Deshabhimani

print edition അധ്യാപക–വിദ്യാർഥി അനുപാതത്തിലെ അശാസ്‌ത്രീയ കണക്ക്; സർക്കാർ സ്‌കൂളുകൾക്ക്‌ പൂട്ട്‌

Schools
avatar
ബിജോ ടോമി

Published on Nov 27, 2026, 01:54 AM | 2 min read

തിരുവനന്തപുരം : കുട്ടികൾ കുറവുള്ള വിദ്യാലയങ്ങൾ അടച്ചുപൂട്ടണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശം കേരളത്തിലും നടപ്പാക്കാൻ യുഡിഎഫ്‌ സർക്കാർ. എൽപിഎസ്‌ടി റാങ്കുകാരുടെ സമരവുമായി ബന്ധപ്പെട്ട് അധ്യാപക–വിദ്യാർഥി അനുപാതം സംബന്ധിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച അശാസ്‌ത്രീയ കണക്കുകൾ ഇതിന്റെ ചുവടുപിടിച്ചുള്ളതാണ്‌. ‘കേരളത്തിലെ മൊത്തം സര്‍ക്കാര്‍ എല്‍പി സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണം മൂന്നരലക്ഷവും അധ്യാപകരുടെ എണ്ണം 18,856 ഉം ആണ്. ഇതനുസരിച്ച്‌ എല്‍പി സ്‌കൂളിലെ കുട്ടികളുടെയും നിലവിലുള്ള അധ്യാപകരുടെയും അനുപാതം 1:19 ആണ്‌’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.


സംസ്ഥാന രൂപീകരണം മുതൽ ക്ലാസടിസ്ഥാനത്തിലാണ് കേരളത്തിൽ അനുപാതം കണക്കാക്കുന്നത്. ആകെ സ്‌കൂൾ കുട്ടികളുടെയും അധ്യാപകരുടെയും എണ്ണമെടുത്ത്‌ അനുപാതം കണക്കാക്കുന്നത്‌ അശാസ്‌-ത്രീയവും വിദ്യാർഥി വിരുദ്ധവുമായതിനാലാണ് ക്ലാസടിസ്ഥാനത്തിൽ ഈ അനുപാതം നിശ്ചയിച്ചുവന്നത്. ഇതുപ്രകാരം എൽപി സ്കൂളിൽ 30:1, യുപി സ്‌കൂളിൽ 35:1, ഹൈസ്‌കൂളുകളിൽ 45:1 എന്നിങ്ങനെയാണ്‌ അനുപാതം.


പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടണമെന്ന ധവളപത്രത്തിലെ നിർദേശം നടപ്പാക്കുന്നതിനുള്ള പൊതുബോധ നിർമിതിക്കുവേണ്ടിയാണ്‌ മുഖ്യമന്ത്രിയുടെ കള്ളപ്രചാരണം. 2002ൽ ആന്റണി സർക്കാർ കുട്ടികൾ കുറഞ്ഞ 2466 ‘അൺ-ഇക്കണോമിക്' സ്‌-ക‍ൂളുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരും പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയടക്കം എൽഡിഎഫ് സർക്കാരാണ്‌ ഇ‍ൗ വിദ്യാലയങ്ങളെ മികവിലേക്ക്‌ ഉയർത്തുകയും നിലനിർത്തുകയും ചെയ്‌തത്‌. മുൻ യുഡിഎഫ്‌ സർക്കാരുകളുടെ വഴിയിലാണ്‌ ഇപ്പോഴത്തെ സർക്കാരിന്റെയുംസഞ്ചാരം. അനുപാതം കുറവെന്ന്‌ കാണിക്കാൻ എയ്‌ഡഡ്‌ സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം മുഖ്യമന്ത്രി മറച്ചുവച്ചു. എൽപി വിഭാഗത്തിൽ സംസ്ഥാനത്തെ എയ്‌ഡഡ്‌ സ്‌കൂളുകളിൽ 6,11,533 വിദ്യാർഥികളും 24,760 അധ്യാപകരുമുണ്ട്‌. മുഖ്യമന്ത്രി കണക്കാക്കിയ രീതി അനുസരിച്ചെങ്കിൽ എയ്‌ഡഡ്‌ സ്‌കൂളുകളിലെ അനുപാതം 1:25 ആകും. അൺഎയ്‌ഡഡിലെ കണക്കെടുത്താൽ അനുപാതം ഇതിലും ഉയരും.


