ad
Deshabhimani

പൊങ്കാലയർപ്പിച്ച് മടങ്ങി പതിനായിരങ്ങൾ

ATTUKAL PONGALA
വെബ് ഡെസ്ക്

Published on Mar 03, 2026, 03:16 PM | 1 min read

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ഹൃദയംതൊട്ട് പൊങ്കാലയർപ്പിച്ച് പതിനായിരങ്ങൾ മടങ്ങി. പൊങ്കാല മധുരത്തിനൊപ്പം സ്നേഹവും സൗഹൃദവും പകുത്താണ് ഭക്തർ നഗരത്തോട് വിട ചൊല്ലിയത്. രാവിലെ 9.15ന് ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിച്ചു. 9.45ന്‌ അടുപ്പുവെട്ട് നടന്നു. തുടർന്ന്‌ ശ്രീകോവിലില്‍നിന്ന്‌ മേല്‍ശാന്തി ദീപം പകര്‍ന്ന് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ കത്തിച്ചശേഷം സഹമേല്‍ശാന്തിമാര്‍ക്ക് കൈമാറി. അവര്‍ വലിയ തിടപ്പള്ളിയിലും പണ്ടാരഅടുപ്പിലും തീ പകർന്നതോടെ ക്ഷേത്രത്തിൽനിന്ന്‌ കതിനാവെടി മുഴങ്ങി. ക്ഷേത്രത്തിൽനിന്ന്‌ അറിയിപ്പ്‌ ലഭിച്ചതോടെ ലക്ഷക്കണക്കിന്‌ വിശ്വാസികൾ അടുപ്പുകളിൽ തീകൊളുത്തി. പകൽ 2.15ന്‌ നിവേദിച്ചു. 350 ഓളം പൂജാരിമാരെ പൊങ്കാല നിവേദ്യത്തിനായി നിയോഗിച്ചിരുന്നു.


പൊങ്കാല നടക്കുന്ന പ്രദേശങ്ങളിൽ പത്തിടത്ത്‌ മെഡിക്കല്‍ ടീമും ആംബുലന്‍സും സജ്ജീകരിച്ചിരുന്നു. പുലർച്ചെ അഞ്ചുമുതല്‍ പൊങ്കാല കഴിയുന്നതുവരെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷന്‍ ഉള്‍പ്പെടെ ‘108 ആംബുലന്‍സി’ന്റെ സേവനം ലഭ്യമാക്കിയിരുന്നു. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് അടിയന്തര വൈദ്യസഹായത്തിനായി ബൈക്ക് ഫസ്റ്റ് റെസ്‌പോൺസ് ടീമുകളെയും ആംബുലൻസുകളെയും സജ്ജമാക്കിയിരുന്നു. കലക്ടറേറ്റിലും ക്ഷേത്രപരിസരത്തും പ്രത്യേക കൺട്രോൾ റൂമുകൾ തുറന്ന് ആരോഗ്യപ്രവർത്തകരെ വിന്യസിച്ചിരുന്നു. കടുത്ത ചൂട് കണക്കിലെടുത്ത് പ്രത്യേക ചികിത്സാ സൗകര്യങ്ങളോടെ 12 ആശുപത്രികളിൽ ക്രമീകരണങ്ങൾ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ മൊബൈൽ ലബോറട്ടറിയും പ്രത്യേക കൺട്രോൾ റൂമും, കൂടാതെ, ആയുർവേദ, ഹോമിയോപ്പതി വകുപ്പുകളുടെ മെഡിക്കൽ ക്യാമ്പുകളും സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഉറപ്പാക്കിയിരുന്നു. പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയ സേന വിഭാ​ഗങ്ങളുടെ സേവനം പൊങ്കാലയുടെ ആദ്യാവസാനം ലഭ്യമായി.


ചന്ദ്രഗ്രഹണമായതിനാല്‍ പകൽ 3.10 മുതല്‍ രാത്രി ഏഴുവരെ ആറ്റുകാൽ ക്ഷേത്രനട അടച്ചിടും. 8.30-ന് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള ചൂരല്‍കുത്ത്, 10.45-ന് പുറത്തെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകൾ നടക്കും. മണക്കാട് ശാസ്താ ക്ഷേത്രത്തില്‍ ബുധനാഴ്ച രാവിലെ എത്തുന്ന എഴുന്നള്ളത്ത് എട്ടോടെ ക്ഷേത്രത്തില്‍ തിരിച്ചെത്തും. രാത്രി 9.45-ന് കാപ്പഴിച്ച് കുടിയിളക്കും. 12.45-ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെയാണ് ഉത്സവം സമാപിക്കുക.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home