print edition വിദേശികളും താരം, ചില്ലറക്കാരനല്ല ചക്ക

പുത്തനത്താണി കാർഷിക നഴ്‌സറിയിലെ വ്യത്യസ്ത ഇനം പ്ലാവിൻതൈകൾ
സുധ സുന്ദരൻ
Published on Jul 04, 2026, 12:00 AM | 1 min read
മലപ്പുറം: സ്വിച്ചിട്ട വേഗത്തിൽ മുന്നിലെത്തുന്ന ന്യൂജെൻ വിഭവങ്ങളുടെ കാലമാണെങ്കിലും പഴുത്ത വരിക്കച്ചക്കയുടെ മണവും ചക്ക എരിശ്ശേരിയുടെ ഗുണവും മലയാളി മറക്കില്ല. രുചിച്ചറിഞ്ഞതിലും മധുരമാണ് ഇന്നത്തെ ചക്ക വിപണി. പറമ്പുകളിൽ ആർക്കും വേണ്ടാതെ വീണുകിടന്ന കാലമൊക്കെ മാറി. നൂറുകൂട്ടം ഇനങ്ങളും ഒട്ടനവധി വിപണന സാധ്യതകളുമായി ചക്ക താരമാണിന്ന്.
നാടനൊപ്പം വിദേശീയരും കളത്തിലുണ്ട്. അതിമധുരമുള്ള ഞങ്കടക്ക, വേഗത്തിൽ കായ്‌ക്കുന്ന വിയറ്റ്നാം സൂപ്പർ ഏർലി പിന്നെ, എവിആർ ജാക്കും ചെമ്പരത്തി വരിക്കയും. അങ്ങനെ വൈവിധ്യങ്ങൾ ഏറെയാണ്. വിപണന സാധ്യത പരിഗണിച്ച് നഴ്‌സറികളിലും കാർഷിക ഫാമുകളിലും പ്ലാവിൻതൈകളും സുലഭം.
ചക്കയുടെ നാടൻ ഇനങ്ങൾക്കൊപ്പം വിദേശീയർക്കും ഇടംനൽകിയാണ് നഴ്‌സറികളുടെയും പ്രവർത്തനം. പുത്തനത്താണി കാർഷിക നഴ്‌സറിയിൽ വിദേശയിനം ഉൾപ്പെടെ നിരവധിയിനം ചക്കതൈകൾ പരിപാലിക്കുന്നുണ്ട്.
ഏറെ മധുരമുള്ള കുഞ്ഞൻ ചക്ക ‘ഞങ്കടക്ക’ തന്നെയാണ് കൂട്ടത്തിൽ കേമൻ. പഴുത്താൽ ഓറഞ്ചുപോലെ പൊളിച്ചെടുക്കാൻ കഴിയുമെന്നതും പ്രത്യേകതയാണ്. മൂന്നുവർഷത്തിനുള്ളിൽ കായ്‌ഫലം തരും. ഇൗ ഇനത്തിന് ആവശ്യക്കാർ ഏറെയാണ്. നാലുമാസത്തിനുള്ളിൽ തൊണ്ണൂറോളം തൈകളാണ് വിറ്റഴിഞ്ഞത്.
ഇൻഡോനേഷ്യൻ ഇനമായ എവിആർ ജാക്കിനും ഡിമാന്‍ഡ് ഏറെയാണ്. ഏഴുവർഷത്തിനുള്ളിലാണ് കായ്‌ക്കുക. രണ്ടുതവണ കായ്‌ക്കുന്ന കംബോഡിയൻ ഓറഞ്ച്, ചുവപ്പ് നിറമുള്ള സിദ്ദു ജാക്ക് എന്നിവക്കും മികച്ച വിപണിയുണ്ട്.
കേരളത്തിനകത്തുനിന്നും പുറത്തുനിന്നും തൈകൾ എത്തിക്കാറുണ്ടെന്നും വൈവിധ്യമുള്ള തൈകൾക്കായി ആളുകൾ എത്താറുണ്ടെന്നും കാർഷിക നഴ്‌സറി ജീവനക്കാരി എ ജാസ്‌മിൻ പറഞ്ഞു.











0 comments