വീടിന് സമീപം പുലിയുടെ ആക്രമണം; മലക്കപ്പാറയിൽ വയോധിക കൊല്ലപ്പെട്ടു

ഇന്നസെമ്മ
മലക്കപ്പാറ: കേരള-തമിഴ്നാട് അതിർത്തി മേഖലയായ മലക്കപ്പാറയ്ക്ക് സമീപം ഷോളയാർ ഡാം പരിസരത്ത് വയോധികയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. അണക്കെട്ടിന് സമീപത്തെ സാന്തിയ കോളനി നിവാസിയായ ഇന്നസെമ്മ (75) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിന് സമീപത്തെ കാനയിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച ജോലി കഴിഞ്ഞ് മകൻ വീട്ടിലെത്തിയപ്പോഴാണ് ഇന്നസെമ്മയെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. രാത്രിയിൽ നാട്ടുകാർ ചേർന്ന് പരിസരപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഞായറാഴ്ച രാവിലെ നടത്തിയ വിശദമായ പരിശോധനയിലാണ് വീടിന് സമീപത്തെ കാനയിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്റെ ഭാഗങ്ങൾ പുലി ഭക്ഷിച്ച നിലയിലായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പുലിയുടെ ആക്രമണമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.കേരള-തമിഴ്നാട് അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ നിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള തോട്ടം മേഖലയിലാണ് ഈ ദാരുണ സംഭവം നടന്നത്.
പ്രദേശത്ത് പുലി, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം അതീവ രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ നിരന്തരമായി ഇറങ്ങുന്നത് തോട്ടം തൊഴിലാളികൾക്കിടയിൽ വലിയ ഭീതിയാണ് പടർത്തുന്നത്. വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും ആക്രമണകാരിയായ പുലിയെ പിടികൂടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിലാണ്.










0 comments