ഇലന്തൂർ നരബലിക്കേസിൽ വിചാരണ ആരംഭിച്ചു

ഇലന്തൂർ ആഭിചാര കൊലപാതക കേസിൻ്റെ വിചാരണക്കായി പ്രതികളെ കോടതിയിൽ എത്തിച്ചപ്പോൾ
കൊച്ചി: ഇലന്തൂർ നരബലിക്കേസിൽ വിചാരണ ആരംഭിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് കോടതി അഞ്ചിലാണ് നടപടിക്രമങ്ങൾ തുടങ്ങിയത്. തമിഴ്നാട് സ്വദേശി പത്മയുടെ കൊലപാതകത്തിലാണ് വിചാരണ നടക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയാണ് ഒന്നാംപ്രതി. ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽസിങ്, ഭാര്യ ലൈല എന്നിവർ രണ്ടും മൂന്നും പ്രതികൾ. ഷാഫിയാണ് സൂത്രധാരൻ.
2022 സെപ്‌തംബർ 16നാണ് പത്മയെ ഇലന്തൂരിൽ എത്തിച്ച് കൊലപ്പെടുത്തിയത്. അതിക്രൂരമായി കൊന്നശേഷം 56 കഷണങ്ങളാക്കി ഭഗവൽസിങ്ങിന്റെ ഇലന്തൂരിലെ പുരയിടത്തിൽ കുഴിച്ചിടുകയായിരുന്നു. ഒക്ടോബർ 11ന് മൂന്നു പ്രതികളുടെയും അറസ്‌റ്റ് രേഖപ്പെടുത്തി.
പത്മയുടെ കൊലപാതകക്കേസിൽ 166 സാക്ഷികളും 147 തെളിവുകളും 307 തെളിവുരേഖകളും അടങ്ങിയ 1600 പേജുള്ള കുറ്റപത്രം 2023 ജനുവരിയിലാണ് സമർപ്പിച്ചത്. കുറ്റപത്രത്തിൽ ഐപിസി 302 (കൊലപാതകത്തിനുള്ള ശിക്ഷ), 397 (മരണമോ ഗുരുതരമായ പരിക്കോ ഉണ്ടാക്കാൻ ശ്രമിക്കുന്ന കവർച്ച, കൊള്ള) എന്നീ വകുപ്പുകൾകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.










0 comments