print edition ലക്ഷ്യം പിണറായി; നോട്ടം രാഷ്‌ട്രീയ ലാഭം

പ്രത്യേക ലേഖകൻ
Published on Sep 10, 2026, 01:30 AM | 1 min read
തിരുവനന്തപുരം: ഇന്റെറിം സെറ്റിൽമെന്റ് ബോർഡ്, എസ്‌എഫ്‌ഐഒ ഉത്തരവുകളിലെ പരാമർശങ്ങൾ വന്ന ഘട്ടങ്ങളിലൊക്കെ ഇതിനുപിന്നിലെ രാഷ്‌ട്രീയ അജൻഡ സിപിഐ എം കൃത്യമായി വ്യക്തമാക്കിയിരുന്നു. വീണയുടെ കമ്പനിയുടെ പേര് പറഞ്ഞ് പിണറായി വിജയനെ സൂചിപ്പിച്ചത് കേസിൽപ്പെടുത്താനുള്ള ആസൂത്രണമാണെന്ന് ‘മാസപ്പടി വാർത്തകൾ’ വന്നപ്പോൾത്തന്നെ പറഞ്ഞു. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ അപകീർത്തിപ്പെടുത്തുക വഴി സിപിഐ എമ്മിനെ ദുർബലപ്പെടുത്താനാണ് നീക്കമെന്നും വ്യക്തമാക്കി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കാലത്ത്, 2023 ആഗസ്‌ത് മുതലാണ് മാസപ്പടി എന്ന പേരിൽ കള്ളപ്രചാരണം തുടങ്ങിയത്. നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും അക്കാലത്തുതന്നെ നിലപാടെടുത്തു.
സുതാര്യമായ കരാറിന്റെ അടിസ്ഥാനത്തിൽ ബാങ്ക് മുഖേന നടന്ന പണമിടപാടുകളെയാണ് മാസപ്പടിയാക്കി മാധ്യമങ്ങൾ ചിത്രീകരിച്ചത്. കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കഴിച്ച് മരിക്കുമെന്ന് പ്രഖ്യാപിച്ച മലയാള മനോരമയിൽനിന്ന് നിന്ദ്യമായ നടപടി വന്നതിൽ അത്ഭുതപ്പെടേണ്ടതില്ലെന്നും സിപിഐ എം പ്രസ്‌താവനയിൽ വ്യക്തമാക്കിയിരുന്നു. രാഷ്‌ട്രീയ പ്രവർത്തകരുടെ മക്കൾക്ക് നിയമാനുസൃതമായ ഏത് തൊഴിലും ചെയ്യുന്നതിന് മറ്റെല്ലാ പൗരന്മാർക്കുമെന്നപോലെ അവകാശമുണ്ട്. വീണ തുടങ്ങിയ കൺസൾട്ടിങ് കമ്പനിയുടെ പ്രവർത്തനങ്ങളെല്ലാം സുതാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ ഉണ്ടായിട്ടില്ലെന്ന് പണം നൽകിയ കമ്പനിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിയോഗികളെ വേട്ടയാടാൻ കേന്ദ്ര സർക്കാരും വിവിധ കേന്ദ്ര ഏജൻസികളും കുടുംബാംഗങ്ങൾക്കുനേരെ തിരിയുന്ന രീതിക്കെതിരെയും സിപിഐ എം ശക്തമായി പ്രതികരിച്ചു.









0 comments