സർക്കാർ വിദ്യാലയങ്ങളിലേക്ക്‌ കുട്ടികളെ ആകർഷിച്ച്‌ പൊതുവിദ്യാഭ്യാസമേഖലയെ ശക്‌തിപ്പെടുത്തുന്നതിനുപകരം നഷ്‌ടക്കണക്കുനിരത്തി കോർപറേറ്റുകൾക്ക്‌ തണലൊരുക്കാനാണ്‌ സർക്കാർ ശ്രമം. പത്തുവർഷത്തിനിടെ ഒരു ലക്ഷത്തോളം സർക്കാർ വിദ്യാലയങ്ങളാണ് രാജ്യത്തെ കോൺഗ്രസ്‌,- ബിജെപി സർക്കാരുകൾ അടച്ചുപൂട്ടിയത്. സ്വകാര്യ സ്‌ക‍ൂളുകളുടെ എണ്ണം നാല്‌ ശതമാനം വർധിക്കുകയുംചെയ്തു.


അധ്യാപക നിയമനത്തിനും മരണമണി


തിരുവനന്തപുരം : കേരളത്തിലെ അധ്യാപക – വിദ്യാർഥി അനുപാതം വളരെ കുറവാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്‌താവന യുവാക്കളോടുള്ള വഞ്ചന. അധ്യാപകർ കൂടുതലാണെന്ന പ്രചാരണം നടത്തി, നിയമനം അട്ടിമറിക്കാനാണ്‌ നീക്കം. എൽപി സ്‌കൂളുകളിൽ അധ്യാപകരുടെ എണ്ണം പെരുപ്പിച്ചുകാട്ടുന്നത്‌ ഇനി നിയമനങ്ങളുണ്ടാകില്ല എന്ന സൂചനയാണ്‌. എയ്‌ഡഡ്‌ മേഖലയിലെ നിയമനങ്ങളിൽ സർക്കാരിന്‌ മ‍ൗനമാണ്‌. ഇ‍ൗ മേഖലയിൽ നിയമനം പിഎസ്‌സി വഴിയല്ല എന്നതിനാൽ അവിടേയ്‌ക്കും പ്രതീക്ഷ വേണ്ട.

സമരം ചെയ്യുന്ന റാങ്ക്‌ ഹോൾഡർമാരെ മാത്രമല്ല, ജോലിക്കായി കാത്തിരിക്കുന്നവരേയും സർക്കാർ ചതിക്കുകയാണ്‌. തെരഞ്ഞെടുപ്പിനുമുമ്പ്‌ യുഡിഎഫ്‌ നൽകിയ ഉറപ്പ്‌ പാലിക്കണമെന്നാണ്‌ എൽപിഎസ്‌ടി റാങ്ക്‌ ഹോൾഡർമാരുടെ പ്രധാന ആവശ്യം. വാഗ്‌ദാനലംഘനത്തിനൊപ്പം വിവിധ പദ്ധതികളിൽ അധ്യാപകരെ താൽക്കാലികമായി നിയമിക്കാനാണ്‌ നീക്കം. പിഎസ്‌സി റാങ്ക്‌ലിസ്‌റ്റ്‌ ചുരുക്കുന്നതോടെ ഒഴിവുകൾ റിപ്പോർട്ടുചെയ്യില്ല. ദീർഘകാലം ഒഴിഞ്ഞുകിടക്കുന്ന തസ്‌തിക ക്രമേണ ഇല്ലാ
താക്കാം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home