ക്രിക്കറ്റ് പരിശീലനത്തിനിടെ ലൈംഗിക പീഡനം: നാലാംകേസിൽ പ്രതിക്ക് 28 വർഷം തടവും പിഴയും

തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ കോച്ചിന് നാലാമത്തെ കേസിൽ 28 വർഷം തടവും 54,000 രൂപ പിഴയും ശിക്ഷ. വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം മനു (40)വിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. നാല് കേസുകളിലായി ആകെ 127 വർഷം കഠിനതടവും 2,23,000 രൂപ പിഴയും ഇതിനകം വിധിച്ചു.
2018 മുതൽ ഫിറ്റ്നസിന്റെയും ജിമ്മിന്റെയും മറവിലായിരുന്നു വിദ്യാർഥിനികളെ പീഡിപ്പിച്ചിരുന്നത്. ആറ് കേസുകൾ രജിസ്റ്റർ ചെയ്തതിൽ നാലെണ്ണത്തിലാണ് വിധിയായത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി.
തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്ററിൽ കുട്ടിയെ പരിശീലനത്തിനെന്നു പറഞ്ഞ് ജിമ്മിലേക്കും കുളിമുറികളിലേക്കും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ നഗ്ന ഫോട്ടോയും വീഡിയോയും എടുത്തു. പീഡനം പുറത്തുപറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പരിശീലനത്തിനായി മറ്റൊരു സ്ഥലത്തേക്ക് മാറി.
പരിശീലനത്തിനെത്തിയ അഞ്ച് കുട്ടികളെ പ്രതി പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവരും പിന്നീട് മറ്റ് പരിശീലന കേന്ദ്രങ്ങളിലേക്ക് മാറി. 2024ൽ തിരുവനന്തപുരത്ത് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ പീഡനത്തിൽ ഇരയായ ഒരു പെൺകുട്ടി പ്രതിയെ കണ്ടതോടെ ഭയന്ന് ബഹളംവച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഈ കുട്ടിയുടെ പരാതി പുറത്തറിഞ്ഞതോടെയാണ് മറ്റ് കുട്ടികളും പരാതി നൽകാൻ തയ്യാറായത്.










0 comments