തിരുവല്ലയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് യുവാവ് മരിച്ചു

തിരുവല്ല: നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തിരുവല്ല കാരയ്ക്കൽ ശ്രീവിലാസത്തിൽ അനിൽകുമാറിൻ്റെ മകൻ എ എസ് ജയകൃഷ്ണനാണ് മരിച്ചത്. സുഹൃത്തുക്കളായ അനന്തു, ഐബി എന്നിവർക്ക് പരിക്കേറ്റു.
കാവുംഭാഗം മുത്തൂർ റോഡിൽ മന്നങ്കരചിറ പാലത്തിനടുത്തു വ്യാഴാഴ്ച രാത്രി 11 മണിയോടെ ആണ് അപകടം. കാവുംഭാഗത്തുനിന്ന് മൂത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ പാലത്തിലൂടെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് അപ്രോച്ച് റോഡിന് സമീപം നിന്നിരുന്ന മരത്തിലും വൈദ്യുതി പോസ്റ്റിൻ്റെ കോൺക്രീറ്റ് തൂണിലും ഇടിച്ച് രണ്ടാൾ താഴ്ചയുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു. വൈദ്യുതിബന്ധവും നിലച്ചു.
ഇരുട്ടിൽശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാർ കയർ കെട്ടി വലിച്ച് കാർ കരയ്ക്കടുപ്പിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. അപ്പോഴേക്കും 15 മിനിറ്റ് പിന്നിട്ടിരുന്നു. അഗ്നിശമനസേന എത്തിയാണ് ഇവരെ കാറിൽനിന്ന് പുറത്തെത്തിച്ചത്. മരിച്ച ജയകൃഷണൻ്റെ മൃതദേഹം തിരുവല്ല താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അമ്മ: സുഭദ്ര. സഹോദരി: ജയശ്രീ.










0 comments