ad
Deshabhimani

'ഷാഫി പറഞ്ഞത് താൻ പ്രസംഗിക്കുന്നില്ലെന്ന്; സ്റ്റേജിലെ എല്ലാവരും ഒരു കുടുംബം പോലെ': 'തള്ളിൽ' ഉരുണ്ടുകളിച്ച് സതീശൻ

VD Satheeshan.jpg
വെബ് ഡെസ്ക്

Published on Feb 12, 2026, 12:04 PM | 1 min read

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ നയിക്കുന്ന യുഡിഎഫ്‌ ജാഥയിൽ പ്രസംഗിക്കാൻ ഷാഫി പറമ്പിലിനെ ആദ്യം വിളിക്കാത്തതിനെത്തുടർന്ന് ഉന്തും തള്ളും നടന്ന സംഭവത്തിൽ ഉരുണ്ടുകളിച്ച് വി ഡി സതീശൻ. താൻ പ്രസംഗിക്കുന്നില്ല എന്ന് പറഞ്ഞാണ് ഷാഫി സ്റ്റേജിൽ നിന്ന അധ്യക്ഷന്റെ കഴുത്തിനുപിടിച്ചുതള്ളിയതെന്ന വിചിത്രവാദവുമായാണ് പ്രതിപക്ഷനേതാവും ജാഥാ ക്യാപ്റ്റനുമായ വിടി സതീശൻ രംഗത്തെത്തിയത്.


എന്നാൽ വിഡി സതീശനെ അധ്യക്ഷൻ ക്ഷണിച്ചതിന് തൊട്ടുപിന്നാലെ അധ്യക്ഷനെ തള്ളിമാറ്റിക്കൊണ്ട് ഷാഫി 'വിളിച്ചശേഷമാണോ എന്നെ വിളിക്കുന്നത്' എന്ന് ചോദിക്കുന്നതായി വിഡിയോയിൽ വ്യക്തമായി കേൾക്കാം. അധ്യക്ഷനായിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ്‌ കക്കട്ടിലാണ്‌ സതീശൻ എത്തിയതോടെ അദ്ദേഹത്തെ പ്രസംഗിക്കാൻ വിളിച്ചത്‌.


സംസാരിക്കാനായി മൈക്കിനടുത്തേക്ക്‌ എത്തിയ ഷാഫി ഇളിഭ്യനായതിനെ തുടർന്നുള്ള ദേഷ്യം അധ്യക്ഷനുമേൽ തീർക്കുകയായിരുന്നു. അധ്യക്ഷനെ സ്റ്റേജിന് മുകളിൽ വച്ച് തന്നെ ഷാഫി ബലമായി കഴുത്തിനുപിടിച്ചു തള്ളിമാറ്റുകയായിരുന്നു. പാറയ്‌ക്കൽ അബ്‌ദുള്ളയും ഡിസിസി പ്രസിഡന്റ്‌ പ്രവീൺ കുമാറും പിന്തിരിപ്പിക്കൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇടയ്‌ക്ക്‌ വേദിയിൽനിന്നിറങ്ങിപ്പോകാനും ശ്രമിച്ചു.


നേതാക്കൾ ഇടപെട്ട്‌ അനുനയിപ്പിച്ചാണ്‌ സതീശന്റെ പ്രസംഗം കഴിയുംവരെ വേദിയിൽ നിർത്തിയത്‌. ഇനി താൻ പ്രസംഗിക്കാനില്ലെന്ന്‌ പ്രഖ്യാപിച്ചു. എന്നിട്ടും ഷാഫിയെ പ്രസംഗിക്കാനായി വിളിക്കാൻ മൈക്കിനടുത്തേക്കുപോയ അധ്യക്ഷനെ പിന്നിൽനിന്ന്‌ കഴുത്തിൽ ചുറ്റിപ്പിടിച്ചാണ്‌ ഷാഫി തടഞ്ഞത്‌. വേദിയിൽ നിൽക്കുകയായിരുന്ന 82 വയസ്സുള്ള മുല്ലപ്പള്ളി രാമചന്ദ്രൻ പിടിവലിക്കടിയിൽ പിന്നിലേക്ക്‌ മറിഞ്ഞുവീണു.


മുതിർന്ന നേതാവ്‌ നിലത്തുവീണിട്ടും ആരും ശ്രദ്ധിച്ചില്ല. ഒടുവിൽ ഒരുവിധം മൈക്കിനരികിലെത്തിയ പ്രമോദ്‌ കക്കട്ടിൽ ഷാഫിയെ പ്രസംഗിക്കാൻ ക്ഷണിച്ചു. താൻ സംസാരിക്കുന്നില്ലെന്ന്‌ പറഞ്ഞ്‌ തുടങ്ങിയ ഷാഫി ഒറ്റവരിയിൽ പ്രസംഗം അവസാനിപ്പിച്ചു.


സ്റ്റേജിൽ ഉന്തും തള്ളും നടക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ പ്രതിരോധത്തിലായി കോൺഗ്രസ് നേതൃത്വം സ്റ്റേജിലെ എല്ലാവരും ഒരു കുടുംബം പോലെയാണെന്നും ഒരു പ്രശ്നവുമില്ലെന്നുമുള്ള വിചിത്രവാദവുമായി രംഗത്ത് വരികയുമായിരുന്നു.


വിഡിയോയിൽ അങ്ങനെയല്ലെന്ന് വ്യക്തമല്ലേ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ വിഡി സതീശൻ വാർത്താസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയുടെ ഐക്യം ഊട്ടിയുറപ്പിക്കാൻ വേണ്ടി കൂടെ നടത്തിയ പുതുയുഗ യാത്ര കോൺഗ്രസിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home