print edition ‘നിന്നെ തീർക്കാൻ അറിയാതെയല്ല’; കെഎസ്‌യു ജില്ലാ സെക്രട്ടറിയെ കൊല്ലുമെന്ന് പ്രസിഡന്റിന്റെ ഭീഷണി

പ്രതീകാത്മക ചിത്രം
തൃശൂർ: കെഎസ്‌യു ജില്ലാ സെക്രട്ടറിക്ക് ജില്ലാ പ്രസിഡന്റിന്റെ വധഭീഷണി. തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരാണ് ജില്ലാ സെക്രട്ടറി വിഷ്ണു നെടുങ്ങാട്ടിനെ ഫോണിൽ ഭീഷണിപ്പെടുത്തിയത്. ഗോകുലിന്റെ ഫോൺ സംഭാഷണം ഇതിനകം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.
ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് സെക്രട്ടറിയെ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയത്. ‘ഇനി ഗ്രൂപ്പിൽ മെസേജിട്ടാൽ നിന്നെ തല്ലും. ജില്ലയിലേക്കോ ജില്ലാ കമ്മിറ്റിയുടെ പരിപാടിക്കോ വന്നാൽ കാല് വെട്ടും, നിന്നെ നേരത്തെ തീർക്കാൻ അറിയാതെയല്ല’. എന്നിങ്ങനെ പോകുന്നു ഗോകുലിന്റെ ഭീഷണി. ഭീഷണിക്കൊപ്പം അസഭ്യ വർഷവും കെഎസ്‌യു ജില്ലാ പ്രസിഡന്റ് നടത്തുന്നുണ്ട്.
കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് തനിക്കും പേര് നിർദേശിക്കാനുണ്ടെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞതാണ് ഗോകുൽ ഗുരുവായൂരിനെ പ്രകോപിപ്പിച്ചത്. ഗുരുവായൂരിലെ കാര്യങ്ങൾ താൻ മാത്രം തീരുമാനിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. കെഎസ്‌യു സംസ്ഥാന പ്രസിഡന്റിനും പാർടി നേതൃത്വത്തിനും പരാതി നൽകാൻ ഒരുങ്ങുകയാണ് വിഷ്‌ണു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഗോകുൽ ഗുരുവായൂർ. 2025ൽ നടന്ന ഡി സോൺ കലോത്സവത്തിലെ സംഘാടന പിഴവ് ചോദ്യം ചെയ്‌തതിനു മത്സരാർഥികളെയും എസ്‌എഫ്‌ഐ പ്രവർത്തകരെയും കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയാണ്. കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികളുടെ കൈയും കാലും തല്ലിയൊടിക്കാൻ ആഹ്വാനം ചെയ്‌താണ് ഗോകുൽ അന്ന് ആക്രമണത്തിന് തുടക്കമിട്ടത്.
‘വേണമെങ്കിൽ നിങ്ങൾ അവരെ കൊന്നോ ഞാൻ ജയിലിൽ പോയ്‌ക്കൊള്ളാം’ എന്നാണ് ആക്രമണത്തിനിടയിൽ ഗോകുൽ വിളിച്ച് പറഞ്ഞത്. ഇതിനു പിന്നാലെയാണ് സംഘാടക സമിതി ഓഫീസിലും സ്‌റ്റേജിന് പിറകിലുമായി ഒളിപ്പിച്ചിരുന്ന മാരകായുധങ്ങളുമായി കെഎസ്‌യുക്കാർ വിദ്യാർഥികളെ ആക്രമിച്ചത്. ഗോകുൽ സ്ഥിരം കുറ്റവാളിയും ക്രിമിനലുമാണെന്നാണ് പൊലീസ് റിപ്പോർട്ട്.










0 comments