താഴേക്കോട് സ്കൂളിലെ സംഘർഷം; വിദ്യാർഥികളെ ചിൽഡ്രൻസ് ഹോമിലേയ്ക്ക് മാറ്റി

പരിക്കേറ്റ കുട്ടികൾ
പെരിന്തൽമണ്ണ: താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് സ്‌റ്റേഷനിലെത്തിച്ച മൂന്ന് വിദ്യാർഥികളെ കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ പ്രവേശിപ്പിച്ചു. മൂവരും എസ്എസ്എൽസി പരീക്ഷാർത്ഥികളാണ്. മൂവർക്കും
എസ്എസ്എൽസി പരീക്ഷ എഴുതാൻ അധികൃതർ സൗകര്യം ഒരുക്കും.
വയനാട് ഷഹബാസ് വധക്കേസിലെ പ്രതികളും വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ കഴിയുന്നുണ്ട്. ഇവർക്കൊപ്പമാകും താഴെക്കോട് സംഭവത്തിൽ ഉൾപ്പെട്ട മൂവരും പരീക്ഷ എഴുതുക. വെള്ളിയാഴ്ച എസ്എസ്എൽസി പരീക്ഷക്ക് ശേഷമാണ് പിടിഎം സ്കൂളിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റ് മുട്ടിയത്. സംഭവത്തിൽ തലക്ക് പരുക്കേറ്റ രണ്ട് പേരെ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. മൂവരും സുഖം പ്രാപിച്ച് വരുന്നു. സ്കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാർഥികൾക്കിടയിലെ പ്രശ്നങ്ങളാണ് ഏറ്റുട്ടലിന് വഴിവെച്ചത്. ഒരു വിദ്യാർഥിയെ നേരത്തെ ടിസി നൽകി പറഞ്ഞയച്ചിരുന്നു. നടപടി നേരിട്ട വിദ്യാർത്ഥി വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങി പത്താംതരംപരീക്ഷ എഴുതാൻ എത്തിയപ്പോഴാണ് മുൻ വിരോധത്താൽ സഹപാഠികളെ കുത്തി പരിക്കേൽപ്പിച്ചത്.










0 comments