print edition ‘ആഹാരം കഴിക്കാനോ ഉറങ്ങാനോ ആകുന്നില്ല’ ; തിരുമല അനിലിന്റെ ഫോൺസംഭാഷണം പുറത്ത്

തിരുവനന്തപുരം
ബിജെപി നേതാക്കളെടുത്ത വായ്പ തിരിച്ചടയ്‌ക്കാതിരുന്നതിന്റെ പേരിൽ ആത്മഹത്യചെയ്‌ത ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായിരുന്ന തിരുമല അനിലിന്റെ നിർണായകമായ ഫോൺ സംഭാഷണം പുറത്ത്. ഫാം ടൂർ സഹകരണ സംഘത്തിന്റെ പ്രസിഡന്റ് എന്ന നിലയിൽ നേരിട്ട ദയനീയാവസ്ഥ നിക്ഷേപകനായ ശശിധരൻനായരുടെ മകളോട് പങ്കുവയ്‌ക്കുന്ന സംഭാഷണമാണ് വെള്ളിയാഴ്‌ച പുറത്തുവന്നത്.
‘ആഹാരം കഴിക്കാനോ ഉറങ്ങാനോ ആകുന്നില്ല. ഞാൻ പകുതിയായി മാറി. വീട്ടിൽ എല്ലാവരും ദുഃഖിതരാണ്, മക്കൾ ഒരു നിലയിലും ആയില്ല. ബാങ്ക് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. പണം നൽകണമെന്നുണ്ടെങ്കിലും സാധിക്കുന്നില്ല’– അനിൽ പറയുന്നു. ഗുരുതരമായ അസുഖംമൂലം കിടപ്പിലായ ശശിധരൻ നായരുടെ ചികിത്സയ്‌ക്കായാണ് നിക്ഷേപത്തുക തിരിച്ച് വേണമെന്ന് കുടുംബം ആവശ്യപ്പെട്ടത്. 12 ലക്ഷം രൂപയാണ് തിരിച്ചുകിട്ടേണ്ടിയിരുന്നത്.
പ്രതിസന്ധിക്കിടയിലും ചികിത്സാസഹായവും മരുന്നും മറ്റ് ആവശ്യങ്ങൾക്കും സഹായിക്കാം എന്നും അനിൽ സംഭാഷണത്തിനിടെ വാഗ്ദാനം ചെയ്തു. പണം തിരികെ ലഭിക്കാൻ പൊലീസിനോട് പറയാനും അനിൽ നിർദേശിച്ചു. ഇതനുസരിച്ചാണ് കുടുംബം തന്പാനൂർ പൊലീസിൽ പരാതി നൽകിയത്. എന്നാൽ, ബിജെപിയും സഹകരണസംഘവും അനിലിനെ ഒറ്റപ്പെടുത്തി. തുടർന്ന് സെപ്‌തംബർ 20ന് അനിൽ ജീവനൊടുക്കി.
പണം ആവശ്യപ്പെട്ട കിടപ്പിലായ നിക്ഷേപകനെ സഹകരണസംഘത്തിന്റെ സെക്രട്ടറിയായ നീലിമ കുറുപ്പ് നിർബന്ധിച്ച് ഓ-ഫീസിൽ എത്തിച്ചിരുന്നു. നിക്ഷേപകനെ സംഘത്തിലേക്ക് വരുത്തരുതെന്ന് അനിൽ ആവശ്യപ്പെട്ടെങ്കിലും നീലിമ ഇത് അനുസരിച്ചില്ല. ആംബുലൻസിൽ എത്തിയ ശശിധരൻനായരുടെ വിരലടയാളം വാങ്ങുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
അനിൽ ആത്മഹത്യ ചെയ്തശേഷവും നിക്ഷേപകന് പണം തിരികെ കിട്ടിയില്ല. സംഘത്തിന് ആറുകോടിരൂപയുടെ ബാധ്യതയുണ്ട്. മരിക്കുന്നതിന് രണ്ടു ദിവസംമുമ്പ് ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ കണ്ട് സംഘത്തിലെ പ്രതിസന്ധിയെക്കുറിച്ച് അനിൽ അറിയിച്ചെങ്കിലും സഹായിച്ചില്ല.
‘ഒരാശുപത്രിയിലും കൊണ്ടുപോകാൻ പറ്റാത്ത സ്ഥിതി’
കിടപ്പുരോഗിയായ ശശിധരൻനായർക്ക് കുറച്ചുകുറച്ചായി പണം നൽകാമെന്നാണ് തിരുമല അനിലിന്റെ മരണത്തിനുശേഷം സഹകരണസംഘത്തിന്റെ പ്രസിഡന്റായി വന്നയാൾ പറഞ്ഞതെന്ന് അദ്ദേഹത്തിന്റെ ഭാര്യ വത്സല പറഞ്ഞു. ‘രണ്ടുമാസം കഴിഞ്ഞിട്ടും ഒരുതുകയും തന്നില്ല. മകൾ വിളിക്കുന്പോൾ ഫോൺ എടുക്കാറില്ല. എല്ലാവരും ഒത്തുകൂടി ആലോചിച്ചകാര്യമായിരിക്കും പണം കൊടുക്കേണ്ടതില്ല എന്നത്.
ഞങ്ങൾ അത്രയ്‌ക്ക് കഷ്ടപ്പെട്ടിട്ടാണ് സംഘത്തിൽ പണം നിക്ഷേപിച്ചത്. ആ മനുഷ്യന്റെ സ്ഥിതിയൊന്ന് നിങ്ങള് വന്ന് നോക്കണം... ഒരാശുപത്രിയിൽ പോലും കൊണ്ടുപോകാൻ പറ്റാത്ത സ്ഥിതിയാണ്. രണ്ടുവർഷം കഴിഞ്ഞിട്ട് പണം കുറച്ചുകുറച്ചായി കിട്ടുന്പോഴേക്ക് ആ മനുഷ്യൻ കിടക്കുമോന്ന് ആർക്കറിയാം. ഞങ്ങൾക്ക് ജീവനല്ലേ വലുത്...’ വത്സല മാധ്യമങ്ങളോട് പറഞ്ഞു.










0 comments