മഴക്കാലപൂർവശുചീകരണം പൂർണപരാജയം; ഇനിയൊരു മഴപെയ്താലും നഗരത്തിൽ സ്ഥിതി ഇതുതന്നെ

തിരുവനന്തപുരം: ഇന്നലെ പെയ്ത മഴയിൽ തിരുവനന്തപുരം നഗരസഭയിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടത് നഗരസഭയുടെ മഴക്കാലപൂർവശുചീകരണത്തിന്റെ പരാജയമെന്ന് വിമർശനം. സാധാരണഗതിയിൽ എല്ലാ വർഷവും ജൂണിന് മുൻപ് ഓടകളും ജലാശയങ്ങളും ആമയിഴഞ്ചാൻ തോട് കടന്നുപോകുന്ന പ്രദേശങ്ങളും നഗരസഭാ വൃത്തിയാക്കാറുണ്ട്. മഴവരുമ്പോൾ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് ഇത്.
കൃത്യമായ മഴക്കാലപൂർവശുചീകരണം നടന്നിരുന്നതിനാൽ കഴിഞ്ഞ വർഷങ്ങളിൽ മഴ പെയ്ത് തീർന്നയുടൻ വെള്ളം ഓടകളിലൂടെ ഒലിച്ചുപോയിരുന്നു. തിരുവനന്തപുരം നഗരസഭയിൽ ബിജെപി ഭരണസമിതി അധികാരത്തിലേറിയതോടെ മഴക്കാലപൂർവശുചീകരണം താറുമാറായി.
അതോടെ ഒരു മണിക്കൂർ പെയ്ത മഴയിൽത്തന്നെ നഗരത്തിലെ മിക്കപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ ജനങ്ങൾ ആശങ്കയിലാണ്.
പ്രധാന കേന്ദ്രങ്ങളായ തമ്പാനൂർ ബസ് ടെർമിനൽ പരിസരത്തെ റോഡുകളിലും കടകളിലും വെള്ളം കയറി. വഞ്ചിയൂർ കോടതി പ്രദേശത്തും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. കൂടാതെ ചാലക്കമ്പോളത്തിലും വെള്ളക്കെട്ട് മൂലം വ്യാപക നാശനഷ്ടങ്ങളുണ്ടായി. കടകളിൽ വെള്ളം കയറിയതോടെ വലിയ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായിരിക്കുന്നത്.
ഹോൾസെയിൽ കടകളിലും ചെറിയ കടകളിലും സാധനങ്ങൾ പലതും വെള്ളം കയറി നശിച്ചു. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വെള്ളക്കെട്ടിലൂടെ സഞ്ചരിച്ച ഇലക്ട്രിക്ക് സ്കൂട്ടറുകൾ പലതും വഴിമധ്യേ നിന്നുപോയി. നഗരസഭയുടെ കെടുകാര്യസ്ഥത മൂലം വ്യാപക നാശനഷ്ടങ്ങളാണ് ഒറ്റ മണിക്കൂർ കൊണ്ട് നഗരത്തിലുണ്ടായത് .








0 comments