ഇന്ത്യൻ പ്രസിഡന്റ് ചക്രവർത്തിയോ, ഗവർണർ സാമന്ത രാജാവോ അല്ല: ജസ്‌റ്റിസ് ജെ ബി കോശി

തിരുവനന്തപുരം: ഇന്ത്യൻ പ്രസിഡന്റ് ചക്രവർത്തിയോ, ഗവർണർ സാമന്ത രാജാവോ അല്ലെന്ന് കേരള ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്‌റ്റിസ് ജെ ബി കോശി. യൂണിയൻ സർക്കാരിന്റെയും സംസ്ഥാനസർക്കാരുടെയും അധികാരം എന്തൊക്കെയാണെന്ന് ഭരണഘടന പ്രത്യേകമായി നിർവചിച്ചിട്ടുണ്ട്. യൂണിയൻ ലിസ്‌റ്റിലാണ് പ്രതിരോധം, കറൻസി, വിദേശകാര്യം എന്നിവയുള്ളത്. സ്‌റ്റേറ്റ് ലിസ്‌റ്റിൽ 61 കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. പൊലീസ്, പൊതുജനാരോഗ്യം, ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ ഇതിൽ വരും. വിദ്യാഭ്യാസം, വനം തുടങ്ങിയകാര്യങ്ങൾ കൺകറന്റ് ലിസ്‌റ്റിലാണ്. പാർലമെന്റിലും നിയമസഭകൾക്കുമാണ് ഈ വിഷയങ്ങളിൽ പരമാധികാരം. ജനങ്ങളുടെ ഇച്ഛ അറിയുന്നത് അവരുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്ന എംപിമാർക്കും എംഎൽഎമാർക്കുമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ സംഘടിപ്പിച്ച "ഭരണഘടനാ ഫെഡറലിസം: ഉയർന്നുവരുന്ന വെല്ലുവിളികളും പ്രതികരണങ്ങളും" എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു ജസ്‌റ്റിസ് ജെ ബി കോശി. പാർലമെന്റ് ബില്ല് പാസാക്കുകയാണെങ്കിൽ ആ ബില്ലിൽ ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകളുണ്ടെങ്കിൽ പ്രസിഡന്റിന് തിരിച്ചയക്കാം. വീണ്ടും പാസാക്കി നൽകിയാൽ അത് സുപ്രീംകോടതിയിലെ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിടാം. യൂണിയൻ ലിസ്‌റ്റിൽ പറയുന്ന കാര്യങ്ങൾ ന്യായമില്ലാതെ എടുത്തിട്ടുണ്ടെങ്കിലോ, രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെങ്കിലോ നിയമസഭ പാസാക്കുന്ന ബില്ല് ഗവർണർക്ക് ഒപ്പിടാതെ താമസിപ്പിക്കാം. ഈ കാരണങ്ങൾ വ്യക്തമായി പറഞ്ഞുകൊണ്ട് തിരിച്ചയക്കണം. അത് പരിഗണിച്ച് വീണ്ടും നിയമസഭ പാസാക്കി അയക്കണം.
കൺകറന്റ് ലിസ്‌റ്റിൽ വരുന്ന കാര്യങ്ങളിൽ യൂണിയൻ സർക്കാർ പാസാക്കി നിയമങ്ങൾ ഉണ്ടെങ്കിൽ അതിന് എതിരായി നിയമങ്ങൾ പാസാക്കാൻ കഴിയില്ല. അതിൽ ഭേദഗതികൾ വേണമെങ്കിൽ പാർലമെന്റിന്റെ അനുമതിയോടെ കൂടി ചെയ്യാൻ കഴിയും. എന്നാൽ നിയമങ്ങളില്ലെങ്കിൽ നിയമസഭയ്‌ക്ക് പാസാക്കാം. അതും തടഞ്ഞുവയ്‌ക്കാൻ കഴിയില്ല. ബില്ല് പാസായി കഴിഞ്ഞാൽ വ്യക്തമായ കാരണങ്ങൾ കാണിച്ച്, കൂടി വന്നാൽ ഒരാഴ്‌ചക്കകം അല്ലെങ്കിൽ പരമാവധി പത്തു ദിവസത്തിനകം തിരിച്ചയക്കണം. അല്ലെങ്കിൽ ജനങ്ങളെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്. സുപ്രീംകോടതി ഇക്കാര്യത്തിൽ ഒരുമാസമെങ്കിലും കാലാവധി പറഞ്ഞത് അത് വളരെ ലിബറൽ ആണെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. ജി ബി റെഡ്ഢി, ജസ്‌റ്റിസ് സോഫി തോമസ്, നിയമസഭ സെക്രട്ടറി ഡോ. എൻ കൃഷ്‌ണകുമാർ എന്നിവരും സംസാരിച്ചു. പ്രൊഫ. കെ സി സണ്ണി മോഡറേറ്ററായി. നിയമസഭയാണ് സെമിനാർ സംഘടിപ്പിച്ചത്.










0 comments