print edition ട്രാഫിക് പിഴ: നൽകുന്നത് 466 കോടിയുടെ ഇളവ്

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ സംസ്ഥാനസർക്കാർ നൽകുന്നത് 466 കോടിയുടെ ഇളവ്. 1,02,53,151 ചെലാനുകളാണ് പിഴ അടയ്ക്കാനായി മോട്ടോർ വാഹനവകുപ്പ് പുറപ്പെടുവിച്ചത്. 2025 ഡിസംബർ 31 വരെയുള്ള കണക്കാണിത്. ശനിയാഴ്‌ച ചേർന്ന മന്ത്രിസഭായോഗമാണ് പിഴത്തുകയിൽ 50 ശതമാനം കുറവ് വരുത്താൻ തീരുമാനിച്ചത്. 2024 ഡിസംബർ 31 വരെയുള്ള പിഴകൾക്കാണ് ഇളവ്. ഞായറാഴ്‌ച ഇതിന്റെ വിജ്ഞാപനം ഇറങ്ങി. ഒന്നിലധികം പിഴ കിട്ടിയവർക്ക് സർക്കാർ ഇടപെടൽ വലിയ ആശ്വാസം പകരും.
ഹെൽമറ്റ് ഇടാതിരിക്കുക, സീറ്റ്‌ബെൽറ്റ് ധരിക്കാതിരിക്കുക, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ സഞ്ചരിക്കുക, അമിത വേഗത എന്നിവയ്‌ക്കുള്ള പിഴയിലാണ് കുറവ്. ഏപ്രിൽ 30 വരെ അടയ്ക്കുന്ന ചെലാനുകളിലാണ് ഇളവ്. ഇൗ സമയത്തിനകം പിഴ അടച്ചില്ലെങ്കിൽ സിജെഎം കോടതികളിലേക്ക് ഇവ കൈമാറും. കോടതികൾ പിഴ തുക ഇരട്ടിയായി വർധിപ്പിച്ചേക്കാം.
പരിവഹൻ വെബ്‌സൈറ്റ്, മൊബൈൽ ആപ്പുവഴി പിഴ അടയ്ക്കാനുള്ള സൗകര്യം ഉടൻ ഏർപ്പെടുത്തും. എൻഐസിയാണ് ഇതുസംബന്ധിച്ച് ക്രമീകരണം വരുത്തേണ്ടത്. ഇതിനായി ട്രാൻസ്‌പോർട്ട് കമീഷണർ കത്ത് നൽകും. ജില്ലാ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലും പിഴ അടയ്ക്കാനുള്ള സൗകര്യമൊരുക്കും. കൂടുതൽ വിവരങ്ങളും ഇൗ ഓഫീസുകളിൽനിന്ന് ലഭിക്കും. ഏതാനും മാസംമുന്പ് വകുപ്പ് പിഴത്തുക അടയ്ക്കാൻ അദാലത്തും സംഘടിപ്പിച്ചിരുന്നു.










0 comments