അമ്മത്തൊട്ടിലിലെ പുതിയ മാലാഖയായി 'നൈല'

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. പത്ത് ദിവസം മാത്രം പ്രായവും രണ്ട് കിലോഗ്രാമിലധികം ഭാരവുമുള്ള പെൺകുഞ്ഞാണ് ഇത്തവണ അമ്മത്തൊട്ടിലിലേക്ക് എത്തിയത്. തിങ്കളാഴ്ച വൈകുന്നേരം ആറേകാലോടെയാണ് കുഞ്ഞിന്റെ വരവറിയിച്ച് സമിതിയിലെ കൺട്രോൾ റൂമിൽ അലാറം മുഴങ്ങിയത്.
അന്താരാഷ്ട്ര നഴ്സിങ് ദിനത്തിന്റെ തലേന്നാണ് കുഞ്ഞ് എത്തിയത് എന്നതിനാൽ, ആധുനിക നഴ്സിങിന്റെ മാതാവായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ സ്മരണാർത്ഥം കുഞ്ഞിന് 'നൈല' എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജി എൽ അരുൺ ഗോപി അറിയിച്ചു.
അമ്മത്തൊട്ടിലിൽ കുഞ്ഞ് എത്തിയ ഉടൻ തന്നെ ദത്തെടുക്കൽ കേന്ദ്രത്തിലെ മോണിറ്ററിൽ ചിത്രം തെളിയുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ജീവനക്കാരും എത്തി കുഞ്ഞിനെ പരിചരിക്കുകയുമായിരുന്നു. തുടർന്ന് തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരുടെ സംഘം വിശദമായി പരിശോധിച്ച കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണെന്ന് സമിതി വ്യക്തമാക്കി. ഈ വർഷം അമ്മത്തൊട്ടിലിൽ എത്തുന്ന ആറാമത്തെ അതിഥിയാണ് നൈല.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തെ അമ്മത്തൊട്ടിലുകൾ വഴി മാത്രം 104 കുട്ടികളാണ് സമിതിയുടെ പരിചരണത്തിൽ എത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ കുട്ടികൾ എത്തിയത് തിരുവനന്തപുരത്താണ്, 63 പേർ. ഈ കാലയളവിൽ വിദേശത്തും സ്വദേശത്തുമായി 226 കുട്ടികളെ സമിതി നിയമപരമായി ദത്ത് നൽകിയിട്ടുണ്ട്. ഇതിൽ ഇറ്റലി, അമേരിക്ക, ഡെൻമാർക്ക്, സ്പെയിൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് പോയ 27 കുട്ടികളും ഉൾപ്പെടുന്നു. നിലവിൽ സമിതിയുടെ കീഴിലുള്ള വിവിധ ശിശുപരിചരണ കേന്ദ്രങ്ങളിലായി 285 കുട്ടികളാണ് സംരക്ഷണയിലുള്ളത്.
നൈലയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കേണ്ടതുണ്ട്. അതിനാൽ കുഞ്ഞിന്റെ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ എത്രയും വേഗം ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.










0 comments