ad
Deshabhimani

വീണ്ടും മനുഷ്യജീവനെടുത്ത്‌ കടുവ: ഒരുവർഷം നീലഗിരിയിൽ കൊന്നത്‌ 6 പേരെ

tiger wayanad
avatar
സ്വന്തം ലേഖകൻ

Published on Apr 17, 2026, 07:11 AM | 1 min read

ഗൂഡല്ലൂർ: നീലഗിരിയെ നടുക്കി വീണ്ടും കടുവ ആക്രമണം. ഉ‍ൗട്ടി അനുമാപുരത്ത്‌ കാണാതായ സ്‌ത്രീ തൊഴിലാളിയെ കൊന്ന്‌ ഭക്ഷിച്ച നിലയിൽ കണ്ടെത്തി. അന്പത്തിമൂന്നുകാരി പാർവതിയാണ്‌ കൊല്ലപ്പെട്ടത്‌. 11 മുതൽ കാണാതായ പാർവതിയുടെ മൃതദേഹം 15ന്‌ രാവിലെയാണ്‌ വീട്ടിൽനിന്ന്‌ മൂന്നരക്കിലോമീറ്റർ അകലെ വനമേഖലയിലെ തേയിലത്തോട്ടത്തിൽ കണ്ടെത്തിയത്‌. ഒരുവർഷത്തിനിടെ ആറുപേരെയാണ്‌ നീലഗിരി ജില്ലയിൽ കടുവ കൊന്നത്‌. കാട്ടാന, പുലി, കരടി, കാട്ടുപോത്ത്‌ എന്നിവയുടെ ആക്രമണവും രൂക്ഷമാണ്‌.


​2025 മാർച്ച്‌ 14ന്‌ ഉ‍‍ൗട്ടിയിൽ സ്‌ത്രീ തൊഴിലാളി അഞ്ജലിയെ കടുവ കൊന്ന് ഭക്ഷിച്ചു. ഇതിന്റെ ഞെട്ടൽ മാറുംമുന്പ്‌ പതിമൂന്നാം ദിവസം ഊട്ടിയിൽതന്നെ മറ്റൊരാളെ കടുവ കൊന്നു. കോന്തർ കുട്ടനാണ്‌ കൊല്ലപ്പെട്ടത്‌. 2025 നവംബർ നാലിന്‌ മാവനല്ലയിൽ നാഗമ്മയെയും കടുവ ഇരയാക്കി. തല വേറിട്ട നിലയിലായിരുന്നു മൃതദേഹം. ഫെബ്രുവരി നാലിന്‌ കോത്തഗിരിയിൽ വെള്ളങ്കരിയെ കൊന്നു. തുടർന്ന്‌ ഇരുപതാം ദിവസം ഉ‍ൗട്ടിയിൽ വീണ്ടും കടുവ മനുഷ്യജീവനെടുത്തു. പുസ്തൽ കുട്ടനെയാണ്‌ കൊന്നത്‌. ഇതിനടുത്ത അനുമാപുരത്താണ്‌ ഇപ്പോൾ പാർവതി കൊല്ലപ്പെട്ടത്‌. കഴിഞ്ഞ 11ന്‌ വീട്ടിൽനിന്ന്‌ ബന്ധുവീട്ടിലേക്ക്‌ പോകാനായി ഇറങ്ങിയതായിരുന്നു. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന്‌ കുടുംബാംഗങ്ങൾ ഫോൺ വിളിച്ചപ്പോൾ ബന്ധുവീട്ടിൽ എത്തിയില്ലെന്ന്‌ മനസ്സിലായി.


നാലുദിവസം പൊലീസും വനപാലകരും നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിനൊടുവിലാണ്‌ മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കുന്നത്‌. 12നുതന്നെ വീട്ടിൽനിന്ന്‌ അധികം അകലെയല്ലാതെയിടത്ത്‌ സാരി ലഭിച്ചിരുന്നു. ‍ഇതോടെയാണ്‌ വന്യമൃഗാക്രമണം സംശയിച്ചത്‌. വനത്തോട്‌ ചേർന്ന തേയിലത്തോട്ടത്തിൽനിന്ന്‌ തലയും ശരീരത്തിന്റെ മറ്റു ചില ഭാഗങ്ങളും മാത്രമാണ്‌ ലഭിച്ചത്‌. ഉ‍ൗട്ടി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ബുധൻ വൈകിട്ട്‌ സംസ്‌കരിച്ചു. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിൽ വന്യമൃഗശല്യം അതിരൂക്ഷമാണ്‌. തൊഴിലാളികളാണ്‌ കൂടുതലും ആക്രമണത്തിനിരയാകുന്നത്‌. ജോലിക്കുപോകുന്പോഴും തിരികെ വരുന്പോഴും കാട്ടാനയുൾപ്പെടെയുള്ളവയുടെ മുന്നിൽപ്പെട്ടാണ്‌ ജീവൻ നഷ്‌ടമാകുന്നത്‌. തലനാരിഴയ്‌ക്ക്‌ രക്ഷപ്പെടുന്നവരും പരിക്കേൽക്കുന്നവരും നിരവധിയാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home