ad
Deshabhimani

ലോൺ ആപ്പ് ഭീഷണിയെപറ്റി അധ്യാപകര്‍ അറിയിച്ചിരുന്നില്ല: നിതിൻ്റെ അച്ഛൻ

Nithin raj family.jpg

നിധിൻരാജ് (ഇടത്), നിധിൻരാജിന്റെ മൃതദേഹത്തിന് മുന്നിലിരുന്ന വിങ്ങിപ്പൊട്ടുന്ന അച്ഛനും അമ്മയും (വലത്)

വെബ് ഡെസ്ക്

Published on Apr 13, 2026, 09:49 AM | 2 min read

തിരുവനന്തപുരം: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിധിൻരാജിന് ലോണാപ്പിൽ നിന്നുണ്ടായ ഭീഷണിയെപറ്റി അധ്യാപകര്‍ അറിയിച്ചിരുന്നില്ലെന്ന് അച്ഛൻ രാജൻ. അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി വീട്ടുകാർ അറിഞ്ഞു കൊണ്ടാണ് ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്തത്. അധ്യാപികയ്ക്ക് ലോൺ ആപ്പിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നെങ്കിൽ അക്കാര്യം വീട്ടുകാരെ അറിയിക്കാമായിരുന്നു. തനിക്ക് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെയാണ് ലോൺ മുടങ്ങിയതെന്നും അച്ഛൻ പറഞ്ഞു.


ലോൺ ആപ്പ് സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിൻ്റെ നിർണായക ചാറ്റുകളടക്കം പൊലീസ് കണ്ടെത്തി. ലോൺ മുടങ്ങിയതിനെ തുടർന്ന് നിതിന്റെ അധ്യാപികയെ സംഘം വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി തുടർന്നതോടെ അധ്യാപിക പൊലീസിൽ പരാതി നൽകി. അധ്യാപികയുടെ പരാതിയിൽ സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അധ്യാപിക കോളജ് പ്രിൻസിപ്പലിനും പരാതി നൽകിയിരുന്നു. നിതിൻ ആത്മഹത്യ ചെയ്ത ദിവസം പ്രിൻസിപ്പൽ നിധിനെ റൂമിലേക്ക് വിളിപ്പിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.


അധ്യാപകരിൽനിന്ന് കടുത്ത മാനസിക പീഡനവും ക്രൂരമായ ജാതി അധിക്ഷേപവുമാണ് നിതിൻ നേരിട്ടത്. ജാതി, നിറം, മാതാപിതാക്കളുടെ തൊഴിൽ, അസുഖം എന്നിവയുടെ പേരിൽ അധ്യാപകർ കളിയാക്കിയതും ഭീഷണിപ്പെടുത്തിയതും വ്യക്തമാക്കി നിധിൻ സഹപാഠികൾക്കയച്ച ശബ്ദസന്ദേശം പുറത്തുവന്നു. ‘പുഴുത്ത പട്ടിയെന്നും തെരുവ്‌ പട്ടിയെന്നും’ വിളിച്ച്‌ അധിക്ഷേപിച്ചു. ജാതിയുടെയും നിറത്തിന്റെയും പേരിൽ കളിയാക്കി. കെെയും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞതായും സ്റ്റാഫ് റൂം കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമെന്നും സന്ദേശത്തിലുണ്ട്‌.


സംഭവത്തിൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അധ്യാപക ഡോ. സംഗീത നമ്പ്യാർ എന്നിവരെ സസ്‌പെൻഡ്‌ ചെയ്‌തിട്ടുണ്ട്‌. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണയ്‌ക്ക്‌ കേസും എടുത്തിട്ടുണ്ട്‌. പട്ടികജാതി– പട്ടികവർഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയതായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി നിധിൻരാജ് അറിയിച്ചു. പ്രത്യേകസംഘം ര‍ൂപീകരിച്ച്‌ അന്വേഷണം ആരംഭിച്ചു. സഹപാഠികളിൽനിന്ന്‌ മൊഴിയെടുത്തു. പ്രതിസ്ഥാനത്തുള്ള അധ്യാപകരെ ചോദ്യം ചെയ്യും. ഫോൺ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്‌. മനുഷ്യവകാശ കമീഷനും സംസ്ഥാന യുവജന കമീഷനും സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.


വെള്ളി ഉച്ചവരെ നിധിൻ ക്ലാസിലുണ്ടായിരുന്നു. ഉച്ചയ്ക്കുശേഷമാണ് കോളേജ്‌ റിസപ്ഷനുപിന്നിലെ തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നരയോടെ മരിച്ചു. പോസ്സ്‌മോർട്ടത്തിന്‌ ശേഷം ഞായർ രാവിലെ ഏഴിന്‌ തിരുവനന്തപുരം കൊറ്റാമലയിലെ വാടക വീട്ടിൽ എത്തിച്ച നിധിന്റെ മൃതദേഹം കുന്നുനടയിലെ കുടുംബവീടിനുസമീപം പകൽ ഒന്നരയോടെ സംസ്‌കരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home