ad
Deshabhimani

ആഗോള അയ്യപ്പ സംഗമം: വിവാദങ്ങൾ അടിസ്ഥാനരഹിതം; ദേവസ്വം ഫണ്ട് വകമാറ്റിയിട്ടില്ലെന്ന് ബോർഡ്

travancore devaswam board
വെബ് ഡെസ്ക്

Published on Feb 14, 2026, 10:31 AM | 1 min read

തിരുവനന്തപുരം: പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധവും ഖേദകരവുമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്.


മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാനായി തുക ചെലവഴിച്ചെന്ന ആരോപണം പൂർണ്ണമായും അവാസ്തവമാണെന്നും ഓഡിറ്റ് റിപ്പോർട്ടിൽ അത്തരമൊരു പരാമർശമില്ലെന്നും ബോർഡ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.


പമ്പയിലെ ദേവസ്വം ഗസ്റ്റ് ഹൗസ് നവീകരണത്തിനായി ഫർണിച്ചറുകൾ വാങ്ങിയതിനെയാണ് മുഖ്യമന്ത്രിക്കായി കട്ടിൽ വാങ്ങിയെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. കേന്ദ്രമന്ത്രിമാരും ഉന്നത നീതിപീഠങ്ങളിലെ ന്യായാധിപന്മാരും ഉൾപ്പെടെ എത്തുന്ന ഗസ്റ്റ് ഹൗസിലെ നവീകരണ പ്രവർത്തനങ്ങൾ ബോർഡിന്റെ സ്വത്താണെന്നും ഇതിനെ വ്യക്തിപരമായി ചിത്രീകരിക്കുന്നത് പ്രതിഷേധാർഹമാണെന്നും ബോർഡ് അറിയിച്ചു.


സംഗമത്തിൽ സംഗീതാവിഷ്‌കാരം അവതരിപ്പിച്ചത് ഇഷാൻ ദേവും സംഘവുമാണ്. ഇവന്റ് മാനേജ്‌മെന്റ് ഏജൻസി നൽകിയ റിപ്പോർട്ടിലെ അശ്രദ്ധ മൂലം 'നന്ദഗോവിന്ദം ഭജൻസ്' എന്ന് രേഖപ്പെടുത്തിയതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.


തുക കൈമാറിയത് ഇഷാൻ ദേവിന്റെ അക്കൗണ്ടിലേക്കാണെന്നും ഇതിന് കൃത്യമായ ബാങ്ക് രേഖകളുണ്ടെന്നും ബോർഡ് വ്യക്തമാക്കി. സംഗമത്തിനായി ദേവസ്വം ഫണ്ടിൽ നിന്ന് എടുത്ത തുക തിരികെ നിക്ഷേപിച്ചിട്ടില്ലെന്ന വാർത്തയും തെറ്റാണ്.


വിവിധ ബാങ്കുകളിൽ നിന്നും സ്പോൺസർഷിപ്പ് ഇനത്തിൽ ലഭിച്ച മൂന്ന് കോടി രൂപ ഒക്ടോബർ 17-ന് തന്നെ ജനറൽ ഫണ്ടിലേക്ക് തിരികെ നിക്ഷേപിച്ചു. അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത ഒരു കോടി രൂപ കൂടി ലഭിക്കാനുണ്ട്.


നിലവിൽ പ്രത്യേക അക്കൗണ്ടിൽ ഒരു കോടി എഴുപത്തിനാല് ലക്ഷത്തിലധികം രൂപ അവശേഷിക്കുന്നുണ്ടെന്നും ബോർഡ് അറിയിച്ചു. ഭക്ഷണ വിതരണത്തിൽ തുക വകമാറ്റിയെന്ന ആരോപണവും ബോർഡ് തള്ളി.


അതിഥികൾക്ക് പുറമെ ശബരിമല ദർശനത്തിനെത്തിയ ഭക്തർക്കും പമ്പയിലെ തൊഴിലാളികൾക്കും ഭക്ഷണം നൽകിയിട്ടുണ്ട്. അന്നദാന പ്രിയനായ അയ്യപ്പന്റെ നാമത്തിൽ നടന്ന സംഗമത്തിൽ ആരെയും ഒഴിവാക്കരുതെന്ന നിലപാടാണ് ബോർഡ് സ്വീകരിച്ചത്.


കോടതി നിർദ്ദേശപ്രകാരം സമയപരിധിക്കുള്ളിൽ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ടി വന്നതിനാലാണ് ചില പൊരുത്തക്കേടുകൾ ഉണ്ടായതെന്നും ഇത് പരിശോധിക്കുമെന്നും ബോർഡ് അറിയിച്ചു.


ഈ മാസം 17-ന് ചേരുന്ന ബോർഡ് യോഗം വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യും. ശബരിമലയുടെ മഹത്വം ലോകമെമ്പാടും എത്തിക്കാനുള്ള മഹത്തായ സംരംഭത്തെ കരിവാരിത്തേക്കരുതെന്നും വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home