ad
Deshabhimani

തിരക്കഥയിലും തിരശീലയിലും ഗോത്രപ്പെരുമ; ഇത് അതിജീവനത്തിന്റെ 'തന്തപ്പേര്'

വെബ് ഡെസ്ക്

Published on Dec 17, 2025, 02:14 AM | 1 min read

തിരുവനന്തപുരം: കരുളായി വനമേഖലയുടെ പച്ചപ്പിൽ നിന്ന്, ചോലനായ്ക്കരുടെ അതിജീവനത്തിന്റെ കഥയുമായി ഒരു സിനിമ തലസ്ഥാന നഗരിയിലെത്തിയിരിക്കുന്നു. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത 'തന്തപ്പേര്' എന്ന ചിത്രം രാജ്യാന്തര ചലച്ചിത്രമേളയിലെ (IFFK) ഇന്റർനാഷണൽ കോമ്പറ്റിഷൻ വിഭാഗത്തിൽ ശ്രദ്ധാകേന്ദ്രമാവുകയാണ്.


മുപ്പത്തിനാലുകാരനായ വെള്ളകരിയൻ, അഥവാ മനീഷ് എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് ഈ സിനിമ വികസിക്കുന്നത്. ഈ രണ്ട് പേരുകൾ വെറുമൊരു അടയാളപ്പെടുത്തലല്ല, മറിച്ച് ചോലനായ്ക്കർ എന്ന ഗോത്രവിഭാഗം നേരിടുന്ന സ്വത്വപ്രതിസന്ധിയുടെ നേർക്കാഴ്ചയാണ്. ഗോത്രവർഗ യുവതയുടെ സ്വത്വബോധത്തെയും അവരുടെ പച്ചയായ ജീവിതത്തെയും അതിജീവനത്തെയുമാണ് 'തന്തപ്പേര്' വ്യക്തമാക്കുന്നത്.


അയ്യപ്പൻ, ബിജേഷ്, മനീഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമയുടെ കരുത്തായി മാറി. ചോലനായ്ക്ക വിഭാഗത്തിൽ നിന്ന് ആദ്യമായി ബിരുദം നേടി, നിലവിൽ പിഎച്ച്ഡി (PhD) ചെയ്യുന്ന വിനോദ് ചലൻ ആണ് സിനിമയുടെ സഹതിരക്കഥാകൃത്ത്. മലപ്പുറത്തെ വനാന്തരങ്ങളിൽ നിന്ന് ആദ്യമായി തലസ്ഥാന നഗരിയുടെ തിരക്കിലേക്കും ചലച്ചിത്രമേളയുടെ ഗരിമയിലേക്കും എത്തിയ ഈ യുവാക്കൾ മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കുകയാണ്.


"ചിത്രത്തിന്റെ രാഷ്ട്രീയം കേവലം ഒരു വാക്യത്തിൽ ഒതുക്കാനാവില്ല. ഇണവേട്ട, ആണഹന്ത, വ്യക്തിപരമായ പ്രതിസന്ധികൾ തുടങ്ങി പല തലങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ട്. മലബാറിലെ ചില പ്രദേശങ്ങളിൽ വർധിച്ചുവരുന്ന അവിവാഹിതരായ പുരുഷന്മാരുടെ എണ്ണം, അതുപോലെ ഇണകൾ കുറഞ്ഞുപോകുന്ന ചോലനായ്ക്ക വിഭാഗത്തിലെ അവസ്ഥ എന്നിവ സിനിമ ചർച്ച ചെയ്യുന്നുവെന്ന്‌ ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ചിത്രത്തിലെ കഥാപാത്രങ്ങൾ ചോലനായ്ക്ക ഗോത്രത്തിൽനിന്നുള്ളവരും സംഭാഷണങ്ങൾ ലിപിയില്ലാത്ത ചോലനായ്ക്ക ഭാഷയിലുമാണ്. സിനിമയെ മലയാള സിനിമ വിഭാഗത്തിൽ ഉൾപ്പെടുത്തിയപ്പോഴും നേരിട്ട പ്രധാന വെല്ലുവിളി സെൻസറിങ്ങിലായിരുന്നു.


ചോലനായ്ക്ക ഭാഷയെ രേഖപ്പെടുത്താൻ ഇടമില്ലാത്തതിനാൽ 'മറ്റുള്ളവ' എന്ന കോളത്തിലാണ് ഉൾപ്പെടുത്തിയത്. പൂര്‍ണമായും ചോലനായ്കരുടെ സഹകരണത്തിലാണ് സിനിമ ചെയ്തത്. അവസാനത്തെ മൂന്ന് സീനുകൾ പൂർത്തിയാക്കാൻ സാമ്പത്തിക പ്രതിസന്ധിയുണ്ടായി, ഒടുവില്‍ തേൻ വിപണിയിൽനിന്നുള്ള പണം ഉപയോഗിച്ചാണ് ഷൂട്ടിങ് പൂർത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ബുധൻ പകല്‍ 11.30ന് കൈരളി തിയറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home