മുഖ്യമന്ത്രി കസേരയ്ക്കായി കോൺഗ്രസിൽ തല്ല് മുറുകുന്നു; തമ്മിലടി കഴിഞ്ഞിട്ട് പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡ്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അധികാരം കിട്ടുന്നതിന് മുൻപേ കസേരയ്ക്കായി കോൺഗ്രസ് നേതാക്കൾ തെരുവിൽ തമ്മിലടിക്കുന്നു. കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ ഗ്രൂപ്പ് പോര് രൂക്ഷമായതോടെ പ്രഖ്യാപനം ഹൈക്കമാൻഡ് നീട്ടിവെച്ചു. നേതാക്കളുടെ അച്ചടക്കമില്ലായ്മയിൽ എഐസിസി നേതൃത്വം കടുത്ത അതൃപ്തിയിലാണ്. പരസ്യമായ ചേരിപ്പോര് അവസാനിപ്പിക്കാതെ പേര് പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ദില്ലിയിലെ ധാരണ.
മുഖ്യമന്ത്രി പദത്തിനായി കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ ഉറച്ചുനിൽക്കുന്നതാണ് ഹൈക്കമാൻഡിനെ വെട്ടിലാക്കിയിരിക്കുന്നത്. ഹൈക്കമാൻഡ് നോമിനിയായി വേണുഗോപാൽ വരുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവർ. ചർച്ചകൾ നീളുന്നത് തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് എ ഗ്രൂപ്പും ഐ ഗ്രൂപ്പും.
തന്റെ ചായം പൂശിയ പ്രതിച്ഛായ തകരുമോ എന്ന ഭയത്തിലാണ് സതീശൻ പക്ഷം. അതേസമയം, ഹൈക്കമാൻഡുമായി ചർച്ചകൾ കഴിഞ്ഞെന്നും പാർട്ടി തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞെങ്കിലും വിട്ടുവീഴ്ചയ്ക്ക് അദ്ദേഹം തയ്യാറല്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.
നേതാക്കളും അണികളും പരസ്യമായി തമ്മിലടിക്കുന്നത് നിരീക്ഷിക്കാൻ ഹൈക്കമാൻഡ് പ്രത്യേക സംവിധാനം തന്നെ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചനകൾ. ജനകീയ പ്രശ്നങ്ങളെക്കാൾ അധികാര വീതംവെപ്പിനും ഗ്രൂപ്പ് താൽപ്പര്യങ്ങൾക്കും കോൺഗ്രസ് മുൻഗണന നൽകുന്നതിനെതിരെ അണികൾക്കിടയിലും പ്രതിഷേധം പുകയുകയാണ്. ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നത് വരും ദിവസങ്ങളിൽ കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കും.











0 comments