print edition കുത്തിയൊലിച്ച് മണ്ണും വെള്ളവും; ഞെട്ടിവിറച്ച് കള്ളാടി

ആദർശ് ജോസഫ്
Published on Jul 08, 2026, 12:47 AM | 2 min read
മേപ്പാടി: കള്ളാടി മീനാക്ഷിയിലെ ഗ്രില്ലാക്‌സ് ഹോട്ടലിലെ സിസി ടിവി ദൃശ്യത്തിൽ സമയം പകൽ 11.14. തുരങ്കപാതയുടെ നിർമാണപ്രദേശം വ്യക്തമാണ്. 11.14 കഴിഞ്ഞ് 55 സെക്കൻഡ് പിന്നിടുമ്പോൾ പദ്ധതി പ്രദേശത്തുനിന്ന് രണ്ടുപേർ ഓടിവരുന്നു. സെക്കൻഡുകൾക്കുള്ളിൽ രണ്ടാൾ പൊക്കത്തിൽ കുത്തിയൊലിച്ചെത്തിയ മണ്ണും വെള്ളവും നിർത്തിയിട്ടിരുന്ന ബസിനെ തെറിപ്പിച്ച് പുഴയിലിട്ടു. ഒരു സ്‌ത്രീയടക്കം പാലത്തിലുണ്ടായിരുന്ന നാലുപേർ മണ്ണിൽ പുതഞ്ഞുവീണു. പാലത്തിലുണ്ടായിരുന്ന നിർമാണക്കമ്പനിയുടെ ടാങ്കർ ലോറി മണ്ണൊഴുക്കിൽ പിറകോട്ട് നിരങ്ങിനീങ്ങി റോഡിന് കുറുകെ നിന്നു. റോഡിൽനിന്ന് ജീവനുംകൊണ്ടോടിയവർ ലോറിക്കടിയിൽപ്പെടാതെ തലനാരിഴയ്‌ക്ക് രക്ഷപ്പെടുന്നു.
തിങ്കൾ രാത്രിയിലും ചൊവ്വ പുലർച്ചെയുമായി പെയ്‌ത ശക്തമായ മഴയാണ് അപകടത്തിനിടയാക്കിയത്. കാലവർഷം കണക്കിലെടുത്ത് തുരങ്കപാതയുടെ നിർമാണം നിർത്തിവച്ചിരുന്നു. പദ്ധതി പ്രദേശത്തെ മഴവെള്ളം തിരിച്ചുവിടാനും റോഡിലെ ചെളി നീക്കാനുമായെത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
തൊഴിലാളികളും എൻജിനിയർമാരും ഉൾപ്പെടെ 18 പേരാണ് പദ്ധതി പ്രദേശത്ത് ഉണ്ടായിരുന്നത്. ജോലി ആരംഭിച്ച് രണ്ടുമണിക്കൂർ പിന്നിട്ടപ്പോഴായിരുന്നു അപകടം. പദ്ധതിയുടെ കട്ട് ആൻഡ് കവർ പ്രവൃത്തി ചെയ്തതിനുമുകളിൽനിന്ന് മണ്ണ് ഇടിയുകയായിരുന്നു. കൂട്ടിയിട്ട മൺകൂനകളിലേക്ക് വെള്ളവും മണ്ണും പതിച്ചു. നിമിഷനേരത്തിനുള്ളിൽ മേപ്പാടി–ചൂരൽമല റോഡിലേക്ക് മണ്ണും മരങ്ങളും ഉൾപ്പെടെ കുത്തിയൊലിച്ചു. തൊഴിലാളികൾ ഇതിനടിയിലായി. സമീപത്തെ നിസ്‌കാര പള്ളിയും തകർത്ത് മീനാക്ഷി പുഴയിലേക്ക് മണ്ണും വെള്ളവും മരങ്ങളുമെത്തി. പുഴയ്‌ക്ക് കുറുകെയുള്ള പാലത്തിന് മുകളിലും മൺകൂനയായി. സമീപത്തെ വീടിന്റെ ഒരുഭാഗം മണ്ണുമൂടി. ശബ്‌ദം കേട്ട് ഓടിയതിനാലാണ് വീട്ടുകാർ രക്ഷപ്പെട്ടത്.
തുരങ്കപാതയുടെ പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് മീനാക്ഷി പുഴയിലേക്ക്
വീണുകിടക്കുന്ന ബസ്
പ്രദേശത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരും സമീപവാസികളും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നീട് മേപ്പാടി പൊലീസും കൽപ്പറ്റ അഗ്നിരക്ഷാ സേനയും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി.
