ad
Deshabhimani

മലയാള ഭാഷയുടെ പരിണാമത്തിലും വളർച്ചയിലും കേരള നിയമസഭ വഹിച്ച പങ്ക് നിസ്തുലം: എൻ എസ് മാധവൻ

n s madhavan
വെബ് ഡെസ്ക്

Published on Jan 07, 2026, 04:22 PM | 2 min read

തിരുവനന്തപുരം : മലയാള ഭാഷയുടെ പരിണാമത്തിലും ഗദ്യത്തിന്റെ വളർച്ചയിലും കേരള നിയമസഭ വഹിച്ച പങ്ക് നിസ്തുലമാണെന്ന് പ്രശസ്ത സാഹിത്യകാരൻ എൻ എസ് മാധവൻ. നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഈ വർഷത്തെ നിയമസഭാ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇന്ത്യയിലെ മറ്റൊരു നിയമനിർമ്മാണ സഭയ്ക്കുമില്ലാത്ത ഭാഷാപരമായ പ്രതിബദ്ധതയാണ് കേരള നിയമസഭയ്ക്കുള്ളതെന്ന് എൻ എസ് മാധവൻ പറഞ്ഞു. മലയാള ഗദ്യം ഇന്നു കാണുന്ന രീതിയിൽ മാറിയതിൽ നിയമസഭയുടെ പങ്ക് വലുതാണ്. ഇംഗ്ലീഷിലെയും സംസ്കൃതത്തിലെയും ദുഷ്കരമായ പദങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലേക്ക് പരിഭാഷപ്പെടുത്തിയതിലൂടെ മലയാള ഭാഷയ്ക്ക് നിയമസഭ മികച്ച സംവേദനക്ഷമത നൽകി.


klibf


ലോക ചരിത്രം പരിശോധിച്ചാൽ സങ്കുചിതമായ നികുതി പിരിവ് എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സഭകൾ പിൽക്കാലത്ത് സംസ്കാരം, ഭാഷ, ക്ഷേമപദ്ധതികൾ തുടങ്ങി ജീവിതത്തിന്റെ എല്ലാ വശങ്ങളിലേക്കും വ്യാപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സമൂഹത്തിൽ സജീവമായി ഇടപെടുന്ന കേരള നിയമസഭയുടെ രീതി ലോകത്തിന് തന്നെ മാതൃക: ഡോ. ക്രിസ്റ്റഫർ കെ കലില


നിയമനിർമ്മാണത്തിനപ്പുറം സമൂഹത്തിൽ സജീവമായി ഇടപെടുന്ന കേരള നിയമസഭയുടെ രീതി ലോകത്തിന് തന്നെ മാതൃകയാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ (CPA) പ്രതിനിധി ഡോ. ക്രിസ്റ്റഫർ കെ. കലില (സാംബിയ) പറഞ്ഞു. കേരളത്തിലെ അധ്യാപകർ ആഫ്രിക്കൻ രാജ്യങ്ങളിലെ തലമുറകളെ വാർത്തെടുക്കുന്നതിൽ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ലെന്നും 1970കളിൽ ആഫ്രിക്കയിലെ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർ കേരളത്തിൽ നിന്നുള്ളവരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലയാളി അധ്യാപകർ പഠിപ്പിച്ച ഗണിതവും ശാസ്ത്രവും ഇന്നും ഓർമയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


klibf


വായിക്കുന്ന സമൂഹം ചോദ്യങ്ങൾ ചോദിക്കും: ബാനു മുഷ്താഖ്


പുസ്തകങ്ങൾ മനുഷ്യനെ വ്യത്യസ്തമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന അന്താരാഷ്ട്ര ബുക്കർ പുരസ്‌കാര ജേതാവ് ബാനു മുഷ്താഖ് പറഞ്ഞു. വായിക്കുന്ന ഒരു സമൂഹം അധികാരത്തോട് ചോദ്യങ്ങൾ ചോദിക്കാൻ കെൽപ്പുള്ളവരായിരിക്കും. നിയമസഭാ പുരസ്കാരം നേടിയ എൻ എസ് മാധവന്റെ കൃതികൾ ഭാഷാപരമായ അതിർവരമ്പുകൾ ഭേദിച്ച് ലോകമെങ്ങും എത്തുന്നത് ആഹ്ലാദകരമാണെന്നും അവർ കൂട്ടിച്ചേർത്തു.


മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച പുസ്തകോത്സവത്തിൽ മന്ത്രിമാർ, സാമാജികർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സാംസ്കാരിക സാഹിത്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ജനുവരി 13 വരെ നീണ്ടുനിൽക്കുന്ന പുസ്തകോത്സവത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നടക്കമുള്ള പ്രസാധകരും എഴുത്തുകാരും ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. പ്രവേശനം സൗജന്യമാണ്.


klibf



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home