ad
Deshabhimani

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം

പടവീരനും കുട്ടിച്ചാത്തനും വസൂരി ഭഗവതിയും എത്തും; ഇനി തെയ്യങ്ങളുടെ പൂരവും

klibf theyyam
avatar
റഷീദ്‌ ആനപ്പുറം

Published on Jan 07, 2026, 03:17 PM | 2 min read

തിരുവനന്തപുരം : നിയമസഭാ വളപ്പിൽ നാളെ കാവുണരും. മേളത്തോടെ ദൈവങ്ങളെ വരവിളിച്ച്‌ പള്ളിയുണർത്തും. അരി ചാർത്തി കോലക്കാരൻ വെള്ളാട്ടം അണിഞ്ഞ്‌ തോറ്റം ഉണർത്തും. തുടർന്ന്‌ തെയ്യക്കോലങ്ങൾ ഇറങ്ങും. കുട്ടിച്ചാത്തനും അഗ്‌നികണ്‌ഠാ കർണനും പൊട്ടനും വസൂരി ഭവഗവതിയും പടവീരനും പൂക്കുട്ടിചാത്തനും അക്കൂട്ടത്തിലുണ്ടാകും. തെയ്യാട്ടും തിറയാട്ടുമായി അവർ പോരാട്ടത്തിന്റെയും മതനിരപേക്ഷതയുടെയും ലോകം തീർക്കും. അങ്ങനെ, ഇ‍ൗ വർഷത്തെ നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവം കാഴ്‌ചയുടെ നിറപൊലിമയാൽ സമൃദ്ധമാകും. പുസ്‌തകോത്സവത്തിന്റെ രണ്ടാം ദിനമായ ജനുവരി എട്ടു മുതൽ 13 വരെയാണ്‌ വടക്കേ മലബാറിലെ അനുഷ്‌ഠാന കലയായ തെയ്യവും തിറയും കാഴ്‌ചയുടെയും അനുഭൂതിയുടെയും പൂരം തീർക്കുക.


കേരളത്തിന്റെ സാംസ്‌കാരികോത്സവമാണ്‌ കേരള നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവം. സാംസ്‌കാരികമായ അടിത്തറയിലാണ്‌ മതനിരപേക്ഷ–പുരോഗമന കേരളം രൂപപ്പെട്ടത്‌. എഴുത്തും വായനയും കലയും സംഗീതവും അഭിനയവും അതിന്‌ കരുത്തേകി. അതിനാലാണ്‌ നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം സംഘടിപ്പിക്കുന്നത്‌. ഇത്തവണത്തെ പുസ്‌തകോത്സവത്തിന്റെ പ്രത്യേകത തെയ്യങ്ങളുടെ സാന്നിധ്യമാണ്‌. വടക്കേ മലബാറിലെ ക്ഷേത്രങ്ങളും കാവുകളും കേന്ദ്രീകരിച്ച്‌ നടക്കുന്ന തെയ്യങ്ങളും തിറയും പുതിയ തലമുറയ്ക്ക്‌ പരിചയപ്പെടുത്തുകയാണ്‌ ലക്ഷ്യം.


അനുഷ്‌ഠാന കലയായതിനാൽ എല്ലാ ആചാരവുമായി ബന്ധപ്പെട്ട കർമങ്ങൾ ചെയ്‌താകും തെയ്യകോലങ്ങൾ ഇറങ്ങുക. ഇതിനായി സഭാ വളപ്പിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്‌. കണ്ണൂർ ജില്ലയിലെ പ്രമുഖ തെയ്യം കലാകാരൻമാരെ അണിനിരത്തി മാഹി തെയ്യം പൈതൃക സമിതിയാണ്‌ തെയ്യവും തിറയും അവതരിപ്പിക്കുന്നത്‌. അനീതിക്കും ജാതി മേൽകോഴ്‌മക്കുമെതിരായ പോരാട്ട സന്ദേശവും മത സഹിഷ്‌ണുതയും ഐക്യവും വിളിച്ചോതുന്നതാണ്‌ ഓരോ തെയ്യവും. ഗ്രമപശസ്ത തെയ്യം കലാകാരൻ പത്മശ്രീ നാരായണൻ പെരുവണ്ണാൻ ആശംസയർപിക്കും.

എട്ടിന്‌ ആദ്യം എത്തുന്നത്‌ പൂക്കുട്ടി ചാത്തനാണ്‌. ഫ്രഞ്ച്‌–ബ്രിട്ടീഷ്‌ യുദ്ധത്തിൽ തകർന്ന മയ്യഴിയിലെ സെന്റ്‌ തെരേസ ദേവാലയം പുനർനിർമാണത്തിനായി കൊയിലാണ്ടി ചാലോറ ഇല്ലത്തുനിന്നും മരവുമായി വന്ന കാളവണ്ടിയിൽ കയറിയാണ്‌ പൂക്കുട്ടി ചാത്തൻ മയ്യഴിയിൽ എത്തിയത്‌ എന്നാണ്‌ ഐതിഹ്യം. മയ്യഴി പള്ളിക്ക്‌ പിറകിലുള്ള ശ്രീപുത്തലം ഭഗവതി ക്ഷേത്രത്തിൽ ഇന്നും പൂക്കുട്ടി ചാത്തനെ ആരാധിക്കുന്നു. തുടർന്ന്‌ മുത്തപ്പൻ വെള്ളാട്ടം തെയ്യം ഇറങ്ങും. പരമശിവൻ, മഹാവിഷ്‌ണു എന്നീ ദൈവങ്ങൾ ഒരേ സമയം മുത്തപ്പനിൽ വരുന്നു. മക്കളില്ലാതെ വിഷമിച്ച ശിവഭക്തയായ പാടിക്കുറ്റിയമ്മയ്‌ക്കും മന്ദനാർ രാജാവിനും ലഭിച്ച കുട്ടിയാണ്‌ പിൽകാലത്ത്‌ മുത്തപ്പനായതെന്നാണ്‌ കഥ. പാടിവീരൻ തെയ്യം, അഗ്‌നികണ്‌ഠാ കർണൻ തെയ്യം, പൊട്ടൻ തെയ്യം എന്നിവയും അടുത്ത ദിവസങ്ങളിൽ എത്തും. കുട്ടിച്ചാത്തനും വസൂരിമാല ഭഗവതിയുമെല്ലാമാണ്‌ തിറയാട്ടമായി എത്തുക.


സാധാരണക്കാരുടെ ജീവിതവുമായി ഇഴചേർന്നു നിൽക്കുന്നതാണ്‌ തെയ്യങ്ങളുടെയും തിറകളുടെയും ഇതിവൃത്തം. അതിനാൽ ഓരോ തെയ്യക്കോലവും അവർക്ക്‌ ജീവിതത്തിന്റെ ഭാഗമാണ്‌. അനീതിക്കെതിരായ പോരാട്ടങ്ങൾകൊണ്ട്‌ ചീവന്ന മണ്ണാണ്‌ വടക്കേ മലബാറിന്റേത്‌. അത്തരം പോരാട്ടങ്ങളും മതനിരപേക്ഷതയും നിറഞ്ഞു നിൽക്കുന്ന തെയ്യങ്ങൾ അതിനാൽ അവരുടെകൂടി ജീവിതമാണ്‌ പറയുന്നത്‌. അത്‌ തലസ്ഥാനത്തിന്‌ പുതിയ അനുഭവമാകും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home