print edition ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടത്തിന് സാംസ്‌കാരിക ലോകം മുന്നിട്ടിറങ്ങണം: മുഖ്യമന്ത്രി

ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് എറണാകുളം രാജേന്ദ്ര മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. എംഎൽഎ മാരായ കെ എൻ ഉണ്ണിക്കൃഷ്‌ണൻ, കെ ജെ മാക്സി, തെലുഗു കവി സുദ്ദല അശോക് തേജ, മാലിനി ഭട്ടാചാര്യ, ദിവ്യ എസ് അയ്യർ, നിലമ്പൂർ ആയിഷ, ബോസ് കൃഷ്ണമാചാരി, മന്ത്രി സജി ചെറിയാൻ, ഉമയാൾപുരം കെ ശിവരാമൻ, ടി പദ്മനാഭൻ, സുനിൽ പി ഇളയിടം, മന്ത്രി പി രാജീവ്, അടൂർ ഗോപാലകൃഷ്ണൻ, സി എൽ ജോസ്, സുരഭിലക്ഷ്മി, മുരളി ചീരോത്ത് തുടങ്ങിയവർ സമീപം
കൊച്ചി: ബഹുസ്വരതയിലും സമത്വത്തിലും ഭരണഘടനാമൂല്യങ്ങളിലും അധിഷ്‌ഠിതമായ ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടത്തിന് സാംസ്‌കാരികലോകം മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കലയെയും സംസ്‌കാരത്തെയും അരാഷ്‌ട്രീയവൽക്കരിക്കാനും സാമൂഹ്യ യാഥാർഥ്യങ്ങളിൽനിന്ന് അകറ്റാനുമാണ് രാജ്യം ഭരിക്കുന്ന വർഗീയശക്തികൾ ശ്രമിക്കുന്നത്. അത് അപകടകരമായ നീക്കമാണ്. എതിർപ്പുകളെ നിശബ്ദമാക്കാനും വെറുപ്പിനെ ന്യായീകരിക്കാനും ശ്രമിക്കുന്ന ഭരണസംവിധാനത്തെ ചെറുത്തുതോൽപ്പിക്കേണ്ടത് സാംസ്‌കാരിക ലോകത്തിന്റെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഒന്നിക്കാം, മുന്നേറാം’ എന്ന ആശയത്തോടെ രാജ്യത്താദ്യമായി സംഘടിപ്പിക്കുന്ന ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കൊച്ചിയിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനയെ തകർക്കുന്ന വർഗീയശക്തികൾ കൂടുതൽ കരുത്താർജിച്ച സാഹചര്യത്തിൽ സാംസ്‌കാരിക പ്രവർത്തക കൂട്ടായ്‌മയുടെ പ്രസക്തി വലുതാണ്. ഇന്ത്യയെ മതാധിഷ്‌ഠിതമായി പുനർനിർമിക്കാനുള്ള ആസൂത്രിത രാഷ്‌ട്രീയ പദ്ധതികളാണ് വർഗീയശക്തികൾ നടപ്പാക്കുന്നത്. ഒരാളുടെ മതം നോക്കി പൗരത്വം നിശ്ചയിക്കാനുള്ള ദേശീയ പൗരത്വനിയമഭേദഗതിയും ഫെഡറൽ സംവിധാനത്തെ തകർക്കുന്ന ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’പോലുള്ള ആശയങ്ങളും ജനലക്ഷങ്ങൾക്ക് വോട്ടവകാശം നിഷേധിക്കുന്ന തെരഞ്ഞെടുപ്പുരംഗത്തെ പരിഷ്‌കാരങ്ങളും അതിൽ ചിലതുമാത്രം. ചരിത്രത്തെയും സംസ്‌കാരത്തെയും വിജ്ഞാനത്തെയും സംരക്ഷിക്കേണ്ട ഗവേഷണ സ്ഥാപനങ്ങളെയും സർവകലാശാലകളെയും പ്രത്യേക അജൻഡ പ്രകാരമുള്ള പ്രവർത്തനങ്ങൾക്കായി നിയോഗിക്കുന്നു.
കലാവിഷ്‌കാരങ്ങൾക്ക് വിലങ്ങിടുന്നു. അധികാരത്തെയും അനീതികളെയും ചോദ്യംചെയ്‌തതിന്റെ പേരിൽ നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ് പൻസാരെ, എം എം കലബുർഗി, ഗൗരി ലങ്കേഷ് തുടങ്ങിയവരെ കൊന്നൊടുക്കി. പെരുമാൾ മുരുകനെപോലുള്ള എഴുത്തുകാരെ നിശബ്ദരാക്കി. ഇതൊന്നും ഒറ്റപ്പെട്ട കാര്യങ്ങളല്ല, താക്കീതുകളാണ്. സ്വതന്ത്രചിന്തകളെയും ആവിഷ്‌കാരങ്ങളെയും കുറ്റമായി കണക്കാക്കുമെന്ന താക്കീത്. സാമൂഹ്യമാറ്റങ്ങളിൽ കലാസാംസ്‌കാരികരംഗം വഹിക്കുന്ന പങ്കിനെ തടയലാണ് ലക്ഷ്യം. അതിനെതിരെ വ്യക്തവും ശക്തവുമായ ചെറുത്തുനിൽപ്പ് സാംസ്‌കാരികലോകത്തുനിന്ന് ഉണ്ടാകണം.
സമൂഹത്തിൽ ഭയവും വിദ്വേഷവും പടർത്തി നേട്ടംകൊയ്യുന്ന വർഗീയശക്തികളെ തുറന്നുകാട്ടാൻ കലാലോകം മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിലെ എട്ടു വേദികളിലായി 22 വരെ നടക്കുന്ന കൾച്ചറൽ കോൺഗ്രസിൽ ഇന്ത്യൻ സംസ്‌കാരത്തിന്റെ വൈവിധ്യവും ബഹുസ്വരതയും ഉയർത്തുന്ന കലാവിഷ്‌കാരങ്ങളും സംവാദങ്ങളും സെമിനാറുകളും അരങ്ങേറും. ‘സാഹോദര്യം, സമത്വം, സമാധാനം’ എന്നീ മൂല്യങ്ങളെ മുൻനിർത്തി സാംസ്‌കാരിക വകുപ്പിന്റെ പിന്തുണയോടെ വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളും സംഘടനകളും ചേർന്നാണ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്.










0 comments