കാൽപ്പാടുകൾ പരിശോധിച്ച് ഉറപ്പിച്ചു; ജനവാസ മേഖലയിൽ ഭീതി പടർത്തിയ കടുവ മൂന്നാംദിനം കാടുകയറി

ഡ്രോൺ കാമറയിൽ പതിഞ്ഞ കടുവ
കൽപ്പറ്റ: വയനാട് പനമരം പടിക്കാംവയൽ ജനവാസ മേഖലയിൽ ഭീതി പടർത്തിയ കടുവ വനത്തിലേക്ക് കയറിയതായി വയനാട് നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ഡിസംബർ 15ന് കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച പടിക്കാംവയൽ ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച ക്യാമറ ട്രാപ്പുകളിൽ കടുവയുടെ ചിത്രം ലഭിച്ചിരുന്നില്ല. പടിക്കാംവയൽ മേഖലയിലും പരിസര പ്രദേശങ്ങളിലെ കാപ്പിത്തോട്ടങ്ങളിലും നടത്തിയ ഡ്രോൺ പരിശോധനയിൽ കടുവയുടെ ചിത്രങ്ങളോ കാൽപ്പാടുകളോ ലഭിച്ചില്ല. പിന്നീട് പുളിക്കൽ ഭാഗത്ത് വയലിനോട് ചേർന്ന് പുതിയ കൽപ്പാടുകൾ കണ്ടെന്ന വിവരത്തെ തുടർന്ന് ആർആർടി ദൗത്യ സംഘത്തിന്റെ പരിശോധനയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് പടിക്കാംവയൽ, പുളിക്കൽ ഭാഗങ്ങളിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ പട്രോളിങ്ങും ഡ്രോൺ പരിശോധനയും നടത്തി.
വനം വകുപ്പിന്റെ പരിശോധനയിൽ കടുവയുടെ സഞ്ചാരദിശ പുളിക്കൽ ഭാഗത്ത് നിന്നും വയലിലൂടെ സഞ്ചരിച്ച് പുഴ കടന്ന് നെല്ലിയമ്പം റോഡിലേക്ക് നീങ്ങിയതായി കണ്ടെത്തി. പച്ചിലക്കാട്, പടിക്കാംവയൽ, ചീക്കല്ലൂർ, പുളിക്കൽ ഭാഗങ്ങളിൽ കണ്ടെത്തിയ കടുവ വയനാട് വന്യജീവി സങ്കേതത്തിലെ ഡബ്ല്യൂ.ഡബ്ല്യൂ.എൽ-112 ഐഡിയുള്ള കടുവയാണെന്നും വനം വകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. നോർത്ത്-സൗത്ത് വയനാട് ഡിവിഷനുകളിലെയും കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി ആർആർടി ടീമുകൾ ഉൾപ്പെടെ 85 ഓളം ജീവനക്കാർ സുരക്ഷാ സന്നാഹങ്ങളോടെ ഒൻപത് ടീമുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
ജനവാസ മേഖലയിൽ ഭീതി പടർത്തുന്ന വന്യമൃഗത്തെ മയക്കുവെടി വെച്ച് പിടികൂടാൻ എൻടിസിഎ മാനദണ്ഡപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. വെറ്ററിനറി ടീം, കടുവയെ പിടികൂടാൻ കൂട്, കുങ്കിയാനകളെയും സജ്ജമാക്കി. ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയുടെ കാൽപ്പാടുകൾ പിൻതുടർന്ന് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ചീക്കല്ലൂർ, പുളിക്കൽ, ചോയിക്കൊല്ലി, പുഞ്ചവയൽ, മരാർക്കടവ് വഴി കടുവ പാതിരി റിസർവ് വനമേഖലയിലേക്ക് പ്രവേശിച്ചതായി വനം വകുപ്പ് സ്ഥരീകരിച്ചു. കടുവ വനത്തിലേക്ക് പ്രവേശിച്ചതോടെ പ്രദേശത്തെ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമായിട്ടുണ്ടെന്നും മേഖലയിൽ വനം വകുപ്പ് പെട്രോളിന് തുടരുന്നതായും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.










0 comments