'കായലിലും കടലിലും നോക്കി, ആ കിറ്റ്കാറ്റ് ഇവിടെയെത്തിയിട്ടില്ല'; ഇനി നിങ്ങൾക്ക് ഒരു ബ്രേക്ക് എടുക്കണോ? കേരളത്തിലേക്ക് സ്വാഗതം !

ഫയൽ ചിത്രം
കോഴിക്കോട്: നെസ്ലയുടെ 12 ടണ്ണോളം വരുന്ന നാല് ലക്ഷത്തിലധികം കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകൾ മോഷണം പോയ വാർത്ത വന്നതിന് പിന്നാലെ രസകരമായ സോഷ്യൽമീഡിയ പോസ്റ്റുമായി കേരള ടൂറിസം. കേരളത്തിലെ കായലുകളിലോ, മലയോര മേഖലകളിലോ, കടൽതീരങ്ങളിലോ കാണാതായ ചോക്ലേറ്റ് ശേഖരം തങ്ങളുടെ എത്തിയിട്ടില്ലെന്ന് കേരള ടൂറിസം സോഷ്യൽമീഡിയയിൽ കുറിച്ചു.
'കാണാതായ കിറ്റ്കാറ്റ് ഷിപ്പിംഗിനെക്കുറിച്ച് ഞങ്ങൾക്കും വിവരം ലഭിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങളുടെ കായലുകളിലും മലയോരത്തും കടൽതീരങ്ങളിലും വിശദമായ പരിശോധന നടത്തി. അവയൊന്നും കേരളത്തിൽ എത്തിയിട്ടില്ല. ഇനി നിങ്ങൾക്ക് ശരിക്കുമൊരു ബ്രേക്ക് വേണോ? ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്'- കേരള ടൂറിസം സോഷ്യൽ മീഡിയാ പേജിൽ കുറിച്ചത് ഇങ്ങനെയാണ്. നിരവധി ആളുകളാണ് ഈ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. കിറ്റ്കാറ്റിന്റെ പ്രശസ്തമായ പരസ്യവാചകമായ Have a break ഉൾപ്പെടുത്തിയാണ് കേരള ടൂറിസത്തിന്റെ പോസ്റ്റ്.
ഇറ്റലിയിലെ ഉത്പാദന കേന്ദ്രത്തിൽ നിന്ന് പോളണ്ടിലേക്ക് പോയ കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകളുടെ ട്രക്ക് അടക്കമായിരുന്നു കാണാതെയായത്. ഉത്പാദന കേന്ദ്രത്തിൽ നിന്ന് ചരക്കുമായി പോയ വാഹനവും ഉത്പന്നങ്ങളും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. യൂറോപ്പിലെ വിവിധ കമ്പനികളിലേക്ക് വിൽക്കാൻ അയച്ച 4,13,793 ചോക്ലേറ്റ് ബാറുകളാണ് മോഷണം പോയത്.
കിറ്റ്കാറ്റ് ഉപയോഗിച്ച് ഒരു ഇടവേള എടുക്കുന്നതിന് ഞങ്ങൾ ഉപഭോക്തക്കളെ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, പക്ഷേ കള്ളന്മാർ ആ സന്ദേശം അക്ഷരാർത്ഥത്തിൽ എടുത്തുവെന്ന് നെസ്ലയുടെ പ്രതിനിധി പറയുന്നു. ഈസ്റ്ററിനോട് അനുബന്ധിച്ച് കിറ്റ്കാറ്റിൻ്റെ ഡിമാൻഡ് കൂടിയ സമയത്താണ് ലോറിയടക്കം മോഷണം പോയത്. യൂറോപ്പിൽ ചരക്ക് മോഷണം വർധിച്ചുവരുന്നത് കമ്പനികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് ആണ് വഴിവെച്ചിരിക്കുന്നത്.









0 comments