വികസന പ്രവർത്തനങ്ങളിൽ സുസ്ഥിരമായ മാതൃകകൾ ആവശ്യമാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം: വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നിർമിച്ച പച്ചത്തുരുത്തുകളിൽ മികച്ചവയ്ക്കുള്ള പുരസ്‌കാരങ്ങളുടെ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പരിസ്ഥിതി സംരക്ഷണ രംഗത്ത് കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പുരസ്‌കാരങ്ങൾ പ്രചോദനമായി മാറട്ടെയെന്നും പുരസ്‌കാര ജേതാക്കളുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് മാതൃകയായിത്തീരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന പ്രവർത്തനങ്ങളിൽ പുതിയ ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ സുസ്ഥിരമായ മാതൃകകൾ ആവശ്യമാണ്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വച്ചുകൊണ്ടാണ് നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന് രൂപം നൽകിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടോളം രാജ്യത്തിനാകെ മാതൃകയാകുന്ന പല പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ ഹരിത കേരളം മിഷന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുഴകളും നീർച്ചാലുകളും വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന 'ഇനി ഞാനൊഴുകട്ടെ' എന്ന ജനകീയ ക്യാമ്പയിൻ ഇതിനകംതന്നെ പ്രകടമായ ഗുണഫലങ്ങളാണ് സൃഷ്ടിച്ചത്.
രണ്ടുഘട്ടങ്ങളിലായി ആവർത്തിച്ചു വൃത്തിയാക്കിയ ഇടങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് 92,429 കി.മീ. ദൂരം നീർച്ചാലുകൾ ശുചീകരിച്ച്, സുഗമമായ നീരൊഴുക്ക് പുനഃസ്ഥാപിച്ചു. 412 കി.മീ. നീളത്തിൽ പുഴകൾ ശുചീകരിച്ചു.
29,254 കുളങ്ങൾ പുനരുജ്ജീവിപ്പിച്ചു. 24,645 കുളങ്ങൾ നിർമ്മിച്ചു. 737 സ്ഥിരം തടയണകളും 76,123 താൽക്കാലിക തടയണകളും നിർമ്മിച്ചു. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ലഘൂകരിക്കാനായി പശ്ചിമഘട്ട പ്രദേശങ്ങളിൽ നീർച്ചാൽ മാപ്പിംഗ് നടത്തി നീരൊഴുക്ക് വീണ്ടെടുക്കുന്ന 'സുരക്ഷിതമാക്കാം പശ്ചിമഘട്ടം' ക്യാമ്പയിൻ പ്രവർത്തനങ്ങളും പ്രത്യേക പരാമർശമർഹിക്കുന്നു. അതോടൊപ്പമാണ് മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കേരളം മിഷൻ നടത്തുന്ന മറ്റു പ്രവർത്തനങ്ങളും ശ്രദ്ധേയമാകുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷ-ഫലങ്ങൾ കുറയ്‌ക്കാനും ആഗോള താപനത്തെ ചെറുക്കാനുമുള്ള പ്രായോഗിക ഇടപെടലിന്റെ ഫലമാണ് പച്ചത്തുരുത്തുകളെന്നും ജനകീയ പങ്കാളിത്തത്തോടെ 2050 ൽ നെറ്റ് സീറോ കാർബൺ സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മികച്ച പച്ചത്തുരുത്തുകൾക്കുള്ള പുരസ്കാരം മുഖ്യമന്ത്രി വിതരണം ചെയ്തു. ഹരിതകേരളത്തിന്റെ മികവാർന്ന പച്ചത്തുരുത്തുകൾ സമാഹാരവും പ്രകാശിപ്പിച്ചു. നിരീക്ഷണ വകുപ്പ് പദ്ധതി നിർവഹണ വിലയിരുത്തൽ സെക്രട്ടറി എസ് ഹരികിഷോർ പുസ്തകം ഏറ്റുവാങ്ങി.
ചടങ്ങിൽ മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. എ എ റഹിം എംപി, ആന്റണി രാജു എംഎല്‍എ, പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ ജിജു പി അലക്സ്, പുരസ്കാര നിര്‍ണയ സമിതി ചെയര്‍പേഴ്സണ്‍ പ്രൊഫ. ഇ കുഞ്ഞികൃഷ്ണൻ, ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി എൻ സീമ, അഡീഷണല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ. ജെ ജസ്റ്റിൻ മോഹൻ, കില ഡയറക്ടര്‍ ജനറല്‍ നിസാമുദീൻ, എംജിഎൻആര്‍ഇജിഎസ് മിഷൻ ഡയറക്ടര്‍ ഡി രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.










0 comments