ad
Deshabhimani

ഉൽപ്പാദനം നിർത്തിവെച്ചു, ക്യാന്റീനും പൂട്ടി; ട്രാവൻകൂർ ടൈറ്റാനിയം അടച്ചുപൂട്ടലിന്റെ വക്കിൽ

Titanium.jpg
വെബ് ഡെസ്ക്

Published on Jun 26, 2026, 05:16 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നതായി സൂചന. ഫണ്ടില്ലാത്തതിനെ തുടർന്ന് കമ്പനിയിലെ ഉൽപ്പാദനം പൂർണ്ണമായി നിർത്തിവെച്ചതിന് പിന്നാലെ, ജീവനക്കാരുടെ ക്യാന്റീനും താൽക്കാലികമായി അടച്ചുപൂട്ടുകയാണെന്ന് കാണിച്ച് നോട്ടീസ് പുറത്തിറക്കി.


തിങ്കളാഴ്ച (ജൂൺ 29) മുതൽ ജീവനക്കാർ വീടുകളിൽ നിന്ന് ഭക്ഷണം കൊണ്ടുവരണമെന്നാണ് നിർദ്ദേശം. അസംസ്‌കൃത വസ്തുക്കൾ വാങ്ങാൻ പോലും പണമില്ലാത്തതും കരാറുകാർക്കും വിതരണക്കാർക്കും നൽകാനുള്ള കുടിശിക കുന്നുകൂടിയതുമാണ് ഉൽപ്പാദനം പെട്ടെന്ന് നിർത്തിവെക്കാൻ കാരണമായത്. ജൂൺ 24 മുതൽ കമ്പനിയുടെ പ്ലാന്റുകളിലെ ഉൽപ്പാദന പ്രക്രിയകളെല്ലാം സ്തംഭിച്ച അവസ്ഥയിലാണ്.


ഇതിന് പിന്നാലെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി ക്യാന്റീനും പൂട്ടാൻ മാനേജ്മെന്റ് തീരുമാനിച്ചത്. 1946-ൽ തിരുവനന്തപുരത്തെ കൊച്ചുവേളിയിൽ പ്രവർത്തനമാരംഭിച്ച ട്രാവൻകൂർ ടൈറ്റാനിയം ഏഷ്യയിലെ തന്നെ പ്രശസ്തമായ അനറ്റേസ് ഗ്രേഡ് ടൈറ്റാനിയം ഡയോക്സൈഡ് ഉൽപ്പാദകരാണ്. പെയിന്റ്, കോസ്മെറ്റിക്സ്, റബ്ബർ, പ്ലാസ്റ്റിക് വ്യവസായങ്ങളിലെ പ്രധാന അസംസ്‌കൃത വസ്തുവാണ് ഇവിടെ നിർമ്മിക്കുന്നത്.


മുൻ വർഷങ്ങളിൽ മികച്ച ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ഇടക്കാലത്ത് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മികച്ച രീതിയിൽ മുന്നോട്ട് പോയെങ്കിലും കഴിഞ്ഞ കുറച്ചുകാലമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രധാനമായും ചൈനയിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും കുറഞ്ഞ വിലയിൽ ടൈറ്റാനിയം ഡയോക്സൈഡ് ആഭ്യന്തര വിപണിയിലേക്ക് ഒഴുകിയെത്തിയതാണ് കമ്പനിക്ക് കനത്ത തിരിച്ചടിയായത്.


ഉൽപ്പാദനച്ചെലവ് വർദ്ധിക്കുകയും ഉൽപ്പന്നങ്ങളുടെ വിപണനം കുറയുകയും ചെയ്തതോടെ കമ്പനിയുടെ ദൈനംദിന പ്രവർത്തനം പോലും പ്രതിസന്ധിയിലായി. ഉൽപ്പാദനം നിർത്തിവെക്കുകയും ക്യാന്റീൻ അടച്ചുപൂട്ടുകയും ചെയ്തതോടെ നൂറുകണക്കിന് വരുന്ന സ്ഥിരം-താൽക്കാലിക ജീവനക്കാരുടെ ഭാവി ആശങ്കയിലാണ്. സംസ്ഥാന സർക്കാരിന്റെ അടിയന്തര സാമ്പത്തിക പാക്കേജോ രക്ഷാപ്രവർത്തനമോ ഉണ്ടായില്ലെങ്കിൽ തിരുവനന്തപുരത്തിന്റെ വ്യവസായ ഭൂമികയിലെ ഈ പ്രമുഖ സ്ഥാപനം പൂർണ്ണമായും ചരിത്രമാകുമെന്ന ഭീതിയിലാണ് തൊഴിലാളികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home