ad
Deshabhimani

പത്തുവർഷം; കേരളത്തിനുണ്ടായത് സമഗ്ര പുരോഗതി; നേട്ടങ്ങൾ തുടരണം: മുഖ്യമന്ത്രി

chief minister
വെബ് ഡെസ്ക്

Published on Apr 01, 2026, 12:35 PM | 4 min read

ആലപ്പുഴ : എൽഡിഎഫ് സർക്കാരിന്റെ പത്തുവർഷത്തെ ഭരണകാലത്തുണ്ടായ മാറ്റങ്ങള്‍ കേരളം മുഴുവന്‍ കൈവരിച്ച സമഗ്ര പുരോഗതിയുടെ അടയാളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്താകെ ക്ഷേമവും വികസനവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള ഈ ദിശ തുടരേണ്ടത് അനിവാര്യമാണ്. ഈ നേട്ടങ്ങള്‍ നിലനിര്‍ത്താനും കൂടുതല്‍ ശക്തിപ്പെടുത്താനും എല്‍ഡിഎഫ് കൂടുതല്‍ കരുത്തോടെ വിജയിക്കേണ്ടത് കാലത്തിന്‍റെ ആവശ്യമാണെന്നും മുഖ്യമന്ത്രി ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ആലപ്പുഴയിലെ സാഹചര്യങ്ങളെ ഗൗരവമായി പരിഗണിച്ച്, തീരസംരക്ഷണം, കുട്ടനാട് സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളില്‍ ശാസ്ത്രീയവും ദീര്‍ഘകാലവുമായ ഇടപെടലുകള്‍ നടത്താനാന്ന് കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ ശ്രമിച്ചത്. ഇന്ന് ആലപ്പുഴയിലുണ്ടായ മാറ്റങ്ങള്‍ തുടര്‍ച്ചയായ ഇടപെടലുകളുടെ ഫലമാണ്. സമുദ്രനിരപ്പില്‍ താഴെ കൃഷി നടക്കുന്ന പ്രദേശമായ കുട്ടനാട്, വര്‍ഷങ്ങളായി പ്രളയവും വെള്ളക്കെട്ടും മൂലം പ്രതിസന്ധി നേരിടുന്ന അവസ്ഥയിലാണ് കുട്ടനാട് പാക്കേജ് ആവിഷ്കരിച്ചത്.


കുട്ടനാടിന്‍റെ സമഗ്ര പുനരുജ്ജീവനത്തിന് അത് സഹായകമായി മാറിയിട്ടുണ്ട്. പാടശേഖരങ്ങളെ സംരക്ഷിക്കാന്‍ പുറംബണ്ടുകള്‍ ശക്തിപ്പെടുത്തുകയും, തോടുകളും കനാലുകളും ശുചീകരിച്ച് ജലനിർ​ഗമനം മെച്ചപ്പെടുത്തുകയും ചെയ്തു. 192 പാടശേഖരങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനവും 85 പാടശേഖരങ്ങളില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി. ഇതിലൂടെ 11,437 ഹെക്ടറില്‍ കൂടുതല്‍ കൃഷിഭൂമി സംരക്ഷിക്കപ്പെട്ടു.


2018ലെ മഹാപ്രളയത്തില്‍ ഈ ഇടപെടലുകളുടെ ഫലം വ്യക്തമായി. പുറംബണ്ട് നിർമിച്ച പാടശേഖരങ്ങളില്‍ കൃഷി നിലനിന്നപ്പോള്‍, സംരക്ഷണമില്ലാത്ത പ്രദേശങ്ങളില്‍ കൃഷി നശിച്ചു. രണ്ടാംഘട്ട പാക്കേജിന്‍റെ ഭാഗമായി 2447 കോടി രൂപയുടെ സമഗ്ര പദ്ധതി തയ്യാറാക്കി. 2019 മുതല്‍ 2025 വരെ ഏകദേശം 298 കോടി രൂപ ചെലവഴിച്ച് 318 പ്രവൃത്തികളില്‍ 185 എണ്ണം പൂര്‍ത്തീകരിച്ചു. നബാഡിലൂടെ ഉള്‍പ്പെടെ വിവിധ പദ്ധതികളിലൂടെ അധിക ധനസഹായവും ഉറപ്പാക്കി. 16,000 ഹെക്ടറില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി.


ഇതിന്‍റെ ഭാഗമായി 280 കിലോമീറ്റര്‍ തോടുകള്‍ ശുചീകരിച്ചു. തണ്ണീര്‍മുക്കം ബാരേജ്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവ നവീകരിച്ചു. എസി കനാല്‍ നവീകരണവും റൂംഫോര്‍ റിവർ പദ്ധതിയും വഴി ജലനിര്‍ഗ്ഗമന ശേഷി വര്‍ദ്ധിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഈ ഇടപെടലുകളുടെ ഫലമായിവെള്ളക്കെട്ട് ഗണ്യമായി കുറക്കാനും പ്രളയത്തിന്‍റെ ആഘാതം നല്ല നിലയിൽ നിയന്ത്രണ വിധേയമാക്കാനും കഴിഞ്ഞു. ബാക്കിയുള്ള 746 പാടശേഖരങ്ങളില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം 1398 കോടി രൂപയാണ് കണക്കാക്കുന്നത്. കുട്ടനാടിനെ സംരക്ഷിക്കാന്‍ ശാസ്ത്രീയവും ദീര്‍ഘകാലവുമായ ഇടപെടലുകള്‍ സമന്വയിപ്പിച്ച സമഗ്ര വികസന പദ്ധതിയായാണ് കുട്ടനാട് പാക്കേജിനെ കാണുന്നത്.


