print edition കോൺഗ്രസ് – ബിജെപി ഡീൽ; ഒഴുക്കുന്നത് കോടികൾ

തൃശൂർ: എഐസിസി അംഗവും മണലൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ടി എൻ പ്രതാപന് ബിജെപിയുമായി ‘ഡീൽ’ ഉണ്ടെന്ന കോൺഗ്രസ് നാട്ടിക ബ്ലോക്ക് വൈസ്‌പ്രസിഡന്റ് വി എ ഫിറോസിന്റെ വെളിപ്പെടുത്തൽ നാളുകളായി ഇരുവരും തുടർന്ന് വരുന്ന കൂട്ടുകച്ചവടത്തിന്റെ വെളിപ്പെടുത്തൽ.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസ് വോട്ട് മറിച്ചുകൊടുത്താണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്ന വിലയിരുത്തൽ ശരിവയ്‌ക്കുന്നതാണ് ഫിറോസിന്റെ വാക്കുകൾ.
‘‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ പ്രതാപൻ നടത്തിയ ഇടപെടലുകൾ പല കോൺഗ്രസ് പ്രവർത്തകരുടെയും കൈവശം രേഖകളായുണ്ട്’’ എന്നാണ് ഫിറോസിന്റെ പ്രതികരണം. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുൻതെരഞ്ഞെടുപ്പിൽ ജയിച്ചതിനേക്കാൾ 84,000 വോട്ടുകൾ കോൺഗ്രസിന് കുറഞ്ഞിരുന്നു.
സുരേഷ് ഗോപിക്കായി വോട്ട് മറിക്കാൻ എട്ടുകോടി രൂപ പ്രതാപൻ കൈപ്പറ്റിയെന്നാണ് തിങ്കളാഴ്ച ഫിറോസിന്റെ വെളിപ്പെടുത്തൽ. ഇൗ തുക കെപിസിസി അംഗത്തിനും ഡിസിസി സെക്രട്ടറിക്കും പ്രതാപനൊപ്പം നിൽക്കുന്ന ബ്ലോക്ക് ഭാരവാഹികൾക്കും നൽകിയെന്നും അവർവഴി ബൂത്ത്‌തലംവരെ പണം എത്തി. കാലങ്ങളായി എൽഡിഎഫിനെ തോൽപ്പിക്കാൻ യുഡിഎഫും ബിജെപിയും തമ്മിൽ പണമിടപാടുൾപ്പെടെയുള്ള നീക്കുപോക്കുകൾ നടന്നിട്ടുണ്ടെന്നാണ് ഫിറോസിന്റെ വാക്കുകൾ തെളിയിക്കുന്നത്.
നേരത്തെ നാട്ടികയിലും കൊടുങ്ങല്ലൂരിലും പ്രതാപൻ മത്സരിച്ചപ്പോഴും ബിജെപിയുടെ വോട്ട് വാങ്ങിയെന്നും ഫിറോസ് വെളിപ്പെടുത്തി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ടി എൻ പ്രതാപൻ ചുവരെഴുത്ത് ആരംഭിച്ചശേഷമാണ് കെ മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
മുരളീധരൻ പരാജയപ്പെട്ടശേഷം വോട്ട് ചോർച്ചയെക്കുറിച്ച് അന്വേഷിക്കാൻ നിയമിക്കപ്പെട്ട കെപിസിസി സമിതിക്കുമുന്നിൽ 120ലേറെ പേരാണ് തെളിവുനൽകാനെത്തിയത്. എന്നാൽ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നില്ല. ഇതിനു പിന്നിൽ പ്രതാപന്റെ വിലപേശൽ ശേഷിയാണെന്നും വി എ ഫിറോസ് ആരോപിച്ചു.










0 comments