ad
Deshabhimani

സ്വപ്‌നപാത തയ്യാർ: തലപ്പാടി - –ചെങ്കള റീച്ച് ദേശീയപാത അതോറിറ്റി ഏറ്റെടുത്തു

HIGHWA

ദേശീയപാത ആദ്യ റീച്ചിൽ തലപ്പാടിക്കും കുഞ്ചത്തൂരിനും ഇടയിലുള്ള കാഴ്‌ച

avatar
പി പി സതീഷ്‌കുമാർ

Published on Oct 05, 2025, 07:19 AM | 1 min read

കാസർകോട്: ദേശീയപാത ഒന്നാം റീച്ചായ തലപ്പാടി – - ചെങ്കള 39 കിലോമീറ്റർ ആറുവരിപ്പാതയുടെ നിർമാണ പ്രവൃത്തി പൂർത്തിയാക്കി ദേശീയപാത അതോറിറ്റി ഏറ്റെടുത്തു. ദേശീയപാത 66ൽ നിർമാണം പൂർത്തിയാകുന്ന ആദ്യ റീച്ചാണിത്. സഹകരണമേഖലയുടെ അഭിമാനമുദ്രയായ ഉ‍ൗരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസെറ്റിയാണ് ശതാബ്ദി വർഷത്തിൽ 1800 കോടി രൂപ അടങ്കലുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി ലോകോത്തര നിലവാരത്തിൽ പൂർത്തിയാക്കിയത്.

വൻകിട കുത്തക കമ്പനികളായ അദാനി, മേഘ, കെ എൻ ആർ, കെ എംസി തുടങ്ങിയ കമ്പനികൾക്കൊപ്പമാണ്‌ ഊരാളുങ്കലിനും കരാർ ലഭിച്ചത്‌. 2021 ഡിസംബറിലാണ്‌ ഊരാളുങ്കൽ പ്രവൃത്തി ആരംഭിച്ചത്‌. ഡിസൈനിങ്ങിലെ മാറ്റങ്ങളും അധിക പ്രവൃത്തികളും നീണ്ടുനിന്ന മഴക്കാലവും ഉൾപ്പെടെയുള്ള പ്രതിബന്ധങ്ങൾ മറികടന്നാണ് അതിവേഗം പ്രവൃത്തി പൂർത്തിയാക്കിയത്‌. ദേശീയപാതാ വികസന അതോറിറ്റി നിശ്‌ചയിച്ച സമയപരിധിയായ 2025 ജൂൺ 30നകം 99 ശതമാനം പ്രവൃത്തിയും ഊരാളുങ്കൽ പൂർത്തിയാക്കിയിരുന്നു. മറ്റ് 19 റീച്ചുകളിലും നിർമാണം പൂർത്തിയാകാൻ ഇനിയും മാസങ്ങളെടുക്കും.

​ഇന്ത്യയിലെതന്നെ ഏറ്റവും ഉയരവും വീതിയുമുള്ള ഒറ്റത്തൂൺ മേൽപ്പാലമാണ്‌ കാസർകോട്‌ നഗരത്തിലേത്‌. 27 മീറ്റർ വീതിയും 1.12 കിലോമീറ്റർ ദൈർഘ്യവും ഉണ്ടിതിന്‌.

30 ഒറ്റത്തൂണുകളിലാണ് ഇത് പണിതത്. ഉപ്പള, ഷിറിയ, കുമ്പള, മൊഗ്രാൽ എന്നിവിടങ്ങളിലായി നാല് വലിയ പാലങ്ങളും നാല് ചെറുപാലങ്ങളും ഈ റീച്ചിൽ ഉൾപ്പെടുന്നു. ഒമ്പത് അടിപ്പാത, മൂന്ന് മേൽ നടപ്പാലം, 81 ബോക്സ് കൽവർട്ട് എന്നിവയും ഇതിലുണ്ട്. ഇരുഭാഗത്തും 35 കിലോമീറ്റർ വീതം 70 കിലോമീറ്ററിലാണ് സർവീസ്‌ റോഡ്. 78 കിലോമീറ്റർ ഓവുചാലും നിർമിച്ചു. 60 കിലോമീറ്ററിലാണ്‌ സംരക്ഷണ ഭിത്തി.

ഉമ്മൻചാണ്ടി സർക്കാർ സ്ഥലമെടുപ്പിനായി തുറന്ന ഓഫീസ്‌ ഉൾപ്പെടെ പൂട്ടിപ്പോയ സമയത്താണ്‌ എൽഡിഎഫ്‌ സർക്കാർ ദേശീയപാതവികസനം യാഥാർഥ്യമാക്കിയത്‌.

സ്ഥലമെടുപ്പിനുള്ള 25 ശതമാനം തുക സംസ്ഥാന സർക്കാർ കൈമാറി. സ്ഥലമെടുപ്പിനായി 5 ,580 കോടി രൂപയാണ് ദേശീയപാത അതോറിറ്റിക്ക് കേരളം കൈമാറിയത്. സുരക്ഷിതവും വേഗത്തിലുമുള്ള യാത്ര ഉറപ്പാക്കുന്ന ആറുവരിപ്പാതയിൽ ഉടനീളം 24 മണിക്കൂർ നിരീക്ഷണ സംവിധാനവുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home