print edition എൻഡിഎ ഗ്യാരന്റി; ചുളുവിൽ വോട്ട് തട്ടാനുള്ള കുബുദ്ധി: ഐസക്

തിരുവനന്തപുരം: വോട്ട് ചുളുവിൽ തട്ടിയെടുക്കാനുള്ള കുബുദ്ധിയാണ് എൻഡിഎ പ്രകടനപത്രികയിലെ ഗ്യാരന്റികളെന്ന് തോമസ് ഐസക് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. മോദിയുടെ പിടിപ്പുകേട് പാചകവാതകത്തെ അപൂർവവസ്‌തുവാക്കി.
പാചകവാതകമില്ലാതെ പൊറുതിമുട്ടുന്നവരുടെ വോട്ട് ലക്ഷ്യമിട്ടാണ് പാവപ്പെട്ടവർക്ക് വർഷത്തിൽ രണ്ട് സൗജന്യ എൽപിജി സിലിണ്ടറെന്ന വാഗ്‌ദാനം. ആയുഷ്‌മാൻ ഭാരത് പദ്ധതി എല്ലാ മലയാളികൾക്കും ലഭ്യമാക്കുമെന്നാണ് മറ്റൊരു ഗ്യാരന്റി. കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ ബിപിഎൽ കുടുംബങ്ങൾക്കേ സഹായമുള്ളൂ.
12 ലക്ഷം കുടുംബങ്ങളാണ് പദ്ധതിയിലുള്ളത്. കേരളം കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിൽ 30 ലക്ഷം കുടുംബങ്ങൾക്ക് പരിരക്ഷ നൽകുന്നു. പദ്ധതിയെക്കുറിച്ചുപോലും ഇവർ പഠിച്ചിട്ടില്ല.
ക്ഷേമപെൻഷൻ വാഗ്‌ദാനവും തമാശയാണ്. 70 കഴിഞ്ഞവർക്ക് 3000 രൂപ പെൻഷനാണ് പ്രഖ്യാപനം. കേരളത്തിൽ ക്ഷേമപെൻഷൻ നൽകുന്നത് 60 കഴിഞ്ഞവർക്കാണ്. ഇത് 70 ആക്കി ചുരുക്കാനാണ് ബിജെപി നീക്കം. സർക്കാർ വിദ്യാലയങ്ങളിൽ ഐച്ഛികമായി ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസമാണ് മറ്റൊരു വാഗ്‌ദാനം. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചാൽ മലയാളത്തിനൊപ്പം ഇംഗ്ലീഷ് മീഡിയവും കേരളത്തിൽ ആരംഭിക്കാനാകും. മിക്ക സ്‌കൂളിലും ഇംഗ്ലീഷ് മീഡിയമുണ്ട്.
പിന്തുണ ആവശ്യമുള്ള എല്ലാ വിളകൾക്കും താങ്ങുവിലയെന്നും പറയുന്നു. സംസ്ഥാനത്ത് റബറിനും നാളികേരത്തിനും നെല്ലിനും താങ്ങുവിലയുണ്ട്. അത് വർധിപ്പിക്കുമെന്ന് പറയാൻ ബിജെപി തയ്യാറല്ല. വികസിത കേരളത്തെക്കുറിച്ച് എന്തൊക്കെ ഗീർവാണമാണ്. മല എലിയെ പ്രസവിച്ചെന്നു കേട്ടിട്ടുണ്ട്. പ്രകടനപത്രികയെന്ന വാറോല നാണക്കേടാണെന്നും തോമസ് ഐസക് കുറിച്ചു.










0 comments