കുതിരപ്പാളയത്തിൽ പട്ടാളമിറങ്ങി


സ്വാതി സുജാത
Published on Jun 29, 2025, 12:16 AM | 2 min read
തിരുവനന്തപുരം : കണ്ണേറ്റുമുക്കിലെ കരിങ്കൽ പാളയത്തിൽ പരസ്പരം കഴുത്തുരുമ്മിയും കടിച്ചും സ്‌നേഹപ്രകടനത്തിലാണ് മൂവർ സംഘം. പിരിക്കാനാകാത്ത ആത്മബന്ധം... ആരെങ്കിലും അകറ്റിനിർത്താൻ ശ്രമിച്ചാൽ ചാട്ടവും ബഹളവും തുടങ്ങും. ഉത്തർപ്രദേശിലെ ബ്രീഡിങ് സെന്ററിൽ ജനിച്ചുവളർന്നവരാണവർ. സഹാറൻപുരിലെ സൈ ന്യത്തിന്റെ റീമൗണ്ട് ഡിപ്പോ ആൻഡ് ട്രെയിനിങ് സ്കൂളിലെ പരിശീലവും ഒരുമിച്ച്. ആറ് മാസത്തെ പരിശീലനം പൂർത്തിയാക്കിയപ്പോൾ മൂന്ന് പേർക്കും നിയമനം ലഭിച്ചതാകട്ടെ തിരുവനന്തപുരത്തും. വ്യാഴാഴ്ച രാത്രി 7.30ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയപ്പോൾ തടിച്ചുകൂടിയ ജനങ്ങൾക്കിടയിൽനിന്നുള്ള കാമറാ ഫ്ലാഷുകളിൽ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് പോസ് ചെയ്യാൻ തുടങ്ങി.
ഫോട്ടോ- നിലിയ വേണുഗോപാല്‍
കേരള പൊലീസിന്റെ കുതിരപ്പൊലീസിലേക്ക് ഏഴ് വർഷത്തിനുശേഷം എത്തിയവരാണ്, തോറോ ഇനത്തിൽപ്പെട്ട ആറുവയസ്സുള്ള രണ്ട് പെൺകുതിരയും അഞ്ചുവയസ്സുള്ള ഒരു ആൺകുതിരയും. പുതിയ ഇടത്തിൽ 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാണ്. നിരീക്ഷണത്തിനുശേഷം രണ്ടു മാസത്തെ പരിശീലനം നൽകി അശ്വാരൂഢ സേനയുടെ പതിവ് ഡ്യൂട്ടികൾക്കിറക്കും. ആർമി കുതിരകളുടെ പരിശീലന രീതികൾ മനസ്സിലാക്കാൻ കുതിരപ്പൊലീസിലെ റിസർവ് എസ്‌ഐ എം എ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം ഒരുമാസം ഉത്തർപ്രദേശിൽ താമസിച്ചിരുന്നു. ട്രെയിൻ യാത്രയിൽ പൊലീസ് ഉദ്യോഗസ്ഥരും വെറ്ററിനറി സർജൻ ബി എസ് സുമനും ഒപ്പമുണ്ടായി.
ഫോട്ടോ- നിലിയ വേണുഗോപാല്‍
158 സെ.മീ, 155 സെമി ഉയരമുള്ള ഇവ കുതിരയോട്ട മത്സരങ്ങളിൽ പ്രാധാനിയാണ്. കൃത്യമായ ചിട്ടയും പരിശീലനവും ലഭിച്ചവയായതിനാൽ ഒരു കുതിരയ്ക്ക് രണ്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനാണ് തീരുമാനം. നാടൻ കുതിരകൾക്ക് ആളുകളെയും വാഹനങ്ങളെയും ചവിട്ടാനുള്ള പ്രവണതയുള്ളതിനാലാണ് ട്രെയിനിങ് ലഭിച്ച കുതിരകളെ എത്തിച്ചതെന്ന് ഡോ. ബി എസ് സുമൻ പറഞ്ഞു. എട്ട് കുതിരകളെയാണ് ആവശ്യപ്പെട്ടത്. പരിശീലനം പൂർത്തിയാക്കിയ അഞ്ച് കുതിരകളെ നവംബറിൽ നൽകാമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ഇപ്പോൾ ഒമ്പത് പെൺകുതിരയും അഞ്ച് ആൺകുതിരകളുമാണ് ഇവിടെയുള്ളത്. 20 വയസ്സുവരെ ഇവ സർവീസിലുണ്ടാകും. വിരമിക്കലിനുശേഷം കുതിരാലയത്തിൽത്തന്നെ പരിചരിക്കും. സിറ്റി പൊലീസ് കമീഷണർ തോംസൺ ജോസ് രൂപീകരിച്ച ബോർഡിന്റെ നേതൃത്വത്തിലാണ് കുതിരകളെ എത്തിക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ഫോട്ടോ- നിലിയ വേണുഗോപാല്‍
ഡിസിപി ടി ഫറാഷായിരുന്നു ബോർഡ് ചെയർമാൻ. തലസ്ഥാനത്തിന്റെ കാവൽപ്പട 1880ൽ രൂപീകരിച്ച "രാജപ്രമുഖാസ് ബോഡി ഗാർഡ്' കുതിരപ്പട്ടാളമാണ് 1961ൽ കേരള പൊലീസിന്റെ അശ്വാരൂഢസേനയായത്. ഇന്ന് സിറ്റി പൊലീസ് കമീഷണറുടെ കീഴിൽ ജഗതി കണ്ണേറ്റുമുക്കിലെ 1.14 ഏക്കറിലാണ് സേന പ്രവർത്തിക്കുന്നത്. ക്രമസമാധാന പാലനത്തിലും ജനമൈത്രി പൊലീസ് ഡ്യൂട്ടിയുടെ ഭാഗമായ ബീറ്റ് പട്രോളിങ്ങിലും കുതിരപ്പൊലീസ് സജീവമാണ്. അനിഷ്‌ട സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കൺട്രോൾ റൂമിലറിയിക്കും. ദിവസവും രാവിലെ ആറ് മുതൽ എട്ടുവരെ, വൈകിട്ട് 5.30മുതൽ 7.30 വരെ, രാത്രി 10മുതൽ രണ്ടുവരെയുമാണ് പട്രോളിങ്ങെന്ന് റിസർവ് സബ് ഇൻസ്പെക്ടർ വി പി ബിജു പറഞ്ഞു. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്‌ദിന പരേഡിലും സെറിമോണിയൽ പരേഡിലും വിശിഷ്‌ടാതിഥികൾ എത്തുമ്പോഴും സേന അണിനിരക്കും. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിലും ബീമാപള്ളി ഉറൂസിനും സേനയുടെ സേവനമുണ്ട്.








0 comments