print edition നാല് പശുക്കളെ കടുവ കടിച്ചുകൊന്നു ; അയ്യങ്കുന്ന് ഭീതിയിൽ

ഇരിട്ടി
അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ വ്യാഴാഴ്‌ച രാത്രി കടുവ കടിച്ചുകൊന്നു. രണ്ട് കറവപ്പശുക്കളെയും ഗർഭിണിയായ മറ്റൊന്നിനെയും കിടാരിയെയുമാണ് കടുവ കൊന്നത്. പാലത്തുംകടവിലെ പുല്ലാട്ടുകുന്നേൽ രൂപേഷ് രാഘവന്റെയും അമ്മ സരസുവിന്റെയും ഫാമിലെ പശുക്കളാണിത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പശുക്കളെ കടിച്ചുകൊന്നത് കടുവയാണെന്ന് സ്ഥിരീകരിച്ചത്.
തൊഴുത്തിന്റെ പുൽക്കൂട് ഭാഗത്തുകൂടി എത്തിയ കടുവ കിടാരിയെ കടിച്ചുകൊന്ന് വലിച്ചുകൊണ്ടു പോകാൻ ശ്രമിച്ചു. എന്നാൽ തടിച്ച ഇരുമ്പുദണ്ഡ് കൊണ്ട് നിർമിച്ച പുൽക്കൂടിനുള്ളിലൂടെ കിടാരിയെ പുറത്തേക്ക് കൊണ്ടുപോകാൻ സാധിച്ചില്ല. ഇതോടെ സമീപത്ത് കെട്ടിയ മറ്റ് പശുക്കളേയും കടിച്ചു കൊന്നെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. പുൽക്കൂടിന്റെ ഭാഗത്ത് രക്തം തളം കെട്ടിക്കിടിപ്പുണ്ട്. ഈ രക്തത്തിൽ കടുവയുടെ കാൽപ്പാദം പതിഞ്ഞിട്ടുണ്ട്. തൊഴുത്തിന്റെ താഴെ ഭാഗത്ത് ചാണകവും വെള്ളവും കെട്ടിക്കിടന്ന ഭാഗത്തും കടുവയുടെ കാൽപ്പാടുകൾ പതിഞ്ഞു. ഇവ പരിശോധിച്ചാണ് കടുവയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്.
വെള്ളിയാഴ്‌ച രാവിലെ ഫാം ഉടമ സരസു തറവാട് വീട്ടിൽനിന്ന് 100 മീറ്റർ അകലെയുള്ള തൊഴുത്തിൽ കറവയ്ക്കായി എത്തിയപ്പോഴാണ് പശുക്കൾ ചത്തതായി കണ്ടത്. ഉടൻ നാട്ടുകാരെ വിവരം അറിയിച്ചു. ചത്ത പശുക്കളുടെ കഴുത്തിൽ കടുവയുടെ പല്ല് ആഴ്ന്നിറങ്ങിയ പാടുകളുമുണ്ട്. ഒരാഴ്ച മുമ്പ് പ്രദേശത്തെ സന്തോഷ് പാലക്കലിന്റെ വീട്ടിന് മുന്നിൽ കെട്ടിയ വളർത്തുനായയെ അജ്ഞാത ജീവി കൊന്ന് തിന്നിരുന്നു. കടുവയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടെങ്കിലും വനംവകുപ്പിന് സ്ഥിരീകരിക്കാനായില്ല. കേരള–കർണാടക വനമേഖലയോട് ചേർന്ന ഭാഗത്തെ ജനവാസ മേഖലയാണിത്. വനം വകുപ്പ് കടുവയെ കൂടുവച്ച് പിടിക്കാൻ നടപടികൾ തുടങ്ങി. മേഖലയിൽ നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്.










0 comments