2018ലെ പ്രളയത്തില്‍ ആലപ്പുഴ- ചങ്ങനാശ്ശേരി (എ സി) റോഡ് തകര്‍ന്നു പോയിരുന്നു. വെള്ളപ്പൊക്കത്തെ നേരിടാന്‍ കഴിയുന്ന രീതിയില്‍ ഈ പാത പുനര്‍നിർമിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചങ്ങനാശ്ശേരി പെരുന്ന ജംഗ്ഷനില്‍ നിന്ന് കളര്‍കോട് ജംഗ്ഷന്‍ വരെയുള്ള 24.164 കിലോമീറ്റര്‍ ദൂരത്തിലാണ് പാത പുനര്‍നിർമിച്ചത്. ചങ്ങനാശ്ശേരി, കുട്ടനാട്, അമ്പലപ്പുഴ മണ്ഡലങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്ന ഈ റോഡ് 752 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് പൂര്‍ത്തിയാക്കിയത്. ഇനിയൊരു പ്രളയമുണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ 3 ക്രോസ്വേകള്‍, 5 ഫ്ളൈഓവറുകള്‍, 4 വലിയ പാലങ്ങള്‍, 13 ചെറിയ പാലങ്ങള്‍, 73 കലുങ്കുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈയിടെ ഉദ്ഘാടനം ചെയ്ത, നെടുമുടി - തകഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടഹാരം പാലവും കുട്ടനാടിന്‍റെ ഗതാഗത ശൃംഖലയ്ക്ക് വലിയ കരുത്താകും. കുട്ടനാടിന്‍റെ സമഗ്ര വികസനത്തിനായി 615 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്കും 132 കോടി രൂപയുടെ വീയപുരം മുളയ്ക്കാന്തുരുത്തി റോഡ് നിർമാണത്തിനും തുടക്കം കുറിച്ചിട്ടുമുണ്ട്. ഈ പുനരുജ്ജീവനം ആലപ്പുഴയുടെ മാത്രം അനുഭവമല്ല. ദേശീയപാതാ വികസനം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ കേന്ദ്ര സ്ഥാപനങ്ങള്‍ ഉപേക്ഷിച്ച കാലത്താണ് പത്തുവര്‍ഷം മുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണമേറ്റെടുക്കുന്നത്. ദേശീയ പാതാ അതോറിറ്റി അവരുടെ കേരളത്തിലെ ഓഫീസ് അടച്ചു പൂട്ടി പോയ കാലത്തു നിന്നും പത്തുവര്‍ഷം കൊണ്ട് നമ്മള്‍ ഏറെ മുന്നേറിയിരിക്കുകയാണ്.

ദേശീയപാത വികസനത്തിന് കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ പ്രാധാന്യം കാരണമാണ് കാലങ്ങളായി നിര്‍മാണ പ്രതിസന്ധിയില്‍ തുടര്‍ന്ന ബൈപാസ്സുകളായ കൊല്ലം, ആലപ്പുഴ, തലശ്ശേരി - മാഹി,വെങ്ങളം - രാമനാട്ടുകര ബൈപാസുകള്‍ ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. ദേശീയപാതയുടെ ആകെയുള്ള 678 കിലോമീറ്ററില്‍ 492 കിലോമീറ്റര്‍ പണി പൂര്‍ത്തിയായിരിക്കുകയാണ്. കേരളത്തിലെ ആദ്യ തുരങ്കപാത പദ്ധതിയുടെ പണിയും പുരോഗമിക്കുന്നു.


പത്തു വര്‍ഷം കൊണ്ട് പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുള്ള 29,573 കിലോമീറ്റര്‍ റോഡില്‍ ഏകദേശം 18,000 കിലോമീറ്റര്‍ റോഡുകള്‍ ഈ ഉയര്‍ന്ന നിലവാരത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞു. ഇപ്പോള്‍ 20000 കി മി റോഡ് റണ്ണിങ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ കൃത്യമായി അറ്റകുറ്റ പണികള്‍ നടത്തി നിലനിര്‍ത്താന്‍ കഴിയുന്നു. 2016-21 വരെ ഉണ്ടായിരുന്ന കാലയളവില്‍ 194 പാലങ്ങള്‍ നിർമിച്ച് പൂര്‍ത്തിയാക്കി. ഈ സര്‍ക്കാരിന്‍റെ കാലയളവില്‍, കിഫ്ബി പദ്ധതികളിലൂടെ 44 പാലങ്ങള്‍ ഉള്‍പ്പെടെ ആകെ 221പാലങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. പത്തു വര്‍ഷം കൊണ്ട് 415 പാലങ്ങള്‍. കഴിഞ്ഞ അഞ്ചു വര്‍ഷം മാത്രം 14 റെയില്‍വേ ഓവര്‍ബ്രിഡ്ജുകളും പണി പൂര്‍ത്തീകരിച്ചു.


