തിരച്ചിൽ നിർജീവം; സർക്കാർ ഇടപെടലില്ല: അഞ്ചാം ദിവസവും ജോണിനെ കണ്ടെത്താനായില്ല

ജോണിന്റെ തിരച്ചിലിനായി വിഴിഞ്ഞത്തുനിന്ന് കോസ്റ്റ് ഗാർഡ് കപ്പൽ പുറപ്പെടുന്നു. ഫോട്ടോ: എ ആർ അരുൺരാജ്
സ്വന്തം ലേഖകൻ
Published on Aug 05, 2026, 07:22 AM | 1 min read
വിഴിഞ്ഞം : വള്ളം മറിഞ്ഞ് കടലിൽ കാണാതായ ജോണിനുവേണ്ടിയുള്ള തിരച്ചിൽ നിർജീവം. ആറാം ദിവസമായിട്ടും ഫിഷറീസും തീരദേശ പൊലീസും ആഴക്കടലിലേക്ക് പോയിട്ടില്ലെന്ന് ആക്ഷേപം. ചൊവ്വ വൈകിട്ടോടെയാണ് വള്ളം മറിഞ്ഞ സ്ഥലം തിരിച്ചറിയാൻ കഴിഞ്ഞത്. കലക്‌ടറുമായി ബന്ധപ്പെടാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. സബ്‌കലക്‌ടറും ഡെപ്യൂട്ടി കലക്‌ടറും സംസാരിക്കാൻ തയ്യാറായെങ്കിലും പരുഷമായ ചോദ്യങ്ങളെ അതിജീവിച്ചാൽ മാത്രമാണ് ബന്ധുക്കൾക്ക് വ്യക്തമായ ഉത്തരം ലഭിക്കുന്നത്.
അതേസമയം തിരച്ചിലിന് നാവികസേനയുടെ സഹായം അഭ്യർഥിക്കാനും സർക്കാർ തയ്യാറായില്ല. കുറഞ്ഞത് അഞ്ചുപേരെങ്കിലും അപകടത്തിൽപ്പെട്ടാൽ മാത്രമേ നാവികസേനയെ വിളിക്കാൻ കഴിയുകയുള്ളൂവെന്നായിരുന്നു എം വിൻസെന്റ് എംഎൽഎയുടെ പ്രതികരണം. ഫിഷറീസ് വിവരങ്ങൾ നൽകുന്നില്ലെന്ന് പരാതിപ്പെട്ടപ്പോൾ തിരച്ചിലിനുപോയ മത്സ്യത്തൊഴിലാളികൾ വിവരം നൽകിയിരുന്നോ എന്നായിരുന്നു എംഎൽഎയുടെ മറുചോദ്യം. നിലവിൽ തിരച്ചിൽ നടക്കുന്നുണ്ടെങ്കിലും, സാധാരണ വള്ളത്തിൽ വെറും പത്ത് നോട്ടിക്കൽ മൈൽ മാത്രമാണ് തിരച്ചിലെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഒമ്പത്, 25 എച്ച്‌പി എൻജിനുകൾ ഘടിപ്പിച്ച വള്ളം അപകടസ്ഥലത്തെത്താൻ അഞ്ചുമണിക്കൂറിലേറെ സമയമെടുക്കും. ആഴക്കടലിലേക്ക് പോകുന്പോൾ ഇതിൽ വേണ്ടത്ര ഡീസൽ കരുതാനാകില്ല. അതിനാൽ കപ്പലിൽ തിരച്ചിൽ നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. തീരത്ത് ഹെലികോപ്ടർ പറത്തി തിരച്ചിൽ പ്രഹസനം നടത്താനും സർക്കാർ മറന്നില്ല.
മത്സ്യത്തൊഴിലാളികൾ സ്വന്തം ചെലവിൽ അഞ്ച് വള്ളമിറക്കിയാണ് ആഴക്കടലിലെത്തി തിരച്ചിൽ തുടരുന്നത്. 23 നോട്ടിക്കൽ മൈൽ ദൂരംവരെ തിരഞ്ഞു. കോസ്‌റ്റ് ഗാർഡിന്റെ രണ്ട് വള്ളങ്ങൾ രക്ഷാപ്രവർത്തനത്തിന് ഉണ്ടെങ്കിലും എത്ര നോട്ടിക്കൽ മൈൽ തിരച്ചിൽ നടത്തിയെന്നതിൽ വ്യക്തതയില്ല. ആകാശമാർഗം തിരച്ചിൽ നടത്തിയെന്ന് കോസ്‌റ്റ്‌ഗാർഡ് അവകാശപ്പെടുന്നുണ്ട്. 18 നോട്ടിക്കൽമൈൽ ദൂരത്തിനപ്പുറം അപകടം നടന്നതെന്നതിനാൽ കേന്ദ്രസഹായം ആവശ്യപ്പെടാം. സർക്കാർ അതിനും തയ്യാറായിട്ടില്ല.
ജോണിനൊപ്പം അപകടത്തിൽപ്പെട്ട നാലുപേരെ രക്ഷപ്പെടുത്തിയത് വള്ളത്തൊഴിലാളികളാണ്. ഇവരിൽ രണ്ടുപേർക്കൊപ്പം കോസ്‌റ്റ്‌ഗാർഡ് തിരച്ചിലിന് തയ്യാറെടുത്തെങ്കിലും ഓഫീസർമാർക്ക് ഛർദി അനുഭവപ്പെട്ടതിനാൽ പൂവാറിൽ അവസാനിപ്പിച്ചു. ചൊവ്വാഴ്ച മാത്രമാണ് കോസ്റ്റ്ഗാർഡ് കപ്പലിൽ തിരച്ചിൽ നടത്താൻ തയ്യാറായത്. തിരച്ചിൽ ഊർജിതമാക്കണമെങ്കിൽ ഇനിയൊരു കപ്പൽ കൊച്ചിയിൽനിന്ന് വരണം.










0 comments