ആണി തുളഞ്ഞു കയറിയ 12 വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി

മട്ടാഞ്ചേരി: കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ 12 കാരനായ കുട്ടിയുടെ കാൽവിരലിലേക്ക് ആണി തുളഞ്ഞു കയറി . ചോര വാർന്നൊലിക്കുന്ന കുട്ടിക്ക് ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ പോലും നൽകാതെ മടക്കിയതായി പരാതി .മട്ടാഞ്ചേരി പുതുക്കാട്ടു പറമ്പിൽ താമസിക്കുന്ന നാസർ മകൻ മുഹമ്മദിൻ്റെ (12) കാൽ വിരലിലാണ് ആണി ഒരു ഭാഗത്ത് കൂടി കയറി തുളച്ച് മറുഭാഗത്ത് എത്തിയത്. ശനി സന്ധ്യയോടെയായിരുന്നു വീടിനു സമീപം കളിച്ചു കൊണ്ടിരിക്കെ ആണി തുളച്ചു കയറിയത്.
ഉടനെ ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും ഇവിടെയല്ല എറണാകുളം ജനറൽ ആശുപത്രിയിലേക്കാണ് കൊണ്ടു പോകേണ്ടതെന്നാണ് പറഞ്ഞ് മടക്കുകയായിരുന്നുവെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കുട്ടിയെ ഒന്ന് ആശ്വസിപ്പിക്കുന്നതിനോ ,ആംബുലൻസ് ഒരുക്കി കൊടുക്കുന്നതിനോ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. തുടർന്ന് കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും നിമിഷങ്ങൾക്കകം ആണി പുറത്തേക്കെടുക്കുകയായിരുന്നു .








0 comments