വീടില്ല, ഒരു മൺകൂന മാത്രം; കാലിന് പരിക്കേറ്റ് ജോസഫിൻ വിശ്രമിക്കവെ ദുരന്തം; മണിക്കൂറുകൾക്കൊടുവിൽ റെജീനയെയും കണ്ടെത്തി

അപകടത്തിൽ മരിച്ച റെജീനയും ജോസഫിനും (ഇടത്), തകർന്ന വീടിന്റെ അവശിഷ്ടങ്ങൾ (വലത്)
പൂഞ്ഞാർ: കോട്ടയം പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് രണ്ട് പേർ മരിച്ചു. മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീന, മകൻ ജോസഫിൻ (24) എന്നിവരാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട ദുഷ്കരമായ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് കണ്ടെത്തിയത്.
ഒരുമാസം മുൻപുണ്ടായ ബൈക്കപകടത്തിൽ കാലിന് പരിക്കേറ്റ് വീട്ടിൽ വിശ്രമിക്കുകയായിരുന്നു ജോസഫിൻ. ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിലെ കാന്റീൻ ജീവനക്കാരനാണ്. അമ്മ റെജീന പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്കൂളിലെ ജീവനക്കാരിയാണ്. വീട്ടിൽനിന്ന് മുപ്പത് മീറ്ററോളം മാറിയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ വീട് തകർന്ന് പ്രദേശമാകെ മൺകൂനയായപ്പോൾ
ഇടമല ഭാഗത്തുനിന്നാണ് ഉരുൾ വന്നത്. വലിയ ഉരുളൻകല്ലുകൾ വന്ന് വീട്ടിലേക്ക് പതിക്കുകയായിരുന്നു. കോൺക്രീറ്റ് ടെസറ് ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റിയാണ് തിരച്ചിൽനടത്തിയത്. വീട് നിന്നിടത്ത് മൺകൂന മാത്രമാണ് ഇപ്പോൾ കാണാനാകുക.
റെജീനയുടെ ഭർത്താവ് ജോണി സമീപത്തെ വയോധികന്റെ വീട്ടിൽ കൂട്ടുകിടക്കാൻ പോയതിനാലാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. പെൺമക്കളായ ജോമിറ്റും സോമിറ്റും വീട്ടിലുണ്ടായിരുന്നില്ല.
അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകളും നാല് ജെസിബികളും ഉപയോഗിച്ചാണ് കല്ലുംമണ്ണും നീക്കം ചെയ്ത് തിരച്ചിൽ നടത്തിയത്. മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയോടെയായിരുന്നു രക്ഷാപ്രവർത്തനം.










0 comments