പാലിയേക്കര ടോൾ പിരിവ് മരവിപ്പിച്ചത് തുടരും; ദേശീയപാത അതോറിറ്റിയുടെ ആവശ്യം തള്ളി

കൊച്ചി: പാലിയേക്കര ടോൾ പിരിവ് മരവിപ്പിച്ചത് തുടരും. ടോൾ പിരിവ് പുനസ്ഥാപിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി. റോഡ് ഗതാഗത യോഗ്യമാക്കാതെ ടോൾ പിരിക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ടോൾ പിരിവ് സംബന്ധിച്ച കേസിലെ ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.
നാളെ ജില്ലാ കലക്ടറോട് ഓൺലൈൻ വഴി ഹാജരാകാൻ കോടതി നിർദേശിച്ചു. എല്ലാ സർവീസ് റോഡുകളും കുഴിയടച്ച് ഗതാഗത യോഗ്യമാക്കിയിട്ടില്ല എന്നാണ് കലക്ടറുടെ റിപ്പോർട്ട്. തൃശൂര്‍ പേരാമ്പ്രയിൽ ഇപ്പോഴും അപകട സാധ്യതയുള്ള കുഴികളുണ്ടെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നത്.
ദേശീയപാതയിലെ ഗതാഗതക്കുരുക്ക് വിഷയത്തില്‍ എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ല എന്ന് കോടതി ആരാഞ്ഞു. മുന്‍പ് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ മറുപടിയും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശിയപാത അതോറിറ്റിയും കരാർ കമ്പനിയും ടോൾപിരിവ് പുനസ്ഥാപിക്കണം എന്ന ആവശ്യത്തിൽ തുടരുകയാണ്. ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മൂന്നാഴ്ച കൂടി സമയം നൽകണമെന്നായിരുന്നു ദേശിയപാത അതോറിറ്റി അറിയിച്ചത്. എന്നാൽ സർവീസ് റോഡുകളിലെ തകരാർ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലും ടോൾ നിരക്ക് വർധിപ്പിക്കുന്ന നടപടിയാണ് ദേശിയപാത അതോറിറ്റി സ്വീകരിച്ചത്.










0 comments