ad
Deshabhimani

തൃക്കാക്കര നഗരസഭയിൽ പൊട്ടിത്തെറി; കൂടിയാലോചന നടന്നില്ല; കെപിസിസിയെ അതൃപ്തി അറിയിച്ച് ഉമാ തോമസ്

uma thomas
വെബ് ഡെസ്ക്

Published on Dec 27, 2025, 09:03 AM | 1 min read

തിരുവനന്തപുരം: തൃക്കാക്കര നഗരസഭയിൽ ഗ്രൂപ്പ് തർക്കത്തിൽ തമ്മിൽകലഹിച്ച് യുഡിഎഫ് നേതാക്കൾ. കൊച്ചി കോർപറേഷനിൽ നടപ്പിലാക്കിയ ടെം വ്യവസ്ഥ തൃക്കാക്കരയിൽ നടപ്പിലാക്കിയില്ലെന്നും പരാതിയുമായി ഉമതോമസ് രംഗത്തെത്തി.


ഐ ​ഗ്രൂപ്പുകാരനായ റാഷിദിനെയാണ് ന​ഗരസഭ അധ്യക്ഷനാക്കിയത്. ഷാജി വാഴക്കാലയുടെ പേരാണ് ഉമതോമസ് എംഎൽഎ മുന്നോട്ട് വെച്ചെങ്കിലും പരിഗണിച്ചില്ല. ജില്ലയിൽ പലയിടത്തും പല വ്യവസ്ഥകളാണെന്നാണ് ഉമതോമസ് കെപിസിസിക്ക് നൽകിയ പരാതിയിലുള്ളത്.


യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചിട്ടും നഗരസഭയിൽ ചെയർമാനെ കണ്ടെത്താനാകാതെ കോൺഗ്രസ് വലഞ്ഞതും ചർച്ചയായിരുന്നു. ചൊവ്വാഴ്‌ച ചേർന്ന കോൺഗ്രസ് പാർലമെന്ററി യോഗത്തിലും ഏകാഭിപ്രായത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ഓരോ കൗൺസിലർമാരെയും രഹസ്യമായി വിളിച്ച്‌ ചെയർമാൻ സ്ഥാനത്തേക്കുള്ള അവരുടെ താൽപ്പര്യം ചോദിക്കുകയായിരുന്നു. പലരും പല പേരുകളും പറഞ്ഞതിനാൽ ചെയർമാൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ആയില്ല. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ജോസഫ് വാഴക്കൻ, ഉമ തോമസ് എംഎൽഎ, കോൺഗ്രസ് കോർകമ്മിറ്റി അംഗങ്ങളായ പി ഐ മുഹമ്മദാലി, സേവ്യർ തായങ്കേരി, നൗഷാദ് പല്ലച്ചി തുടങ്ങിയവരാണ് നഗരസഭയുടെ ചുമതല ഉണ്ടായിരുന്നവർ.


കൊച്ചി കോർപറേഷനിൽ മേയറായി തെരഞ്ഞെടുക്കപ്പെട്ട വി കെ മിനിമോളുടെ സത്യപ്രതിജ്ഞ കെപിസിസി ജനറൽ സെക്രട്ടറികൂടിയായ ക‍ൗൺസിലർ ദീപ്‌തി മേരി വർഗീസ്‌ ബഹിഷ്‌കരിച്ചതും ഇതിനിടയിൽ ചർച്ചയായി. മേയർസ്ഥാനം നൽകാത്തതിലെ പ്രതിഷേധമാണ്‌ ഇറങ്ങിപ്പോക്കിന്‌ കാരണം. മേയർതെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ഫലപ്രഖ്യാപനം വന്നതിന്‌ പിന്നാലെ ദീപ്‌തി ഇറങ്ങിപ്പോകുകയായിരുന്നു.​ രാവിലെ കോർപറേഷൻ ആസ്ഥാനത്തേക്ക്‌ എത്തിയതുമുതൽ ദീപ്‌തി അതൃപ്‌തി പ്രകടമാക്കിയിരുന്നു. മേയറെ നിശ്ചയിച്ചതിൽ കെപിസിസി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നതടക്കം മുന്പ്‌ പറഞ്ഞ കാര്യങ്ങളിൽനിന്നും പിന്മാറിയിട്ടില്ലെന്നും തൃക്കാക്കരയായാലും കൊച്ചിയായാലും ഒരേ മാനദണ്ഡമായിരിക്കണമെന്നും അവർ മാധ്യമങ്ങളോട്‌ ആവർത്തിച്ചു. കൂടുതൽ കാര്യങ്ങൾ പിന്നീട്‌ പറയുമെന്നും വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home