സമരക്കാർ വീട്ടിലെത്തി ക്ഷണിച്ചെന്ന് സുരേഷ് ഗോപി; ആശാസമരം കേന്ദ്രത്തെ വെള്ളപൂശാൻ


സ്വന്തം ലേഖകൻ
Published on Mar 25, 2025, 12:00 AM | 1 min read
തിരുവനന്തപുരം : എസ്‌യുസിഐ നേതൃത്വത്തിൽ ആശമാരുടെ പേരുപറഞ്ഞ് നടത്തുന്ന സമരം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് വ്യക്തമാക്കി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വെളിപ്പെടുത്തൽ. തന്നെ വീട്ടിലെത്തി ക്ഷണിച്ചതുകൊണ്ടാണ് സമരപ്പന്തലിൽ പോയതെന്നാണ് ഞായറാഴ്‌ച അദ്ദേഹം പറഞ്ഞത്.
കേന്ദ്ര സർക്കാരിന്റെ പദ്ധതിയിലെ ആനുകൂല്യ വർധനവിനായി നടത്തുന്ന സമരപ്പന്തലിലേക്ക് ആ സർക്കാരിന്റെ പ്രതിനിധിയെതന്നെ വീട്ടിലെത്തി ക്ഷണിക്കുക എന്ന വിരോധാഭാസമാണ് പുറത്തായത്. സമരപ്പന്തലിലെത്തിയ സുരേഷ് ഗോപിയാകട്ടെ, സംസ്ഥാന സർക്കാരിനെതിരെ മാത്രമാണ് സംസാരിച്ചതും.
എസ്‌യുസിഐയുടെ സമരം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്നത് ആദ്യംമുതൽതന്നെ വ്യക്തമായിരുന്നു. നിലവിൽ ആശമാർക്ക് മാനദണ്ഡങ്ങളില്ലാതെ ലഭിക്കുന്ന 10,000 രൂപയിൽ 8200 രൂപയും സംസ്ഥാന സർക്കാരാണ് നൽകുന്നത്.
എൽഡിഎഫ് സർക്കാർ 2016ൽ അധികാരത്തിലെത്തുമ്പോൾ 1000 രൂപയായിരുന്ന ഓണറേറിയമാണ് പടിപടിയായി 7000 രൂപയായി വർധിപ്പിച്ചത്. എന്നാൽ, മൂന്നു ടേമായി തുടർച്ചയായി ഭരിക്കുന്ന കേന്ദ്ര ബിജെപി സർക്കാർ നാളിതുവരെ ഒരു രൂപപോലും വർധിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെയാണ് സമരം നടത്തേണ്ടിയിരുന്നത്. എന്നാൽ ആ സർക്കാരിനെ വെള്ളപൂശുന്ന നിലപാടാണ് എസ്‌യുസിഐ നേതൃത്വം ആദ്യം മുതൽ സ്വീകരിച്ചത്.
സമരം തദ്ദേശതെരഞ്ഞെടുപ്പുവരെ തുടരുമെന്നുമുള്ള നേതൃത്വത്തിന്റെ പ്രഖ്യാപനവും ‘സമരലക്ഷ്യം’ മറയില്ലാതെ വെളിപ്പെടുത്തിയിരുന്നു. ആരോഗ്യ മന്ത്രി അടക്കമുള്ളവർ സമരക്കാരുമായി ചർച്ച നടത്തി സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയെങ്കിലും സമരം തുടരുകയാണ്. ഐഎൻടിയുസി, സിഐടിയു, എസ്‌ടിയു അടക്കമുള്ള കേന്ദ്ര തൊഴിലാളി സംഘടനകളുടെ പിന്തുണയും ഈ സമരത്തിനില്ല.










0 comments