കടുവഭീതിയിൽ പുൽപ്പള്ളി; പിടികൂടാൻ കൂടുവയ്‌ക്കും

കൽപ്പറ്റ: വയനാട്ടിൽ കടുവ വീണ്ടും മനുഷ്യജീവനെടുത്തതോടെ ഒരു നാടാകെ ഭീതിയിലായി. പുൽപ്പള്ളി ദേവർഗദ്ദ ഉന്നതിയിലെ കൂമനെ(മാരൻ) ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കേരള–കർണാടക അതിർത്തി വനമേഖലയായ കന്നാരം പുഴയുടെ സമീപത്തും വനത്തിലും മുമ്പ് പലവട്ടം കടുവയെ കണ്ടിട്ടുണ്ടെങ്കിലും ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുന്നത് ആദ്യമായാണ്. കടുവയെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുകയാണ് വനംവകുപ്പ്. പ്രദേശത്ത് ഞായറാഴ്‌ച കൂട് സ്ഥാപിക്കും.
എവിടെയൊക്കെ സ്ഥാപിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് തീരുമാനിക്കും. ആക്രമണം നടത്തിയ കടുവ ഏതാണെന്ന് തിരിച്ചറിയാനുള്ള പരിശോധന നടത്തും. വനത്തിനുള്ളിലും തിരയും. വനമേഖലയിൽ കാമറകൾ സ്ഥാപിക്കും. കഴിഞ്ഞ ദിവസം ചീയമ്പം 73 ഉന്നതിയിൽ പോത്തിനെ കൊന്ന കടുവയാണോയെന്ന് പരിശോധിക്കുമെന്നും എസിഎഫ് എം ജോഷിൽ പറഞ്ഞു. പ്രദേശത്ത് പട്രോളിങ് ശക്തമാക്കി. നെെറ്റ് വാച്ചർമാരുടെ എണ്ണം വർധിപ്പിക്കും. ജനവാസമേഖലയിൽ ഇറങ്ങിയാൽ മയക്കുവെടിവച്ച് പിടികൂടുന്നതടക്കം പരിഗണിക്കും.
ചീയമ്പം 73ൽ കഴിഞ്ഞ ദിവസം കടുവ പോത്തിനെ പിടിച്ചിരുന്നു. തുടർന്ന് വനം വകുപ്പ് പ്രദേശത്ത് പട്രോളിങ് ശക്തമാക്കുകയും കാമറ സ്ഥാപിക്കുകയും ചെയ്‌തു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ചെത്തിമറ്റത്ത് അക്രമണമുണ്ടായത്. പകൽ പതിനൊന്നോടെയാണ് ബന്ധുവായ കുള്ളിയോടൊപ്പം കൂമൻ വിറക് ശേഖരിക്കാൻ വനത്തിലേക്ക് പോകുന്നത്. ദേവർഗദ്ധ ഉന്നതയിൽനിന്ന് പ്രഭാത് കവലയിൽ എത്തിയശേഷം കന്നാരംപുഴയുടെ തീരത്തുടെ ചെത്തിമറ്റം ഭാഗത്ത് എത്തുകയായിരുന്നു.
കുള്ളി പുഴയിലായിരുന്നപ്പോൾ വിറക് കെട്ടാനുള്ള വള്ളി വെട്ടാനാണ് കൂമൻ വനത്തിലേക്ക് കയറിയത്. അൽപ്പസമയത്തിനുള്ളിൽ കൂമന്റെ കരച്ചിൽ കേട്ട് കുള്ളി ഓടിയെത്തിയപ്പോഴേക്കും കടുവ കൂമനെ കടിച്ചുവലിച്ച് വനത്തിനുള്ളിലേക്ക് കൊണ്ടുപോയിരുന്നു. വയനാട് വന്യജീവി സങ്കേതം പരിധിയിലാണ് പ്രദേശം.










0 comments