അരൂക്കുറ്റിയിലെ വടുതലയെയും പെരുമ്പളം ദ്വീപിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പെരുമ്പളം - പാണാവള്ളി പാലം നാടിന് സമര്‍പ്പിച്ചത് ഈയടുത്താണ്. കിഫ്ബിയിലൂടെ 106 കോടി രൂപ വകയിരുത്തിയാണ് ഈ ബൃഹത്തായ പദ്ധതി സര്‍ക്കാര്‍ യാഥാർഥ്യമാക്കിയത്. മുഖ്യധാരയില്‍ നിന്നും അകന്നുപോകുമായിരുന്ന ഒരു ജനതയെ കൈപിടിച്ചുയര്‍ത്തുന്ന ഈ പാലം പെരുമ്പളം ദ്വീപിന്‍റെ ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ തുറന്നിടുകയാണ്. 2016 ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മലയോര ഹൈവേ, തീരദേശ ഹൈവേ എന്നീ രണ്ട് പ്രധാനപ്പെട്ട പദ്ധതികള്‍ മുന്നോട്ടുവച്ചു.


ആകെ 1179.45 കിലോമീറ്ററാണ് മലയോരഹൈവേ. അതില്‍ 473.42 കിലോമീറ്റര്‍ മലയോര ഹൈവേ പൂര്‍ത്തിയായി. കിഫ്ബി പദ്ധതിയില്‍ 793.68 കിലോമീറ്റര്‍ വികസിപ്പിക്കുന്നു. മലയോര ഹൈവേയ്ക്ക് ഡിപിആര്‍ സമര്‍പ്പിച്ച എല്ലാ സ്ട്രെച്ചിനും പൂര്‍ണ്ണമായും സാമ്പത്തികാനുമതി നല്‍കിയിട്ടുണ്ട്. കിഫ്ബി വഴി മാത്രം 243 കിലോമീറ്റര്‍ മലയോര ഹൈവേ യാഥാർഥ്യമായിക്കഴിഞ്ഞു. 537.29 കിലോമീറ്റര്‍ പ്രവൃത്തി പുരോഗമിക്കുന്നു. 3867.05 കോടി രൂപ ഇതുവരെ മലയോര ഹൈവേക്കായി അനുവദിച്ചു.


605 കിലോമീറ്റര്‍ ദൂരത്തില്‍ തീരദേശ പാതക്ക് അനുമതി നല്‍കി. ഇതില്‍ 507.865 കിലോമീറ്റര്‍ തീരദേശ പാത കിഫ്ബി വഴി വികസിപ്പിക്കുന്നു. മൂന്ന് റീച്ചുകള്‍ പൂര്‍ത്തിയാക്കി. അഴീക്കോട് മുനമ്പം പാലം നിർമാണം പുരോഗമിക്കുന്നു. 39 റീച്ചുകളില്‍ സ്ഥലം ഏറ്റെടുക്കല്‍ പ്രവൃത്തി പുരോഗമിക്കുകയാണ്. 5824 കോടി രൂപയുടെ സാമ്പത്തിക അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് തീര്‍ത്ത പ്രതിസന്ധി മറികടന്ന് സഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും സർവകാല റെക്കോര്‍ഡില്‍ നാം എത്തിയിരിക്കുകയാണ്. 2025 ല്‍ 2,58,80,365 സഞ്ചാരികളാണ് കേരളത്തില്‍ എത്തിയത്. 2023 മുതല്‍ തുടര്‍ച്ചയായി സഞ്ചാരികളുടെ എണ്ണം റെക്കോര്‍ഡ് ഭേദിക്കുകയാണ്. 2025 ഇല്‍ 50,000 കോടി രൂപയുടെ വരുമാനം ടൂറിസം മേഖലയില്‍ സാധ്യമായി. 2024 നെ അപേക്ഷിച്ച് 5000 കോടി രൂപയുടെ അധിക വരുമാനം.


ആലപ്പുഴയില്‍ തീരസംരക്ഷണത്തിലും കുട്ടനാട് പുനരുജ്ജീവനത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും കണ്ട ഈ മാറ്റങ്ങള്‍, കേരളം മുഴുവന്‍ കൈവരിച്ച സമഗ്ര പുരോഗതിയുടെ ഭാഗമാണ്. സംസ്ഥാനത്താകെ ക്ഷേമവും വികസനവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള ഈ ദിശ തുടരേണ്ടത് അനിവാര്യമാണ്. ഈ നേട്ടങ്ങള്‍ നിലനിര്‍ത്താനും കൂടുതല്‍ ശക്തിപ്പെടുത്താനും, ആലപ്പുഴയിലും കേരളമാകെയും എല്‍ഡിഎഫ് കൂടുതല്‍ കരുത്തോടെ വിജയിക്കേണ്ടത് കാലത്തിന്‍റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home