7 പേർ ആശുപത്രിയിൽ;
2 പേർക്ക് ഗുരുതര പരിക്ക്
മേപ്പാടി: കള്ളാടി മണ്ണിടിച്ചിലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴുപേരിൽ രണ്ടുപേർക്ക് ഗുരുതരപരിക്ക്. ഏഴുപേരും തുരങ്കപാതയുടെ നിർമാണ കമ്പനിയായ ദിലീപ് ബിൽഡ് കോണിന്റെ തൊഴിലാളികളാണ്. ഗുരുതരപരിക്കുള്ള അതിഥി തൊലാളികളായ ദീലീപ് (19), രജനീഷ് (27) എന്നിവർ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. എറണാകുളം സ്വദേശിയായ സുരക്ഷ എൻജിനിയർ കുഞ്ചു (39), അഥിതി തൊലാളികളായ ഹിര കുമാർ (32), സൂരജ് യാഥവ് (25), സജ്ഞയ് താക്കൂർ (35), തൻമയ് ഘോഷ് (28) എന്നിവരാണ് ചികിത്സയിലുള്ളത്. ബീഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നും എത്തിയവരാണ് അതിഥി തൊലാളികൾ.
ദീലീപും രജനീഷും ഒഴികെയുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പഞ്ഞു. ഇവർക്കുപുറമെ പരിക്കേറ്റ് എത്തിയ മീനാക്ഷി ഏലം എസ്‌റ്റേറ്റിലെ തൊഴിലാളി കൂടമ്മാൾ (37) ആശുപത്രിവിട്ടു. രക്ഷാ പ്രവർത്തനത്തിനിടെ പരിക്കേറ്റ് മേപ്പാടി പൊലീസ് എസ്‌ഐ സന്തോഷ് കുമാറും ചികിത്സ തേടിയിരുന്നു.
മനുഷ്യനിർമിത ദുരന്തമെന്ന് സിദ്ദിഖ്
തിരുവനന്തപുരം: വയനാട് കള്ളാടിയിലെ തുരങ്കപാത നിര്‍മാണ മേഖലയില്‍ അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായതെന്ന് മന്ത്രി ടി സിദ്ദിഖ്. ഇതൊരു പ്രകൃതിദത്ത ഉരുള്‍പൊട്ടലല്ലെന്നും ശാസ്ത്രീയമല്ലാത്ത രീതിയില്‍ മണ്ണ് കൂട്ടിയിട്ടതുമൂലം ഉണ്ടായ മനുഷ്യനിര്‍മിത ദുരന്തമാണെന്നും മന്ത്രി പറഞ്ഞു. മുന്‍കൂര്‍ നല്‍കിയ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും അവഗണിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മഴക്കാലത്ത് ഇത്തരം മണ്ണ് നീക്കലും സംഭരണവും പൂര്‍ണമായി നിര്‍ത്തിവയ്ക്കണമെന്നും അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഉടന്‍ മാറ്റണമെന്നും മഴപെയ്താല്‍ ഉണ്ടാകുന്ന അപകടസാധ്യതയെ കുറിച്ച് കരാർ കമ്പനിക്ക് നേരത്തെ മുന്നറിയപ്പ് നല്‍കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും നടപ്പാക്കാതിരുന്നത് വിശദമായി പരിശോധിക്കും– സിദ്ദിഖ് പറഞ്ഞു.
മണ്ണ് മാറ്റണമെന്ന് നിർദേശിച്ചിരുന്നു: പി കെ ബഷീർ
ന്യൂഡൽഹി: വയനാട് തുരങ്കപാതയുടെ നിർമാണം നടക്കുന്നയിടത്ത് അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് നീക്കണമെന്ന് രണ്ടുതവണ നിർദേശം നൽകിയെന്ന് മന്ത്രി പി കെ ബഷീർ. വകുപ്പ് സെക്രട്ടറി അടക്കം സ്ഥലം സന്ദർശിച്ചു. എന്നാൽ മണ്ണിടിച്ചിലിന്റെ ഉത്തരവാദിത്തം കൊങ്കൺ റെയിൽവേക്കാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, മണ്ണിടിച്ചലിനെ സംബന്ധിച്ച വിവരങ്ങൾ ചോദിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട് മന്ത്രി ക്ഷുഭിതനായി. സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റിയിടാനുള്ള നിർദേശം നൽകിയിട്ട് എത്ര ദിവസമായി എന്ന് ചോദിച്ചപ്പോഴാണ് മന്ത്രി ക്ഷുഭിതനായത്. തുരങ്കപാതയുടെ നിർമാണം പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലല്ല നടക്കുന്നതെന്ന് മന്ത്രി ദേഷ്യത്തോടെ പറഞ്ഞു. ‘വകുപ്പിന്റെ മേലേക്ക് അപകടത്തിന്റെ ഉത്തരവാദിത്തം ചാരേണ്ട. നിങ്ങൾ കുത്തിക്കുത്തി ചോദിക്കുന്നത് അതിനാണ്’ – മന്ത്രി പറഞ്ഞു.









0 comments