കമ്പിളി പുതച്ച് അമ്മക്കൂട്ടിൽ ലിയോ എത്തി; അവസാന മൂന്ന് മാസങ്ങളിലായി ലഭിച്ചത് 10 കുട്ടികളെ

തിരുവനന്തപുരം: ഡിസംബറിൻ്റെ കുളിരിൽ തണുപ്പേൽക്കാതിരിക്കാൻ കമ്പിളി പുതപ്പ് ചുറ്റി അമ്മ കൂടണഞ്ഞ് അഞ്ചു ദിവസ പ്രായക്കാരൻ. ക്രിസ്മിസിനെ വരവേൽക്കുന്ന അവസാന ഞായറാഴ്ച രാത്രി 9.40ന് കടുത്ത തണപ്പ് പടരവെയാണ് 3.245 കിഗ്രാം ഭാരമുള്ള പുതിയ അതിഥി തിരുവനന്തപുരത്തെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ എത്തിയത്.
ക്രിസ്മസ് രാവുകളെ ഓർമ്മപ്പെടുത്തി പുതുജീവിതത്തിലേക്ക് പറന്നിറങ്ങിയ നക്ഷത്ര കണ്ണുള്ള രാജകുമാരന് ധൈര്യത്തിൻ്റെയും ശക്തിയുടെയും പ്രതിരൂപമായ ലിയോ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപി വാർത്താകുറിപ്പിൽ അറിയിച്ചു.
ദത്തെടുക്കൽ കേന്ദ്രത്തിലെ നഴ്സും അമ്മമാർ ഉൾപ്പടെയുള്ള ജീവനക്കാർ കുട്ടിയെ ശിശുപരിചരണ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക പരിശോധനകൾ നടത്തിയതിനുശേഷം തൈക്കാട് സർക്കാർ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരുടെ പരിശോധനയിൽ പൂർണ്ണ ആരോഗ്യവാനാണ് അതിഥി. ഒക്ടോബർ നവംബർ ഡിസംബർ മാസങ്ങളിലായ തിരുവനന്തപുരത്ത് 10 കുട്ടികളെയാണ് (6 ആൺ, 4 പെൺ) ലഭിച്ചത്. കുട്ടിയുടെ ദത്തെടുക്കൽ നടപടികൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് സമിതി ജനറൽ സെക്രട്ടറി അറിയിച്ചു.









0 comments