ad
Deshabhimani

പത്താംക്ലാസ് വിദ്യാർഥികൾ പ്രിൻസിപ്പലിനെ കുത്തിക്കൊന്നു; "ബാബു" എന്ന് വിളിച്ചത് വഴിത്തിരിവായി

Roopa Reddy

രൂപ റെഡ്ഡി

വെബ് ഡെസ്ക്

Published on Aug 20, 2026, 08:56 AM | 2 min read

ഹൈദരാബാദ്: തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പത്താം ക്ലാസ് വിദ്യാർഥികൾ അറസ്റ്റിൽ. നൽഗോണ്ട ജില്ലയിലെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലാ രൂപ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. വിദ്യാർഥികളിൽനിന്ന് പണവും കണ്ടെടുത്തു.


ആ​ഗസ്ത് 11നാണ് രൂപയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 27 തവണ രൂപയുടെ ശരീരത്തിൽ കുത്തേറ്റതായാണ് പൊലീസ് റിപ്പോർട്ട്. രൂപയുടെ അവസാന ഫോൺ സംഭാഷണമാണ് കേസിൽ നിർണായക വഴിതിരിവായത്. ഫോൺ സ്വിച്ച് ഓഫ് ആകുന്നതിന് തൊട്ടുമുമ്പ് തന്റെ ബന്ധുവിനോട് സംസാരിക്കുമ്പോൾ രൂപ "ബാബു" എന്ന വാക്ക് ഉപയോഗിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.


"ബാബു" എന്നത് വിദ്യാർഥികളെ അഭിസംബോധന ചെയ്യാനായി സാധാരണയായി ഉപയോഗിക്കുന്ന വാക്കാണെന്നതിനാൽ, സ്കൂളിലെ വിദ്യാർഥികളുടെ പങ്കാളിത്തത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന്, വിദ്യാർഥികളെയും സ്കൂൾ ജീവനക്കാരെയും ചോദ്യം ചെയ്തു.


കൊലപാതകത്തിന് ശേഷം പത്താം ക്ലാസ് വിദ്യാർഥികളായ രണ്ട് പേർ പെട്ടെന്ന് ധാരാളമായി പണം ചെലവഴിക്കുകയും സുഹൃത്തുക്കളുമൊത്ത് ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നത് പൊലീസിൻ‌റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇവരെ ബുധനാഴ്ച രാവിലെ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു.


കുട്ടികളിൽ ഒരാളിൽ നിന്ന് പൊലീസ് 1.51 ലക്ഷം രൂപയും ഒരു ഐഫോണും കണ്ടെടുത്തു. പണം മാതാപിതാക്കൾ നൽകിയതാണെന്നായിരുന്നു കുട്ടി ആദ്യം അവകാശപ്പെട്ടത്. എന്നാൽ പണത്തിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ മനുഷ്യന്റെ രക്തത്തിന്റെ അംശം കണ്ടെത്തിയതായി എസ്‌പി പറഞ്ഞു. പൊലീസ് പറയുന്നതനുസരിച്ച്, രണ്ട് കുട്ടികൾക്കും മദ്യപാന ശീലവുമുണ്ടായിരുന്നു. വേഗത്തിൽ പണം സമ്പാദിക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം.


കൊലപാതകത്തിന് ഏകദേശം 15 ദിവസം പ്രിൻസിപ്പലും ചില സ്കൂൾ ജീവനക്കാരും പിടിയിലായ ഒരു കുട്ടിയുടെ കൈവശം ബാഗിൽ മൊബൈൽ ഫോണും പണവും കണ്ടെത്തിയിരുന്നു. തുടർന്ന് ശാസിക്കുകയും, മാതാപിതാക്കളെ വിവരം അറിയിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇതും കൊലപാതകത്തിന് പ്രേരണയായി. ആ​ഗസ്ത് 11ന് സ്കൂളിൽ ഫീസ് പിരിക്കുന്ന ദിവസമായതിനാൽ രൂപയുടെ വീട്ടിൽ വലിയ തുക പണം ഉണ്ടാകുമെന്ന് കരുതിയാണ് പ്രിൻസിപ്പലിന്റെ വീട് ലക്ഷ്യമിടാൻ തീരുമാനിച്ചതെന്നും പൊലീസ് സംശയിക്കുന്നു.


കുട്ടികളിൽ ഒരാൾ മതിൽചാടി പ്രിൻസിപ്പലിന്റെ വീട്ടിൽ പ്രവേശിക്കുകയും മറ്റേയാൾ പുറത്ത് കാവൽ നിൽക്കുകയും ചെയ്തു. വീടിനുള്ളിൽ പ്രവേശിച്ച കുട്ടി പണത്തിനായി തിരച്ചിൽ ആരംഭിച്ചു. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന രൂപ ഇത് ശ്രദ്ധിച്ചു. തങ്ങളെ തിരിച്ചറിയുമെന്നും പൊലീസിൽ വിവരം പറയുമെന്നും ഭയന്ന് കുട്ടി കത്തികൊണ്ട് അവരെ ആക്രമിക്കുകയായിരുന്നു.


ഏകദേശം 2.5 ലക്ഷം രൂപയുമായി കടന്നുകളയുന്നതിന് മുമ്പ് വിദ്യാർഥി പ്രിൻസിപ്പലിനെ 27 തവണ കുത്തിയതായി പൊലീസ് പറഞ്ഞു.


രണ്ട് പേരെയും പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. ഇവരെ ജുവനൈൽ ഹോമിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home