യുഡിഎഫിന് ഒരുമിച്ച് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ, നിലവിലെ സാഹചര്യത്തോട് ഇടതുമുന്നണി പോസിറ്റീവായി പ്രതികരിക്കും: എ വിജയരാഘവന്‍

എ വിജരാഘവന്‍
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഉണ്ടായ പ്രതിസന്ധികള്‍ മുസ്ലീം ലീഗിലേക്കും വ്യാപിച്ചിരിക്കുകയാണെന്നും നിലവിലുള്ള സാഹചര്യത്തോട് ഇടതുമുന്നണി പോസിറ്റീവായി പ്രതികരിക്കുമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജരാഘവന്‍. മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതോടെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുകയാണ്. സീറ്റ് ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച അബ്ദുറഹ്മാന്‍ രണ്ടത്താണി ലീഗിലെ കരുത്തുറ്റ നേതാവാണെന്നും എ വിജരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ കേരള സമൂഹം അംഗീകരിച്ചിരിക്കുകയാണ്. യുഡിഎഫ് അവസരവാദപരമായ നിലപാടുകള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് അവര്‍ക്കുണ്ടായിരിക്കുന്ന പ്രതിസന്ധിയാണ് നാമിപ്പോള്‍ കാണുന്നത്. യുഡിഎഫില്‍ സാധാരണ പ്രതിസന്ധി നേരിടുന്ന വിഭാഗം കോണ്‍ഗ്രസാണ്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയാല്‍ അത് പ്രതിസന്ധിയായി മാറും. എന്നാല്‍, കോണ്‍ഗ്രസിനെ പോലെ തന്നെയാണ് ലീഗും എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം', എ വിജരാഘവന്‍ വ്യക്തമാക്കി.
മുസ്ലീം ലീഗ് പ്രതിസന്ധിയിലാകുന്ന ഘട്ടത്തില്‍, അബ്ദുറഹ്മാന്‍ രണ്ടത്താണിയെ പോലെn ലീഗിന്‍റെ നയങ്ങളെ പ്രതിരോധിച്ച മറ്റൊരു നേതാവില്ലെന്നും എ വിജരാഘവന്‍ കൂട്ടിച്ചേര്‍ത്തു.'കോണ്‍ഗ്രസില്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധികള്‍ ലീഗിലും വ്യാപിച്ചിരിക്കുകയാണ്. രണ്ടത്താണി അതൃപ്തി രേഖപ്പെടുത്തിയത് അംഗീകരിക്കുന്നു. യുഡിഫിന് ഒരുമിച്ച് നില്‍ക്കാന്‍ കഴിയാത്ത ഒരു സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. വി. അബ്ദുറഹ്മാന്‍ വളരെ വേഗത്തില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എംഎല്‍എയും മന്ത്രിയുമാണ്. അദ്ദേഹം ഇവിടെ വളരെ സജീവമായി തുടരും. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കൂടുതല്‍ എംഎല്‍എമാരെ കിട്ടാനുള്ള പശ്ചാത്തലം എവിടെ രൂപപ്പെട്ട് വന്നാലും അത് ഉപയോഗപ്പെടുത്തും. സാഹചര്യങ്ങളോട് പോസിറ്റീവായി പ്രതികരിക്കും. ആ നിലയില്‍ ഒന്നിലേറെ സ്ഥാനാര്‍ഥികള്‍ ഈ തെരഞ്ഞെടുപ്പിലുണ്ടാകും. സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ആശയക്കുഴപ്പം എല്‍ഡിഎഫിനില്ല', എ വിജരാഘവന്‍ പറഞ്ഞു.










0 comments