print edition ഓപ്പറേഷൻ തിയറ്ററിൽ ‘ട്രിപ്പിൾ സുരക്ഷ’: ശസ്ത്രക്രിയക്ക് പുതിയ മാർഗനിർദേശം


സ്വന്തം ലേഖകൻ
Published on Apr 21, 2026, 10:42 PM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ ശസ്ത്രക്രിയാ സുരക്ഷ കർശനമാക്കാൻ ആരോഗ്യവകുപ്പ് പുതിയ മാർഗനിർദേശം (സർജിക്കൽ പ്രോട്ടോക്കോൾ) പുറത്തിറക്കി. രോഗിയുടെ വിവരം ഉറപ്പുവരുത്താൻ റിസ്റ്റ് ബാൻഡ്, ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി സ്കിൻ മാർക്കർ ഉപയോഗിച്ച് അടയാളപ്പെടുത്തൽ, ഉപകരണങ്ങളുടെ എണ്ണം രേഖപ്പെടുത്തുക തുടങ്ങിയവയാണ് പ്രധാന നിർദേശം. ഇതടക്കം ഓപ്പറേഷൻ തിയേറ്ററിലെ നടപടികളെ സൈൻ ഇൻ, ടൈം ഔട്ട്, സൈൻ ഔട്ട് എന്നിങ്ങനെ മൂന്ന് ഘട്ടമായി തിരിച്ചു.
രോഗിയെ തിയേറ്ററിലേക്ക് കൊണ്ടുവന്നശേഷം അനസ്‌തേഷ്യ നൽകുന്നതിന് മുമ്പുള്ള ഘട്ടമാണ് സൈൻഇൻ. രോഗിയുടെ പേര്, ഐപി നമ്പർ, ജനനത്തീയതി, ഓപ്പറേഷൻ ഭാഗം, അണുബാധ നിയന്ത്രണം എന്നിവ പരിശോധിച്ച് ഉറപ്പാക്കണം. മരുന്നുകളുടെ അലർജി വിവരം കേസ് ലിസ്റ്റ് നോക്കി വ്യക്തതവരുത്തിയ ശേഷംമാത്രം അനസ്‌തേഷ്യ നൽകുന്നതാണ് ഇൗ ഘട്ടം. ശസ്ത്രക്രിയയ്ക്ക് മുമ്പ് സർജൻ അതേക്കുറിച്ച് ടെക്നീഷ്യൻ,അനസ്‌തേഷ്യ ടീം,നഴ്സുമാർ, എന്നിവരോട് സംസാരിക്കുന്ന ഘട്ടമാണ് ടൈംഔട്ട്. ഇൗ ഘട്ടത്തിൽ വീണ്ടും രോഗിയുടെ വിവരങ്ങൾ പരിശോധിക്കണം. ശസ്ത്രക്രിയക്കുശേഷം രോഗിയെ മാറ്റുന്ന ഘട്ടമാണ് സൈൻഔട്ട്. ശസ്ത്രക്രിയ ഉപകരണങ്ങൾ, ഡിസ്‌പോസ് ചെയ്ത വസ്തുക്കളുടെയും രക്തംതുടയ്ക്കുന്ന തുണി എന്നിവയുടെയും കണക്കെടുപ്പ് നടത്തണം. ശസ്ത്രക്രിയക്ക് മുമ്പ് വൈറ്റ് ബോർഡിൽ ശസ്ത്രക്രിയ സാമഗ്രികളുടെ പേരും എണ്ണവും രേഖപ്പെടുത്തണം. ശസ്ത്രക്രിയക്കുശേഷം അതുനോക്കി ഉറപ്പാക്കി ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണം.
രാജ്യത്ത് ശസ്ത്രക്രിയാ പിഴവ് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം വികസിത രാജ്യങ്ങളിൽ 10 ശതമാനം പിഴവുണ്ടാകുന്നുണ്ട്. കേരളത്തിലിത് 0.2 ശതമാനത്തിൽ താഴെയാണ്.
മറ്റ് നിർദേശങ്ങൾ
• ശസ്ത്രക്രിയക്ക് മുമ്പ് രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ ഡോക്ടറും നഴ്സും പരിശോധിച്ച് ഉറപ്പാക്കണം. വാർഡ് ഡോക്ടറും നഴ്സ് ഇൻ ചാർജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം. തിയറ്റർ നഴ്സിങ് ഓഫീസർ ഇത് വീണ്ടും പരിശോധിച്ച് ഒപ്പിട്ട ശേഷമേ രോഗിയെ പ്രവേശിപ്പിക്കാവൂ
• ശസ്ത്രക്രിയക്ക് മുമ്പ് രോഗിയുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്തണം
• ശസ്ത്രക്രിയക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുത്










0 comments