ജെല്ലിഫിഷുകൾ പെരുകുന്നു: വലവയ്‌ക്കാനാകാതെ മത്സ്യത്തൊഴിലാളികൾ

സ്വന്തം ലേഖിക
Published on Aug 20, 2026, 07:48 AM | 1 min read
കൊല്ലം : കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം തീരങ്ങളിൽ ജെല്ലി ഫിഷുകൾ (കടൽച്ചൊറി)വർധിക്കുന്നതിനാൽ വലവയ്‌ക്കാനാകാതെ മത്സ്യത്തൊഴിലാളികൾ. നൂറുകണക്കിനു ജെല്ലിഫിഷാണ് വലകളിൽ കുടുങ്ങുന്നത്. മത്സ്യസന്പത്ത്, വിനോദസഞ്ചാരം എന്നിവയെയും ഇവ പ്രതികൂലമായി ബാധിക്കുന്നു. പ്രദേശികമായി കാന്തച്ചൊറി എന്ന് അറിയപ്പെടുന്ന ജെല്ലിഫിഷാണ് ഇപ്പോൾ തെക്കൻ കേരളത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. 90ശതമാനം വെള്ളം നിറഞ്ഞ ജെല്ലിഫിഷുകൾ കൂട്ടത്തോടെ വലയിൽ കയറുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. വലപൊട്ടിച്ചാണ് ഇവയെ കളയേണ്ടിവരിക. ആഗസ്ത് മുതൽ സെപ്‌തംബർ വരെ കൂട്ടത്തോടെ എത്തുന്ന ഇവ പലപ്പോഴും ‘ബ്ലൂം’ പ്രതിഭാസത്തിനുമിടയാക്കുന്നു.
കടൽച്ചൊറികളിൽ ചിലത് ശരീരവുമായി സന്പർക്കത്തിലായാൽ ചൊറിച്ചിലും നീറ്റലും ഉണ്ടാക്കാറുണ്ട്. ഇക്കാരണത്താൽ കടലിൽ കുളിക്കാൻ കഴിയാത്തത് വിനോദസഞ്ചാരമേഖലയെയും ബാധിക്കുന്നു. മീനുകളുടെ ലാർവയെ ഇവ ഭക്ഷിക്കുന്നത് മത്സ്യസന്പത്തിനും പ്രതികൂലമാണ്. സമുദ്രത്തിൽ വരുന്ന മാറ്റവും ഇരപിടിയന്മാരായ കടലാമകൾ, വലിയ മത്സ്യങ്ങൾ എന്നിവയുടെ കുറവും ജെല്ലിഫിഷുകളുടെ വർധനയ്ക്ക് ഇടയാക്കുന്നതായി കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം അധികൃതർ പറയുന്നു.









0 comments