൺസൂണിൻ്റെ മടിയിൽ കരുതൽ തേടി 'അൻപ്'; തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയ അതിഥി

CHILD- BABY

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 05, 2026, 08:19 AM | 1 min read

തിരുവനന്തപുരം: അമ്മമനസ്സിന്റെ കരുതലുമായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിലേക്ക് വീണ്ടും ഒരു പുതിയ അതിഥിയെത്തി. നിലവിൽ ചെറിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ കുഞ്ഞിനെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ വിദഗ്ദ്ധ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


കുഞ്ഞിന് ആവശ്യമായ എല്ലാ മികച്ച ചികിത്സയും പരിചരണവും സമിതിയുടെ നേതൃത്വത്തിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം 4.44-നാണ് എട്ട് ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് അമ്മത്തൊട്ടിലിന്റെ സുരക്ഷിതത്വത്തിലേക്ക് എത്തിയത്. സ്നേഹത്തിന്റെ പ്രതീകമായി ഈ കുഞ്ഞിന് ‘അൻപ്’ എന്ന് പേരിട്ടു. ഈ വർഷം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന എട്ടാമത്തെ കുഞ്ഞാണിത്.



കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് :


മൺസൂണിൻ്റെ മടിയിൽ കരുതൽ തേടി "അൻപ്";

കനത്ത മൺസൂൺ മഴ പെയ്തൊഴിയാതെ നിൽക്കുമ്പോൾ, തിരുവനന്തപുരം അമ്മത്തൊട്ടിലിൽ വീണ്ടും ഒരു കുരുന്നിൻ്റെ കരച്ചിൽ കേട്ടു. വെറും നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ്, മഴയുടെ താളത്തിനൊപ്പം ബുധനാഴ്ച വൈകുന്നേരം 4.44-ന് ഈ ആൺകുഞ്ഞ് പൊറ്റമ്മമാരുടെ നെഞ്ചിലേക്ക് ചേക്കേറിയത്. ഏകദേശം 8 ദിവസം പ്രായമുള്ള ഈ പുതിയ അതിഥിക്ക് "അൻപ്" എന്ന് പേരിട്ടു.

മൺസൂൺ കാലത്ത് മഴ നനയാത്തവർ ആരുമില്ല, എന്നാൽ അമ്മതൊട്ടിലിൽ എത്തുന്ന ഓരോ "അൻപും" നമ്മുടെ മനസാക്ഷിയെ നനയ്ക്കാനാണ്. കഴിഞ്ഞ വെള്ളിയാഴ്ചയെത്തിയ 'മേഘ്മൽഹാറിൻ്റെ' നോവ് മാറുന്നതിന് മുൻപാണ്, ഈ വർഷത്തെ എട്ടാമത്തെ കുഞ്ഞായി അൻപ് തിരുവനന്തപുരത്ത് എത്തുന്നത്. നിലവിൽ ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ കുഞ്ഞ് എസ്.എ.ടി ആശുപത്രിയിൽ വിദഗ്ദ്ധ നിരീക്ഷണത്തിലാണ്.

കോഴിക്കോട്ട് "ഹരിതാംശ്" 🌿

ഇതേ ദിവസം തന്നെ കോഴിക്കോട് അമ്മത്തൊട്ടിലിലും ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ലഭിക്കുകയുണ്ടായി. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ആ മകന് "ഹരിതാംശ്" എന്നാണ് പേരിട്ടിരിക്കുന്നത്.

2023 മെയ് മുതൽ കഴിഞ്ഞ 3 വർഷത്തിനിടയിൽ സംസ്ഥാനത്തെ അമ്മത്തൊട്ടിലുകൾ വഴി മാത്രം സമിതിയുടെ കരുതലിലേക്ക് എത്തിയത് 108 കുട്ടികളാണ്. (ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത് - 65 പേർ).





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home